2009 ലാണ് ജെയിംസ് കാമറൂണിൻറെ സംവിധാനത്തിൽ ലോക സിനിമയിലെ അത്ഭുതമായി മാറിയ അവതാർ എന്ന ചിത്രം പുറത്തിറങ്ങുന്നത്. അതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു വിഷ്വൽ ട്രീറ്റ് തന്നെയായിരുന്നു ചിത്രം പ്രേക്ഷകർക്ക് നൽകിയത്. അതുകൊണ്ടുതന്നെ ഏകദേശം 3 ബില്യൺ അടുപ്പിച്ച് കളക്ഷൻ സ്വന്തമാക്കാൻ ചിത്രത്തിന് സാധിച്ചു. ലോക സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി ചിത്രം മാറി. പിന്നീട് അവഞ്ചേഴ്സ് പോലെ ബോക്സ് ഓഫീസിലും അവതാറിനെ വെല്ലുവിളിക്കാൻ വന്ന നിരവധി ചിത്രങ്ങൾ റിലീസ് ചെയ്തുവെങ്കിലും അവതാർ എന്നും രണ്ടു പടിമുന്നിൽ മികച്ചു നിൽക്കുകയായിരുന്നു.
അത്രമാത്രം മികച്ച കഥയും ചിത്രത്തിന്റെ മേക്കിങ് ക്വാളിറ്റിയും എന്നും എടുത്തുനിന്നു. അതുകൊണ്ടുതന്നെയാണ് നീണ്ട 13 വർഷങ്ങൾക്ക് ശേഷവും ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന് വേണ്ടി സിനിമ ആസ്വാദകർ കാത്തിരിക്കുന്നത്. 2009ൽ കേരളത്തിലെ പരിമിതമായ തിയേറ്റർ സൗകര്യങ്ങൾ മാത്രം ഉപയോഗപ്പെടുത്തി അവതാർ കണ്ട മലയാളികൾക്ക് മുന്നിൽ ഇന്ന് ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന് വേണ്ടി IMAX, 4DX,4K DOLBY ATOMS തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഉള്ള തിയേറ്ററുകൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. 13 വർഷങ്ങൾ കഴിഞ്ഞതിനാൽ തന്നെ അവതാര ആദ്യ ഭാഗത്തിന്റെ കഥ പലരും മറന്നു തുടങ്ങിയിട്ടുണ്ടാവും.
അതുകൊണ്ടുതന്നെ ഓഫ് വാട്ടർ പുറത്തിറങ്ങുന്നതിനു മുൻപ് പഴയ അവതാറിൻ്റെ കഥയിലേക്ക് നമുക്ക് ഒന്നുകൂടി തിരിഞ്ഞു നോക്കാം. വർഷം 2154 ആണ് അവതാരനാസ്പദമായ സംഭവങ്ങൾ നടക്കുന്നത്. അപ്പോഴേക്കും ഭൂമിയിലെ എല്ലാ ഊർജ്ജസ്രോതസ്സുകളും മനുഷ്യർ ഉപയോഗിച്ച് കഴിഞ്ഞിരുന്നു. മറ്റൊരു പുതിയ ഊർജ്ജസ്രോതസ്സിന് വേണ്ടി മനുഷ്യർ എത്തിപ്പെടുന്നത് ഭൂമിയിൽ നിന്നും വളരെ അകലെയുള്ള പാണ്ടോറ എന്ന മറ്റൊരു ഗ്രഹത്തിലാണ്. അവിടെ അണപ്ടോണിയം എന്ന ഊർജ്ജസ്രോതസ്സ് വളരെ സുലഭമായി ലഭ്യമായിരുന്നു. അതുകൊണ്ടുതന്നെ ആ ഊർജ്ജസ്രോതസ്സ് കൈക്കലാക്കാൻ മനുഷ്യർ അവിടേക്ക് എത്തിച്ചേർന്നു.
ആ ദൗത്യവുമായി അവിടെ എത്തിച്ചേർന്ന ഒരു മുൻ പട്ടാളക്കാരനാണ് ജേക്ക് സുള്ളി. യഥാർത്ഥത്തിൽ അവിടെ എത്തിച്ചേരേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ തോമസ് സുള്ളി ആയിരുന്നു. എന്നാൽ അദ്ദേഹം അവിചാരിതമായി മരണപ്പെട്ടതിനെ തുടർന്നാണ് ജേക്ക് സുള്ളിക്ക് ഈ അവസരം ലഭ്യമാകുന്നത്. കാലിൽ ഗുരുതരമായി പരിക്കുപറ്റി നടക്കാനാകാതെ ജീവിതം തളർന്നിരുന്ന ജേക്കിന് അത് ഒരു പുനർജന്മം തന്നെയായിരുന്നു. പാണ്ടോറയിലെ മനുഷ്യർക്ക് സമാനമായ ജീവ വർഗ്ഗമായിരുന്നു നേവികൾ. അണപ്ട്ടോണിയം എടുക്കാൻ വന്ന മനുഷ്യർക്ക് മുന്നിൽ ഒരു വലിയ ഭീഷണിയും അവർ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ അവതാർ പ്രോഗ്രാം വഴി മനുഷ്യർ നേവികളുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു. തോമസിന് വേണ്ടി തയ്യാറാക്കിയ അവതാർ ആണ് ജേക്കിനു ലഭിച്ചത്.
