നടൻ,സംവിധായകൻ,തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളത്തിന്റെ പ്രിയ കലാകാരനാണ് അനൂപ് മേനോൻ.ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തൻറെ അഭിനയം പ്രേക്ഷകരിൽ എത്തിക്കാനും തൻറെ എഴുത്തിലൂടെ നിലപാടുകളും, കാഴ്ചപ്പാടുകളും സമൂഹത്തോട് പറയാനും അനൂപ് മേനോൻ എപ്പോഴും ശ്രമിക്കാറുണ്ട്.ഇപ്പോഴിതാ തൻറെ ഒരു സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ ഈ പ്രിയ താരം.ബിഎംഡബ്ല്യൂ എക്സ് 7 ആണ് അനൂപ് മേനോൻ സ്വന്തമാക്കിയത്.ഭാര്യ ക്ഷേമയ്ക്ക് ഒപ്പമെത്തിയാണ് അനൂപ് വാഹനം ഏറ്റുവാങ്ങിയത്.
ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഫ്ളാഗ്ഷിപ്പ് എസ്.യു.വി ആണ് X7.ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച X7 ന്റെ മുഖം മിനുക്കിയ പതിപ്പാണ് അനൂപ് മേനോൻ കൊച്ചിയിലെ ബി.എം.ഡബ്ല്യുവിന്റെ വിതരണക്കാരായ ഇ.വി.എം ഓട്ടോക്രാഫ്റ്റിൽ നിന്നും സ്വന്തമാക്കിയത്.ഡീലർഷിപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ അനൂപ് മേനോൻ വാഹനത്തിൻറെ താക്കോൽ കൈപ്പറ്റുന്ന വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.1.22 കോടി രൂപ മുതൽ 1.24 രൂപവരെ വിലമതിക്കുന്ന ബിഎംഡബ്ല്യൂ എക്സ് 7 ൻറെ ടോപ്പ് മോഡലാണ് അനൂപ് മേനോൻ സ്വന്തമാക്കിയിരിക്കുന്നത്.
3.0 ലിറ്റർ പെട്രോൾ,ഡീസൽ എൻജിനുകളിൽ വിപണിയിൽ ലഭ്യമായ എക്സ് 7 ൻറെ പെട്രോൾ എൻജിൻ മോഡൽ 381 ബി.എച്ച്.പി പവറും 520 എൻ.എം ടോർക്കുമാണ് നൽകുന്നത്.340 ബി.എച്ച്.പി പവറും 700 എൻ.എം ടോർക്കുമാണ് ഡീസൽ എൻജിൻ നൽകുക.രണ്ടു എൻജിൻ വാഹനങ്ങളും ഏകദേശം 6 സെക്കൻഡിൽ കുറഞ്ഞ സമയം കൊണ്ട് നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ളതാണ്.ഏകദേശം 1.57 കോടിയോളം ആണ് എക്സ് 7 ൻറെ ഓൺറോഡ് വില.ജഗ്വാർ എക്സ്.ജെ,ഔഡി ക്യൂ7, ബി.എം.ഡബ്ല്യു സെവൻ സീരീസ് തുടങ്ങിയ വാഹനങ്ങളും അനൂപ് മേനോന്റെ ഗ്യാരേജിൽ ഉണ്ട്.
ടിവി സീരിയലുകളിലൂടെ അഭിനയരംഗത്ത് എത്തിയ അനൂപ് മേനോൻ 2002ൽ പുറത്തിറങ്ങിയ കാട്ടുചെമ്പകം എന്ന വിനയൻ ചിത്രത്തിലൂടെയാണ് സിനിമ ലോകത്ത് എത്തുന്നത്.പിന്നീട് നിരവധി ചിത്രങ്ങളിലൂടെ നായകനായും സഹ നായകനായും തിളങ്ങിയ അദ്ദേഹം പത്മ,കിംഗ്ഫിഷ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്.2008ൽ തിരക്കഥ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും 2014ൽ വിക്രമാദിത്യൻ,1983 എന്നീ ചിത്രങ്ങളിലൂടെ മികച്ച സഹനടനുള്ള ഫിലിം ഫെയർ പുരസ്കാരവും അനൂപ് മേനോൻ നേടിയിട്ടുണ്ട്.മലയാളത്തിൽ എഴുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ച അനൂപ് മേനോൻ പതിനഞ്ചോളം ചിത്രങ്ങൾക്ക് തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്.