ഇന്ത്യയിലെ വിവിധ ഭാഷകളിലെ,വിവിധ ഫിലിം ഇൻഡസ്ട്രികളിലെ താരങ്ങളുടെ ക്രിക്കറ്റ് കൂട്ടായ്മയാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്.മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളുടെ ക്രിക്കറ്റ് ക്ലബ് ആണ് കേരള സ്ട്രൈക്കേഴ്സ്.സിസിഎല്ലിന്റെ ഏറ്റവും പുതിയ ഈ സീസണിൽ ഒരുപിടി മാറ്റങ്ങളുമായി മുഖം മിനുക്കി സി 3 കേരള സ്ട്രൈക്കേഴ്സ് എന്ന പേരിലാണ് മലയാള താരങ്ങൾ ഇറങ്ങിയത്.മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനാണ് ടീമിൻറെ ക്യാപ്റ്റൻ.എന്നാൽ സിസിഎല്ലിൽ ഇത്തവണത്തെ മലയാളി താരങ്ങളുടെ പ്രകടനം അത്ര മികച്ചത് ആയിരുന്നില്ല.ടീം മോശം ഫോമിൽ തുടരുമ്പോഴും ഒരുപിടി വിവാദങ്ങളും ഒപ്പം ഉയർന്നിരുന്നു
തങ്ങൾക്ക് കേരള സ്ട്രൈക്കേഴ്സുമായി ബന്ധമില്ലെന്ന നിലപാടിൽ താര സംഘടന അമ്മ രംഗത്ത് എത്തിയിരുന്നു.എന്നാൽ ഇപ്പോൾ ഇത്തരം വിവാദങ്ങളെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടീമിലെ അംഗവും നടനുമായ അർജുൻ നന്ദകുമാർ. ഫേസ്ബുക്കിലൂടെയാണ് അർജുന്റെ വിശദീകരണ കുറിപ്പ്.ഈ പോസ്റ്റ് സിസിഎല്ലിനെ പറ്റിയുള്ളതാണ്. അതിനെ പറ്റി അറിയാൻ താത്പര്യം ഉള്ളവർ മാത്രം വായിക്കുക.സെലിബ്രിറ്റി ടൂർണമെന്റ് ഫെബ്രുവരി 18 നു തുടങ്ങിയ കാര്യം കുറച്ചു പേരെങ്കിലും അറിഞ്ഞു കാണുമല്ലോ.മലയാളത്തിന്റെ ക്രിക്കറ്റ് ടീമായ കേരള സ്ട്രൈക്കേഴ്സ് 2012 തൊട്ടുള്ള എല്ലാ സീസണിലും പങ്കെടുക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കുറച്ചു വിവാദങ്ങളും ടീമിന്റെ പ്രകടനത്തെയും ടീം സെലക്ഷനെയും സംബന്ധിച്ചും ഒരുപാട് മെസേജസും കുറച്ചു അഭിപ്രായങ്ങളും കണ്ടു.2013 തൊട്ടു ഈ ടീമിലെ ഒരു അംഗം എന്ന നിലയിൽ എനിക്ക് അറിയാവുന്നതും മനസ്സിലായതുമായ കുറച്ചു കാര്യങ്ങൾ നിങ്ങളോട് പങ്കു വെക്കണം എന്നു തോന്നി.ചോദ്യോത്തരങ്ങൾ ആയി തന്നെ അറിയിക്കാം എന്നു കരുതുന്നു.സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന നടൻമാരുടെ ക്രിക്കറ്റ് ടൂർണമെന്റാണു സിസിഎല്‍. പ്രൊഫഷണൽ അല്ല.തികച്ചും എന്റര്ടെയ്ൻമെന്റ് ആണു ഉദേശം.ഒരുപാട് ചാരിറ്റി പ്രോഗാമുകൾ നടക്കുന്നുണ്ട്.സിസിഎല്‍ ഒഫിഷ്യല്‍ സൈറ്റ് നോക്കാവുന്നതാണ്.എന്തിനാണ് സിസിഎൽ ഇതുകൊണ്ട് സമൂഹത്തിന് എന്താണ് ഗുണം?,എന്ന ചോദ്യത്തിനാണ് ആദ്യം അർജുന്റെ ഈ മറുപടി.
പ്രൊഫഷണൽ ക്രിക്കറ്റിങ്ങ് ചരിത്രം ഉള്ളവർക്ക് കളിക്കാൻ പറ്റില്ല.അതുകൊണ്ട് സിസിഎല്‍ അവർക്ക് വിലക്കേർപ്പെടുത്തി.എല്ലാ ടീമിലും ഇതു പോലെ വിലക്കുകൾ ഉണ്ട്.ഇത്തരത്തിൽ ആയിരുന്നു മുൻപ് ടീമിൽ ഉണ്ടായിരുന്ന ചില താരങ്ങൾ ഇപ്പോൾ ഇല്ലാത്തതിനെ പറ്റി അർജുന്റെ മറുപടി. ബാക്കിയുള്ള ചില താരങ്ങൾ കളിക്കാത്തത് അവരുടെ ഷൂട്ടിംഗ് തിരക്കുകൾ കൊണ്ടാണെന്നും വ്യക്തമാക്കി.ഈ വർഷം കേരള സ്ട്രൈക്കേഴ്സ് കരാർ പുതുക്കിയത് സി 3 ക്ലബ്ബുമായാണ്.ടീമിലെ അംഗങ്ങൾ ഭൂരിഭാഗവും അമ്മ അംഗങ്ങളാണ് ഇതല്ലാതെ മറ്റെന്തെങ്കിലും പ്രശ്നമുള്ളതായി തനിക്കറിവില്ല.അർജുൻ പറയുന്നു.ടീമിൻറെ റിസൾട്ട് നിരാശരാണ്.എങ്കിലും പരിശ്രമം തുടരും,എപ്പോഴും കൂടെ നിന്നിട്ടുള്ള എല്ലാവർക്കും നന്ദി,സ്നേഹം. ഇത്തരത്തിൽ ആയിരുന്നു അർജുൻ കുറിപ്പ് അവസാനിപ്പിച്ചത്.