തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ നായികയാണ് നയൻതാര. മലയാളത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച് ഇന്ന് തെന്നിന്ത്യ ആകെ നിറഞ്ഞുനിൽക്കുന്ന താര സുന്ദരി. ലേഡി സൂപ്പർ എന്ന ആരാധകർ വിളിക്കുന്ന നയൻതാരയുടെ താര പദവിക്ക് സമാനതകളില്ല. അഭിനയിച്ച ഭാഷകളിൽ എല്ലാം മിന്നും വിജയങ്ങൾ സ്വന്തമാക്കിയ നയൻതാര തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ്. നായിക നടിമാർ അഭിനയം ഉപേക്ഷിക്കുകയോ സഹനടി വേഷങ്ങളിലേക്ക് ഒതുക്കപ്പെടുകയും ചെയ്യുന്ന പ്രായത്തിലും നായികയായി തിളങ്ങുകയാണ് നയൻതാര. സിനിമയുടെ ബോക്സ് ഓഫീസ് വിജയത്തിന് പുരുഷ താരങ്ങളുടെ പേര് ആവശ്യമില്ല എന്ന് നയൻതാര കാണിച്ചുതന്നു. ഒരുകാലത്ത് ഗ്ലാമർ വേഷങ്ങളുടെ പേരിൽ വിമർശിച്ചവരെ എല്ലാം ഇന്ന് തന്നെ ആരാധകരാക്കി മാറ്റാനും നയൻതാരക്ക് സാധിച്ചിട്ടുണ്ട്.
സിനിമയിലെ കുടുംബ പിന്തുണയോ ഗോഡ് ഫാദർ മാരോ ഇല്ലാതെയാണ് നയൻതാര ഇന്നത്തെ വിജയം നേടിയെടുക്കുന്നത്. കരിയറിൽ ഒരുപാട് കയറ്റിയിറക്കങ്ങൾ കാണേണ്ടി വന്നിട്ടുണ്ട് നയൻതാരയ്ക്ക്. നയൻതാരയുടെ ഓൺ സ്ക്രീൻ ജീവിതം പോലെ തന്നെ ജീവിതവും വാർത്തകളിൽ ഇടം നേടി. നയൻതാരയുടെ പ്രണയവും പ്രണയ തകർച്ചയും വിവാഹവും ഒക്കെ ഗോസിപ്പ് കോളങ്ങളിലെ ചൂടുള്ള വാർത്തകൾ ആയിരുന്നു. ഇന്ന് പകരം വയ്ക്കാനില്ലാത്ത നായികയാണ് നയൻതാര. ആരാധകർ നയൻതാരയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ്. പൊതുവേ നായിക വേഷങ്ങൾ എത്തുന്നത് കുറയുന്ന പ്രായത്തിലും നയൻതാരക്കായി സിനിമകൾ എഴുതപ്പെടുന്നു. നിർമ്മാതാക്കൾ നയൻതാരയുടെ ഡേറ്റിനായി പിന്നാലെ നടക്കുന്നു.
തമിഴിലാണ് സജീവമെങ്കിലും തെലുങ്കിലും മലയാളത്തിലും എല്ലാം സാന്നിധ്യം നിലനിർത്താൻ ശ്രദ്ധിക്കാറുണ്ട്. ടെലിവിഷൻ അവതാരകയിൽ നിന്നുമാണ് നയൻതാര സിനിമയിൽ എത്തുന്നത്. അന്ന് പേര് ഡയാന എന്നായിരുന്നു. പിന്നീട് സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയിൽ നായികയായപ്പോൾ പേര് നയൻതാര എന്നാക്കി. അവിടെനിന്നും ഇന്നത്തെ ലേഡി സൂപ്പർസ്റ്റാറിലേക്ക് ഉള്ള വളർച്ചയിൽ വിജയങ്ങളോളം തന്നെ പരാജയങ്ങളും നയൻതാരക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. മലയാളത്തിൽ നിന്നും തമിഴിലേക്കുള്ള ചുവടുമാറ്റമാണ് നയൻതാരയുടെ കരിയർ മാറ്റിമറിക്കുന്നത്. 2005 പുറത്തിറങ്ങിയ അയ്യ എന്ന ചിത്രത്തിലൂടെയാണ് നയൻതാര തമിഴിൽ അരങ്ങേറുന്നത്.
ശരത് കുമാറിൻറെ നായകനായ ചിത്രത്തിനുശേഷം നയൻതാര അഭിനയിച്ചത് സാക്ഷാൽ രജനീകാന്തിനൊപ്പം ചന്ദ്രമുഖിയിൽ ആണ്. പിന്നീട് അങ്ങോട്ട് നയൻതാരയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിരവധി ഹിറ്റുകളിലെ നായികയായി. സൂപ്പർതാരങ്ങളുടെ നായികയിൽ നിന്നും നയൻതാര സൂപ്പർ നായികയിലേക്ക് വളർന്നു. അയ്യയിലൂടെയാണ് നയൻതാരയുടെ തമിഴ് കരിയര് ആരംഭിക്കുന്നത്. എന്നാൽ അതിനുമുമ്പ് മറ്റൊരു ചിത്രത്തിൽ നയൻതാര അഭിനയിക്കാൻ ഇരുന്നതാണ് എന്നതാണ് പലർക്കും അറിയില്ല. പാർത്ഥിപൻ സംവിധാനം ചെയ്ത കുടയ്ക്കുൾ മഴയ് എന്ന ചിത്രമാണ് നയൻതാരയുടെ അരങ്ങേറ്റ ചിത്രം ആകേണ്ടിയിരുന്നത്. ചിത്രത്തിൻറെ ഓഡിഷനുവേണ്ടി നയൻതാരയെ പാർത്ഥിപൻ ബന്ധപ്പെട്ടിരുന്നു. എന്നാൽ താൻ പറഞ്ഞ സമയത്ത് ഓഡിഷൻ എത്താൻ നയൻതാരക്ക് സാധിച്ചില്ല എന്നാണ് പാർത്ഥിപൻ പറയുന്നത്.
ആദ്യത്തെ ദിവസം എത്താതെ വന്നതോടെ നയൻതാരയോട് അടുത്തദിവസം വരാൻ പറഞ്ഞു. എന്നാൽ രണ്ടാമത്തെ ദിവസവും നയൻതാരക്ക് എത്താനായില്ല. അന്നത്തെ യാത്ര സാഹചര്യത്തിലെ പ്രശ്നങ്ങളാണ് നയൻതാരയുടെ ഓഡിഷന് വെല്ലുവിളിയാകുന്നത്. രണ്ടുതവണയും എത്താതെ വന്നതോടെ തനിക്ക് ദേഷ്യം വന്നു എന്നും ഇനി വരേണ്ടതില്ലെന്ന് പറഞ്ഞു എന്നുമാണ് പാർത്ഥിപൻ പറയുന്നത്. പിന്നീട് നയൻതാരക്ക് പകരം മധുമിത ചിത്രത്തിലെ നായികയായി. അന്ന് തൻറെ സിനിമയിലെ അവസരം നഷ്ടപ്പെട്ടത് ഭാഗ്യമായി അതിനാലാണ് ഇന്നത്തെ ഉയരത്തിലെത്താൻ സാധിച്ചതെന്ന് താൻ നയൻതാരയോട് പറഞ്ഞിട്ടുണ്ട് എന്നും പാർത്ഥിപൻ പറയുന്നു.