ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ താരങ്ങളായി മാറിയവരിൽ ഒരാളാണ് നൂറിൻ ഷെരീഫ്. ആദ്യം പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകളിലൂടെ പ്രിയ വാര്യർ ആയിരുന്നു തരംഗം തീർത്തതെങ്കിൽ പിന്നീട് സിനിമ റിലീസ് ചെയ്ത ശേഷം നൂറിൻ ഷെരീഫ് ആയിരുന്നു താരമായി മാറിയത്. നേരത്തെ നൂറിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ സിനിമയായിരുന്നു അഡാർ ലവ്. എന്നാൽ പ്രിയയ്ക്ക് ലഭിച്ച ജനപ്രീതി കാരണം തുല്യ പ്രാധാന്യമുള്ള വേഷമാക്കി മാറ്റുകയായിരുന്നു. എന്നാൽ ആ സിനിമയ്ക്ക് ശേഷം അധികം സിനിമകളിൽ ഒന്നും നൂറിനെ പ്രേക്ഷകർ കണ്ടിരുന്നില്ല. അതേസമയം സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും മറ്റും പങ്കുവെച്ച് എത്താറുണ്ടായിരുന്നു.
ഒടുവിൽ കഴിഞ്ഞവർഷം അവസാനം താരം ഒരു അപ്രതീക്ഷിത പ്രഖ്യാപനവുമായി എത്തിയതോടെയാണ് നൂറിൻ വീണ്ടും വാർത്തകളിൽ ഒക്കെ ഇടം നേടുന്നത്. തന്റെ വിവാഹനിശ്ചയത്തിന്റെ വിശേഷമായിരുന്നു നൂറിൻ പങ്കുവെച്ചത്. നിശ്ചയത്തിന് മാസങ്ങൾക്ക് മുൻപ് താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. പക്ഷേ വരൻ ആരാണെന്ന് പറഞ്ഞിരുന്നില്ല. നിശ്ചയത്തിനു ദിവസങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയ പേജിലൂടെ ഫഹിനൂർ എന്ന പേരിൽ തൻറെ വിവാഹനിശ്ചയത്തിന്റെ ഒരുക്കങ്ങൾ നടി കാണിച്ചു. എന്നാൽ ഇതുതൻ്റെ വിവാഹനിശ്ചയമാണെന്ന് പറയുകയോ വരനെ പരിചയപ്പെടുത്തുകയോ ചെയ്തിരുന്നില്ല. ഒടുവിൽ വിവാഹനിശ്ചയത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വരൻ നടൻ ഫാഹിൻ സഫർ ആണെന്ന് അറിയുന്നത്.
പതിനെട്ടാം പടി, ജൂൺ, മധുരം തുടങ്ങിയ സിനിമകളിലൂടെ ഫഹീമും പ്രേക്ഷകർക്ക് സുപരിചിതനാണ്. റിസോർട്ടിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇപ്പോൾ ഇതാ പുതിയൊരു അഭിമുഖത്തിൽ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നൂറിൻ ഷെരീഫ്. നൂറിന്റെ വാക്കുകൾ ഇങ്ങനെ; ഞങ്ങൾ കുറെയധികം നാളുകളായി സുഹൃത്തുക്കൾ ആയിരുന്നു. ഒരുമിച്ച് സിനിമ ചെയ്തിട്ടില്ലെങ്കിലും ഞങ്ങളുടെ രണ്ടുപേരുടെയും സിനിമകൾ അടുത്തടുത്താണ് ഇറങ്ങിയത്. ഞങ്ങൾക്ക് മുൻപ് തന്നെ കുറെ കോമൺ ഫ്രണ്ട്സ് ഉണ്ട്. ഈ സൗഹൃദമാണ് ഇപ്പോൾ എൻഗേജ്മെന്റ് വരെ എത്തിയത് എനിക്കിപ്പോഴും അതൊരു കഥയായി പറയാൻ അറിയില്ല.
ആരാണ് ആദ്യം പറഞ്ഞത് എന്ന് ചോദിച്ചാൽ അങ്ങനെ ഒരു മൊമെന്റ് ഉണ്ടായിട്ടുണ്ടോ എന്നും എനിക്കറിയില്ല. രണ്ടുപേർക്കും ഗ്രാജ്വലി അങ്ങനെ തോന്നിയതാണ്. വിവാഹം നമ്മുടെ ജീവിതത്തിൽ വേണ്ട ഒരു കാര്യമാണ് എന്നാണ് ഞാൻ കരുതുന്നത്. ഇഷ്ടമാണ് വീട്ടിൽ എല്ലാവർക്കും ഒക്കെയാണെന്ന് അറിഞ്ഞപ്പോൾ നമ്മൾ അത് നടത്താമെന്ന് തീരുമാനിച്ചതാണ്. ഒന്നും അങ്ങനെ പ്ലാനിഡ് ആയിരുന്നില്ല. 24 വയസ്സ് ആയപ്പോൾ വിവാഹം കഴിക്കണമെന്ന് എനിക്ക് ആഗ്രഹം തോന്നി. എൻ്റെ പേഴ്സണൽ ലൈഫിലെ ഓരോ തീരുമാനങ്ങളും ആണ് അത് എന്ന് നൂറിൻ പറഞ്ഞു. ഞങ്ങൾക്ക് രണ്ടുപേർക്കും ഓക്കെ ആയിരുന്നു. ഞങ്ങളുടെ കുടുംബത്തിനും ഓക്കെയായിരുന്നു. ഒരു എതിർപ്പും ഉണ്ടായിരുന്നില്ല.
അവരുടെ വീട്ടിൽ നിന്ന് വന്നതൊക്കെ ഡേറ്റ് തീരുമാനിക്കുന്ന ഓരോ കാര്യങ്ങൾക്കൊക്കെ ആയിട്ടാണ്. ജൂലൈ ആയിരിക്കും വിവാഹം അങ്ങനെ ചെറിയ ചെറിയ കാര്യങ്ങളാണ് യൂട്യൂബിലൂടെ പങ്കുവെച്ചത്. കല്യാണത്തിന് ഒക്കെ വ്ലോഗ് എടുക്കാൻ ഒരാളെ നിർത്തുന്നതാണെന്നും നൂറിൻ പറഞ്ഞു. ഒരു അഡാർ ലൗ എന്ന സിനിമയ്ക്ക് പുറമേ ചങ്ക്സ്, ധമാക്ക, വിധി, സാന്ത ക്രൂസ് തുടങ്ങിയ സിനിമകളിലും നൂറിൻ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിൽ ഊലാല ഉലാല എന്നൊരു സിനിമയിലും നടി അഭിനയിച്ചിരുന്നു. വെള്ളേപ്പമാണ് നൂറിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം. റോമ നായികയാകുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് നൂറിൻ എത്തുന്നത്.