ലേലത്തിലെ ‘നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല’ എന്ന മാസ്സ് ഡയലോഗും, ഹിറ്റ്ലറിലെ ‘അവൾ ഒന്നു ഉറക്കെ നിലവിളിച്ചിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ’ എന്ന ഡയലോഗുകളും എല്ലാം ഇന്നും മലയാളികളുടെ നിത്യജീവിതത്തിൽ പലപ്പോഴും കയറിയിറങ്ങി പോകാറുണ്ട്. അദ്ദേഹം അനശ്വരമാക്കി വെച്ച നിരവധി കഥാപാത്രങ്ങളിൽ അവസാനത്തേതായിരുന്നു ലേലത്തിലെ ഈപ്പച്ചൻ എന്ന കഥാപാത്രം. തിരുവല്ലയിൽ തൻറെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുവാൻ തയ്യാറെടുക്കവേയാണ് പിവിഎസ് ആശുപത്രിയിൽ വച്ച് അദ്ദേഹത്തിൻറെ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. പത്തനംതിട്ട തിരുവല്ലക്കാരനായ സോമൻ 56 വയസ്സിലാണ് വിടവാങ്ങിയത്.
ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരിക്കവേയാണ് സുജാത എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചതും തുടർന്ന് സിനിമയിലേക്ക് എത്തിയതും. അദ്ദേഹം വിടവാങ്ങിയിട്ട് 25 വർഷങ്ങൾ കഴിയുമ്പോഴും തിരുവല്ലയിലെ മണ്ണടിപ്പറമ്പിൽ വീട്ടിൽ അദ്ദേഹത്തിൻറെ ഓർമ്മകളിലാണ് ഇന്നും സുജാതയുടെ ജീവിതം. ആ വീട്ടിലെ എല്ലാ മുറികളും സോമന്റെ ചിത്രങ്ങൾ അലങ്കരിച്ചു വച്ചിരിക്കുന്നു. പല കാലങ്ങളിൽ പല ഭാവങ്ങളിലുള്ള അദ്ദേഹത്തിൻറെ അനശ്വരമായ ചിത്രങ്ങൾ. കൂടാതെ അദ്ദേഹത്തിനു ലഭിച്ച അനേകം അവാർഡുകളും അദ്ദേഹം ഉപയോഗിച്ചിരുന്ന സിഗരറ്റ് ലൈറ്ററുകൾ ഭംഗിയുള്ള ചില്ലു കുപ്പികൾ മാത്രമല്ല വീട്ടുമുറ്റത്ത് സോമൻ വർഷങ്ങളോളം ഉപയോഗിച്ചിരുന്ന കാറുമുണ്ട്. എന്നും തൂത്തുതുടച്ച് പൊടിപറ്റാതെ ജീവനെപ്പോലെ പ്രാണനെ പോലെയാണ് സുജാതയും രണ്ടു മക്കളും സോമന്റെ ഓരോ ഓർമ്മകളും സൂക്ഷിക്കുന്നത്.
സുജാതയും മകൻ സജീയും അദ്ദേഹത്തിൻറെ കുടുംബവുമാണ് ഇപ്പോൾ ഈ വീട്ടിൽ കഴിയുന്നത്. സജി നാലഞ്ച് സിനിമകളിൽ അഭിനയിച്ചുവെങ്കിലും പിന്നീട് സിനിമ ലോകം വിട്ടു. 15 വർഷങ്ങൾക്ക് ശേഷം സജി വീണ്ടും അഭയ രംഗത്തേക്ക് തിരിച്ചെത്തുകയാണ് ഇപ്പോൾ. എങ്കിലും അതൊന്നും സുജാതയെ ബാധിക്കുന്നില്ല. സോമൻ സുജാതയ്ക്ക് വേണ്ടി ഒരുക്കി നൽകിയ ഭദ്രാസ് സ്പൈസസ് എന്ന കറി പൗഡർ കമ്പനിയെ ജീവാത്മാവ് ആക്കിയാണ് സുജാത ഇപ്പോഴും ആ സ്ഥാപനത്തെ പരിപാലിക്കുന്നത്. വീട്ടിൽ മക്കളെയും നോക്കി സ്വസ്ഥമായിരുന്ന ഭാര്യക്ക് വേണ്ടി സോമൻ തുടങ്ങിയതായിരുന്നു ഈ കറി പൗഡർ കമ്പനി. അതെന്തിനായിരുന്നു എന്ന് അപ്പോൾ മനസ്സിലായില്ല. എങ്കിലും അദ്ദേഹം ഏൽപ്പിച്ച ജോലി അത് ഭംഗിയായി ചിട്ടയോടെ നിറവേറ്റുകയായിരുന്നു സുജാത അന്നും ഇന്നും.