ക്യാമ്പിൽ വച്ചാണ് ജേക്ക് മൈൽസ് ക്വാറിച്ച് എന്ന ജനറലിനെ പരിചയപ്പെടുന്നത്. എത്രയും വേഗം അണപ്ടോണിയം സ്വന്തമാക്കാൻ സഹായിക്കുകയാണെങ്കിൽ ജെയ്ക്കിന്റെ കാൽ ചികിത്സിച്ച് അദ്ദേഹത്തെ പഴയതുപോലെ നടക്കാൻ സഹായിക്കാമെന്ന് മൈൽസ് ക്വാറിച്ച് ഉറപ്പുനൽകി. നേവികൾ താമസിക്കുന്ന ഹോം ട്രീ എന്ന മരത്തിന് കീഴിൽ ആയിരുന്നു അണപ്ടോണിയത്തിൻ്റെ അമൂല്യ ശേഖരം ഉണ്ടായിരുന്നത്. അവിടേക്ക് എങ്ങനെയെങ്കിലും എത്തിപ്പെടണം എന്നുള്ളതായിരുന്നു ജേയ്ക്കിന്റെ ലക്ഷ്യം. അപ്പോഴാണ് ആഗ്രഹിച്ചത് നടന്നോ എന്നതുപോലെ തീർത്തും അവിചാരിതമായ ഒരു സാഹചര്യത്തിൽ ജെയ്ക്ക് നേവികളുടെ ഗോത്ര വർഗ്ഗ തലവന്റെ മകൾ നൈറ്റീരിയയെ പരിചയപ്പെടുന്നത്.
അവൾ വഴി ജെയ്ക്ക് നേവികളുടെ അടുത്ത് എത്തിപ്പെടുകയായിരുന്നു. ആദ്യം കൊല്ലാൻ ശ്രമിച്ചു എങ്കിലും പിന്നീട് അവർ ജേയ്ക്കിനെ അംഗീകരിച്ചു. ഗോത്ര തലവൻ നൈറ്റിരിയയോട് ജേയ്ക്കിനെ അവരുടെ രീതികളെക്കുറിച്ച് പഠിപ്പിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ജെയ്ക്ക് നേവികളുടെ ജീവിതത്തെക്കുറിച്ചും പാണ്ടോറയെ കുറിച്ചും മനസ്സിലാക്കി. പതിയെ പതിയെ ജേക്ക് അവരുമായി വല്ലാതെ അടുത്തു. നൈറ്റിരിയും ജെയ്ക്കും തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് മാറി. എന്നാൽ ക്ഷമ നശിച്ച മൈൽസ് ക്വാറിച്ചും സംഘവും ഹോം ട്രീ ആക്രമിച്ചു. ഒരു പ്രശ്നപരിഹാരത്തിന് ജെയ്ക്കും ഡോക്ടർ ഗ്രേസും ശ്രമിച്ചു എങ്കിലും അത് പരാജയച്ചു.
നേവികൾക്ക് ജെയ്ക്കിൽ ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടു. മൈൽസ് ക്വാറിച്ച് ജെയ്ക്കിനെയും സംഘത്തെയും തടവിലാക്കി. എന്നാൽ അവർ വളരെ തന്ത്രപരമായി അവിടെ നിന്നും രക്ഷപ്പെടുന്നതിനിടയിൽ ഗ്രേസിന് ഗുരുതരമായി പരിക്കേറ്റു. നേവികൾ എന്നും ഭയത്തോടെ നോക്കിയിരുന്ന തൊരൂക്ക് എന്ന ഭീകരനായ ഗ്രാണിനെ ഇണക്കിയെടുത്ത് ജേക്ക് അവരുടെ വിശ്വാസം വീണ്ടും തിരിച്ചു പിടിച്ചു. ഗ്രേസിന്റെ ആത്മാവിന് അവരുടെ അവതാരമായി ബന്ധിപ്പിക്കാൻ നേവികൾ തങ്ങളുടെ ദൈവമായ ഐവ മരത്തിന്റെ സഹായത്തോടെ ശ്രമിച്ചു എങ്കിലും അത് പരാജയപ്പെട്ടു.
ക്ലൈമാക്സിൽ ജേക്ക് തന്റെ അവതാറായി നേവികൾക്കൊപ്പം നിന്ന് മനുഷ്യരോട് യുദ്ധം ചെയ്ത് അവരെ തോൽപ്പിച്ചു. അതിനിടയിൽ മൈൽസ് ക്വാറിച്ച് കൊല്ലപ്പെട്ടു. പിന്നീട് നേവികൾക്കിടയിൽ അവരിൽ ഒരാളായി നിന്ന് പാണ്ടോറയിൽ തന്നെ ജീവിക്കാൻ തീരുമാനിച്ച ജയിക്കിന്റെ മനുഷ്യരൂപത്തിൽ നിന്ന് ആത്മാവിനെ ഐവയിലൂടെ അവതാറിലേക്ക് മാറ്റുമ്പോഴാണ് കഥ അവസാനിക്കുന്നത്. ഈ സംഭവത്തിനുശേഷം 15 വർഷങ്ങൾ കഴിഞ്ഞ് നടക്കുന്ന കാര്യങ്ങളാണ് അവതാർ ദി വേ ഓഫ് വാട്ടർ എന്ന സിനിമയിൽ പറയുന്നത്. ജയിക്കിനും നേവിക്കും ഇപ്പോൾ മക്കളൊക്കെയായി അവർ ഒരു കുടുംബമായി ജീവിക്കുകയാണ്. അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന പുതിയ ഭീഷണികളെയും പാണ്ഡോറയിൽ തന്നെയുള്ള നേവിക്ക് സമാനമായ മെറ്റ്കൈന വംശക്കാരെയും പറ്റിയുള്ള കഥ പറയുന്ന സിനിമയാണ് അവതാർ ദി വേ ഓഫ് വാട്ടർ.