മലയാളത്തിലെ ക്ലാസിക് സിനിമകളിൽ എന്നും മുൻപന്തിയിലുള്ള ചിത്രമാണ് ഭദ്രൻറെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ സ്ഫടികം.അടുത്തിടെ ചിത്രം റീമാസ്റ്റർ ചെയ്തു തീയേറ്ററിൽ എത്തി മികച്ച കളക്ഷനുകൾ നേടിയിരുന്നു.ചിത്രം പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട് ചിത്രത്തിലെ കഥാപാത്രങ്ങളും ഏറെ ചർച്ചാവിഷയമായിരുന്നു.ചിത്രത്തിലെ പല ചെറിയ കഥാപാത്രങ്ങളും ചെയ്ത കലാകാരന്മാരെ പല സിനിമാ ഗ്രൂപ്പുകളും കണ്ടെത്തി കൊണ്ടുവരുന്നത് അടുത്തിടെ ട്രെൻഡ് ആയിരുന്നു.അടുത്തിടെ സ്പടികത്തിലെ തന്നെ ഓന്ത് ഗോപാലൻ എന്ന കഥാപാത്രം ചെയ്ത ചന്ദ്രനെ സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു.
ചെറിയ വേഷങ്ങളിൽ പഴയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട കലാകാരന്മാരുടെ ചിത്രത്തിലെ സീനിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത് ഇതാരാണെന്ന് കണ്ടെത്താമോ എന്ന രീതിയിലാണ് എം3ഡിബി പോലുള്ള സിനിമാ ഗ്രൂപ്പുകളിൽ ആളുകളുടെ പോസ്റ്റ് കാണപ്പെടുന്നത്. വളരെ പെട്ടെന്നാണ് ഇത്തരം പോസ്റ്റുകൾക്ക് മറുപടികൾ ലഭിക്കാറുള്ളത്.പോസ്റ്റിന്റെ താഴെ തന്നെ ആളുകൾ ആ വ്യക്തിയുടെ ചിത്രങ്ങളും പേരും മെൻഷൻ ചെയ്യാറുണ്ട്.ഇപ്പോഴിതാ അത്തരത്തിൽ സ്പടികത്തിലെ മറ്റൊരു കഥാപാത്രത്തെ എം3ഡിബി ഗ്രൂപ്പ് കണ്ടെത്തിയിരിക്കുകയാണ്.സ്ഫടികത്തിലെ പൂക്കോയയെ തല്ലാൻ വരുന്ന മോഹൻലാലിൻറെ ഇൻട്രൊഡക്ഷൻ സീനിൽ നായകനെ നോക്കി അച്ഛനോട് അച്ഛാ,ആടുതോമ എന്ന് പറയുന്ന പയ്യനെ ആണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ചങ്ങനാശ്ശേരി സ്വദേശി ടിജി ആണ് ആ സീനിലെ പയ്യന.അന്ന് ഏഴാം ക്ലാസ്സുകാരനായിരുന്ന ടിജി ഇന്ന് യുകെയിലാണ് താമസം.ഗ്രൂപ്പ് മെംബറും നടനുമായ ജീസ് കൈതാരമാണ് എം3ഡിബിയിലൂടെ ഇയാള്‍ ഇപ്പോള്‍ എവിടെ ആയിരിക്കുമെന്ന അന്വേഷണം നടത്തിയത്.തുടർന്ന് ആ പോസ്റ്റിന്റെ അടിയിൽ തന്നെ ടിജിയെ കുറിച്ചുള്ള വിവരങ്ങൾ നിരവധി പ്രേക്ഷകർ പങ്കുവെച്ചു.തുടർന്ന് ജീസ് കൈതാരം തന്നെ ആളെ കണ്ടുകിട്ടി എന്ന വിവരവും സ്ഫടികത്തിൽ അഭിനയിക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.സ്ഫടികത്തിന്റെ ഷൂട്ടിങ്ങ് കാണാനെത്തിയ ഏഴാം ക്ലാസുകാരനെ ഒരു റോളുണ്ട് ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ സ്കൂളിൽ ചില്ലറ കലാപരിപാടികളുമായി സജീവമായ കക്ഷി കേറി ഏൽക്കുകയായിരുന്നു.
പിന്നീട് പഠിത്തമൊക്കെ കഴിഞ്ഞ് ഒരു സ്റ്റേഷനറി കട തുടങ്ങിയപ്പോഴും പേരിടാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല,’സ്ഫടികം’.ശേഷം കുറെക്കാലം ദുബൈയില്‍ ഇലക്ട്രീഷനായി ജോലി നോക്കുമ്പോഴും കൈയ്യിലെ മിമിക്രിയും വൺ മാൻ ഷോയും കൈവിട്ടില്ല.ദുബായ് മലയാളികളുടെ നിരവധി സദസ്സുകളിൽ പരിപാടികൾ അവതരിപ്പിക്കുകയും അതുവഴി ദുബൈ റേഡിയോയിലും യു.എ.ഇ യിൽ മകനോടൊപ്പം ഷോ ചെയ്യാനും ഫ്ളേവ്ഴ്സ് ചാനലിന്റെ കോമഡി ഫെസ്റ്റിവലിലും അവസരം ലഭിച്ചു.ഇപ്പോൾ യുകെയിൽ സെറ്റിലായ കക്ഷി അവിടെയും കലാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു.ഈ കഴിഞ്ഞ വർഷം 30 ലധികം പ്രോഗാമുകൾ ചെയ്ത ടിജി ഒരു സ്റ്റാൻഡപ് താരം കൂടിയാണ്. ഇത്തരത്തിലായിരുന്നു ജീസ് കൈതാരം ടിജിയെ കുറിച്ച് പങ്കുവെച്ച കുറിപ്പ്.