വീടിനടുത്ത് ഒരു ഭദ്രാദേവി ക്ഷേത്രം ഉണ്ട്. അവിടുത്തെ വലിയ ഭക്തനായിരുന്നു അദ്ദേഹം. അങ്ങനെയാണ് റിപ്പോർട്ടർ കമ്പനിക്ക് ഭദ്ര സ്പൈസസ് എന്ന പേരിട്ടത്. ഒരു സൂപ്പർതാരത്തിന്റെ ഭാര്യയായിരുന്നു എന്ന ഇമേജ് ഒന്നുമില്ലാതെ ഇന്നും മില്ലിലെ മറ്റു ജീവനക്കാർക്ക് ഒപ്പം ഒരു ജീവനക്കാരിയെ പോലെ തന്നെ പൊടിയിൽ കുളിച്ച് പണിയെടുക്കുകയാണ് സുജാത. അദ്ദേഹത്തിൻറെ മരണശേഷം തളർന്നു പോകുമായിരുന്ന സുജാതയ്ക്ക് താങ്ങും തണലുമായത് ഈ സ്ഥാപനമായിരുന്നു. മക്കളെ നന്നായി വളർത്തണമെന്നും ഉത്തരവാദിത്തങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിപ്പിച്ചതും ഈ കമ്പനിയായിരുന്നു. ഇവിടുത്തെ ജോലിത്തിരക്ക് സകല വേദനകളും സങ്കടങ്ങളും മറക്കുകയായിരുന്നു സുജാത.
ഏകദേശം 10 വർഷത്തോളമാണ് സോമൻ എയർഫോഴ്സിൽ ജോലി ചെയ്തത്. അതിനിടയിൽ ആയിരുന്നു സുജാതയുമായ വിവാഹം നടന്നത്. മൂത്തമകൻ സജി ജനിച്ചതിനു ശേഷം സ്വയം വിരമിച്ച് നാട്ടിലെത്തി. നാട്ടിൽ വന്ന് കൃഷി ചെയ്ത് ജീവിക്കാം എന്നായിരുന്നു തീരുമാനിച്ചിരുന്നത്. തറവാട്ടിൽ അത്യാവശ്യം ഭൂമിയുണ്ടായിരുന്നു. അങ്ങനെ കൃഷിപ്പണികൾക്കിടയിലാണ് ചില നാടക സംഘങ്ങളിൽ അഭിനയിക്കുന്നത്. പിന്നീട് കൊട്ടാരക്കര ശ്രീധരൻ നായരുടെ ജയശ്രീ തീയറ്റേഴ്സിലും ചേർന്നു. ക്രമേണ നാടക അഭിനയം കൂടുകയും കൃഷി കുറയുകയും ചെയ്തു.
യഥാർത്ഥത്തിൽ നാടകമാണ് സോമന് സിനിമയിലേക്കുള്ള വഴി തുറന്നത്. സാഹിത്യകാരനും ഐഎഎസ് ഉദ്യോഗസ്ഥനായ മലയാറ്റൂർ രാമകൃഷ്ണനാണ് സോമനെ സിനിമയിൽ ആദ്യമായി അഭിനയിപ്പിച്ചത്. മലയാറ്റൂരിന്റെ തന്നെ ഗായത്രി എന്ന സിനിമയിൽ. മലയാറ്റൂരിന്റെ ഭാര്യ വേണി തിരുവനന്തപുരത്ത് വച്ച് കണ്ട നാടകത്തിൻറെ പ്രധാന നടൻ സോമൻ ആയിരുന്നു. അങ്ങനെ വേണിയാണ് ഗായത്രിയുടെ ഭാഗമാകുന്നത്. അവിടെനിന്ന് അങ്ങോട്ട് കൂടുതൽ മെച്ചപ്പെട്ട കഥാപാത്രങ്ങൾ സോമനെ തേടി വന്നു. ഏകദേശം രണ്ടര പതിറ്റാണ്ട് സിനിമയിൽ 500 ഓളം കഥാപാത്രങ്ങളിൽ അഭിനയിച്ച് കത്തിജ്വലിച്ചു നിന്നു.