മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി ദേവി ചന്ദന. അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് താരം. കലോത്സവ വേദിയിൽ തിളങ്ങി സിനിമയിലേക്ക് എത്തിയതാണ് ദേവീ ചന്ദന. നിരവധി കോമഡി ഷോകളിലും താരം തിളങ്ങിയിട്ടുണ്ട്. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങാൻ ദേവിക്ക് കഴിഞ്ഞിരുന്നു. ഏകദേശം നാല്പതോളം സിനിമകളിലും 25ലധികം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് ദേവി ചന്ദന. സോഷ്യൽ മീഡിയയിലും യൂട്യൂബിലും എല്ലാം സജീവമാണ് താരം. ഭർത്താവിനൊപ്പം ഉള്ള ദേവിയുടെ വീഡിയോകൾ ശ്രദ്ധ നേടാറുണ്ട്. ഗായകനായ കിഷോർ വർമയാണ് ദേവിയുടെ ഭർത്താവ്. ദീർഘകാലത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായത്.
ജീവിതത്തിലെ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം പങ്കുവെച്ച് ദേവിയും കിഷോറും എത്താറുണ്ട്. ഇവരുടെ വീഡിയോകൾക്ക് എല്ലാം പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ഉണ്ടാകാറുള്ളത്. വീഡിയോകളിലൂടെ ദേവിയുടെ ഭർത്താവ് കിഷോറും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. വിദേശത്ത് ഒരു ഷോയ്ക്ക് പോയപ്പോഴാണ് ദേവീ ചന്ദനയും കിഷോറും ഇഷ്ടത്തിലാകുന്നത്. 2006 ലായിരുന്നു ഇരുവരുടെയും വിവാഹം. പരസ്പരം കണ്ട് ഇഷ്ടത്തിലായതിനെക്കുറിച്ചും വിവാഹിതരായതിനെ കുറിച്ചൊക്കെ ഇരുവരും മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഒരിക്കൽ കൈരളി ടിവിയിലെ മനസ്സിൽ ഒരു മഴവില്ല് എന്ന പരിപാടിയിൽ എത്തിയപ്പോൾ തങ്ങളുടെ വിവാഹശേഷം ഉണ്ടായ ചില സംഭവങ്ങളെക്കുറിച്ച് ദേവിയും കിഷോറും പറഞ്ഞിരുന്നു.
വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. വിവാഹശേഷം ദേവി അഭിനയിക്കുന്നതിൽ ബന്ധുക്കളും സുഹൃത്തുക്കളും എതിർപ്പ് പങ്കുവെച്ചിരുന്നു എന്നാണ് കിഷോർ പറയുന്നത്. അഭിനയിക്കാൻ വിടുന്നത് എന്തിനാണെന്ന് ഒരുപാട് പേർ തന്നോട് ചോദിച്ചു. അഭിനയിക്കാൻ വിടേണ്ട എന്ന് പറഞ്ഞവരോടൊക്കെ അഭിനയിച്ചാൽ എന്താണ് കുഴപ്പം എന്ന് തിരിച്ചു ചോദിച്ചു. എന്നെ സംബന്ധിച്ച് പാട്ട് എൻറെ ജീവിതമാണ്. ഇതില്ലാതെ ഇരിക്കുമ്പോൾ എന്തോ പോലെയാണ്. അതുപോലെ ഇദ്ദേഹത്തിനും ഉണ്ടാകുമല്ലോ. അതുകൊണ്ട് അത് നിങ്ങൾ സംസാരിക്കേണ്ട ഞങ്ങളുടെ പേഴ്സണൽ കാര്യമാണെന്ന് പറഞ്ഞെന്ന് കിഷോർ പറയുന്നു. കുടുംബത്തിൽ തന്നെ പലരും കല്യാണം കഴിഞ്ഞില്ലേ നിർത്താറായില്ലേ എന്ന രീതിയിൽ ചോദിച്ചിട്ടുണ്ടെന്നും ദേവി ചന്ദനയും പറഞ്ഞിരുന്നു.
ഇതൊക്കെ പലരും ജോലിയായി അംഗീകരിച്ചിട്ടില്ല. ഓരോരുത്തരുടെ കാഴ്ചപ്പാട് അങ്ങനെയാണെന്നും നടി കൂട്ടിച്ചേർത്തു അതേസമയം വിവാഹം കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് മാറി താമസിക്കാം എന്ന് എടുത്ത് തീരുമാനത്തിനെക്കുറിച്ചും ദേവി സംസാരിക്കുന്നുണ്ട്. സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നില്ലെങ്കിലും കുടുംബത്തിൽ നിന്ന് മാറി താമസിക്കാം എന്ന തീരുമാനം എടുക്കുകയായിരുന്നു എന്ന് താരം പറയുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഞങ്ങൾ താമസിച്ചിരുന്നത് അതിനിടയിൽ എറണാകുളത്ത് ഫ്ലാറ്റ് വാങ്ങി അങ്ങോട്ട് മാറാമെന്ന് തീരുമാനം എടുത്തു. രണ്ടുകൂട്ടരുടെയും അച്ഛനമ്മമാർക്ക് അന്ന് ആരോഗ്യം ഉണ്ട് ജോലിയും ഉണ്ട്. അവൻ നമ്മളെ ആശ്രയിച്ചല്ല ജീവിക്കുന്നത്.
നമ്മൾ കാരണം അവർക്ക് ബുദ്ധിമുട്ടേ ഉള്ളൂ. നമ്മൾ വൈകി വരുന്നതൊക്കെ ഒരുതരത്തിൽ അവർക്ക് ശല്യമാണ്. അങ്ങനെയായപ്പോഴാണ് നമുക്ക് മാറി താമസിക്കാം എന്ന് തീരുമാനം എടുക്കുന്നത്. എല്ലാവർക്കും അതിലൊരു മനപ്രയാസം ഉണ്ടായിരുന്നു. ഞങ്ങൾക്ക് ഒറ്റയ്ക്ക് താമസിച്ച് കാര്യങ്ങൾ മുന്നോട്ട് പോകാൻ കഴിയുമോ എന്നൊക്കെയുള്ള ടെൻഷൻ ആയിരുന്നു കുടുംബത്തിനും. ഓഫ് സീസണുകൾ വന്നാൽ നിങ്ങൾ എന്തു ചെയ്യും എന്നൊക്കെയായിരുന്നു അവരുടെ പേടി. പക്ഷേ ഞങ്ങൾ പരസ്പരം തീരുമാനിച്ചു നമുക്കൊന്ന് ഫൈറ്റ് ചെയ്ത് നോക്കാമെന്ന്. അങ്ങനെയാണ് മാറി താമസം തുടങ്ങിയത് എന്നും ദേവി പറയുന്നു. പങ്കാളി എങ്ങനെയാകണമെന്ന് ഒരു കൃത്യമായ പ്ലാൻ തനിക്ക് ഉണ്ടായിരുന്നുവെന്നും കിഷോർ അഭിമുഖത്തിൽ പറയുന്നുണ്ട്. ജോലിയും വരുമാനവും ഒക്കെ മനസ്സിലാക്കി തനിക്കൊപ്പം നിൽക്കുന്ന ഒരാൾ ആകണമെന്നാണ് ആഗ്രഹിച്ചത്. അങ്ങനെ ഒരാളാണ് ദേവീ ചന്ദന എന്നാണ് കിഷോർ പറയുന്നത്.