ഇന്ന് സ്ത്രീകൾ ഏറ്റവും കൂടുതൽ ഭയത്തോടെ കാണുന്ന ഒരു രോഗമാണ് സ്തനാർബുദം. പലപ്പോഴും ഇത് നേരത്തെ തിരിച്ചറിയുന്നില്ല എന്നതാണ് ചികിത്സ വൈകുന്നത് രോഗം വഷളാകുന്നതിനും ഒരു പ്രധാന കാരണം. എന്നാൽ നേരത്തെ തിരിച്ചറിയുകയാണെങ്കിൽ രോഗം വഷളാകുന്നതിന് മുമ്പ് തന്നെ നമുക്ക് ചികിത്സിച്ച് ഭേദപ്പെടുത്താവുന്ന ഒരു രോഗം കൂടിയാണിത്. സ്തന ഭാഗത്ത് എന്തെങ്കിലും ഒരു മുഴ കണ്ടെത്തിയാൽ നാം പരിഭ്രാന്തരാകാതിരിക്കണം. എന്നാൽ സ്തനങ്ങളിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ മുഴകളും സ്തനാർബുദം അല്ല.
അത് നാം ഡോക്ടറുടെ സഹായത്തോടെ ഉറപ്പുവരുത്തേണ്ടതാണ്. സ്തനാർബുദം തിരിച്ചറിയുന്നതിനായി സ്തനങ്ങളിലെ മാറ്റങ്ങൾ ശ്രദ്ധിക്കണം. സ്തനത്തിൽ ഉണ്ടാകുന്ന മുഴ, വീക്കം, നിറംമാറ്റം, വേദന, മുലക്കണ്ണ് അകത്തേക്ക് വലിയുക, സ്തനത്തിൽ നിന്നും സ്രവങ്ങൾ ഉണ്ടാവുക തുടങ്ങിയവ ഒന്നും അവഗണിക്കരുത്. സ്തനാർബുദത്തിന് പ്രായം ഒരു ഘടകം അല്ല. പൊതുവേ പ്രായമായ സ്ത്രീകളിൽ മാത്രമാണ് സ്തനാർബുദം ഉണ്ടാകുന്നത് എന്നൊരു തെറ്റായ ധാരണ പരക്കെ ഉണ്ടായിരുന്നു. എന്നാൽ 45 വയസ്സിൽ താഴെയുള്ള സ്ത്രീകളിലും സ്തനാർബുദം കണ്ടുവരുന്നുണ്ട്.
ഫൈബ്രോ അഡിനോമ പോലുള്ള മുഴകൾ സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാണ് കാണിക്കാറുള്ളത് എങ്കിലും ഇവ പേടിക്കേണ്ടതില്ല. അങ്ങനെയുള്ള ചില മുഴകൾ തനിയെ അപ്രത്യക്ഷമാകുന്നവയാണ്. ആർത്തവ ദിനങ്ങളിൽ സ്ഥാനങ്ങളിൽ വേദന അനുഭവപ്പെടുന്നത് വളരെ സാധാരണമാണ്. എന്നാൽ ആ വേദന രണ്ടാഴ്ചയിൽ കൂടുതൽ തുടരുകയാണെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണ്. സ്തന വലിപ്പത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാവുന്നുണ്ടോ എന്ന് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.
ഇരു സ്തനങ്ങളും തമ്മിൽ വലിയ രീതിയിലുള്ള വലിപ്പവ്യത്യാസം ഉണ്ടോ എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. സാധാരണ ചർമ്മനിറത്തിൽ നിന്നും സ്തനങ്ങളിൽ പെട്ടെന്ന് നിർവ്യത്യാസം കാണുന്നുണ്ടെങ്കിൽ അതും ശ്രദ്ധിക്കേണ്ടതാണ്. സ്ങ്ങളിലെ ചുവന്ന പാടുകളോ നിറവ്യത്യാസമോ ഒന്നും അവഗണിക്കരുത്. മുലപ്പാൽ അല്ലാതെ സ്തനങ്ങളിൽ നിന്ന് എന്തെങ്കിലും ദ്രാവകം വന്നാൽ അതും സൂക്ഷിക്കേണ്ടതാണ്. രക്തം കലർന്നതോ അല്ലാത്തതോ ആയ സ്രവം വന്നാൽ തീർച്ചയായും ഡോക്ടറെ സമീപിക്കേണ്ടതാണ്.