മലയാള സിനിമയിലെ ഹാസ്യ രാജാക്കന്മാരിൽ ഒരാളായ മാമുക്കോയ വിടപറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാട്ടിലെ ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മലയാള സിനിമയിൽ നർമ്മരംഗങ്ങളിൽ എന്നും തിളങ്ങിയിട്ടുള്ള എണ്ണം പറഞ്ഞ കലാകാരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. മലബാറിന്റെ തനത് ഭാഷ ശൈലിയിൽ മാമുക്കോയ പറഞ്ഞ കോമഡികളും അതിനെ വെല്ലുന്ന കൗണ്ടറുകളും ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നു. അതിൽ ഗഫൂർക്കാ ദോസ്ത് എന്നതൊക്കെ മലയാളിയുടെ അഡ്രസ് ആയി മാറിയ ഡയലോഗുകൾ ആണ്.
ഏകദേശം നാല് പതിറ്റാണ്ടിലേറെ മലയാള സിനിമയിൽ നിറഞ്ഞു എന്ന് അദ്ദേഹം ഏകദേശം 450ലെറെ സിനിമയിലാണ് അഭിനയിച്ചത്. നാടകങ്ങളിൽ നിന്നാണ് മാമുക്കോയയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. ഒരിക്കൽ ഒരു അഭിമുഖത്തിൽ മാമുക്കോയ തന്നെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് പറഞ്ഞിരുന്നു. വൈക്കം മുഹമ്മദ് ബഷീറിൻറെ ശുപാർശയിൽ ആണ് സിനിമയിൽ ആദ്യമായി നല്ലൊരു വേഷം മാമുക്കോയക്ക് ലഭിക്കുന്നത്. പിന്നീട് ശ്രീനിവാസൻ ആണ് തനിക്ക് ഒരു ശ്രദ്ധേയമായ വേഷം വാങ്ങിത്തന്നത് എന്നും മാമുക്കോയ പറഞ്ഞിട്ടുണ്ട്. കലാകാരൻ ആകണമെന്നുള്ള ആഗ്രഹം ചെറുപ്പം മുതൽ ഉണ്ടായിരുന്നു എങ്കിലും അതിനുള്ള സാഹചര്യം ആയിരുന്നില്ല നടന്റേത്. വീട്ടിലെ ചെറിയ നാടകങ്ങൾ ഒക്കെ കണ്ടുവരുന്ന മാമു പതിയെ അഭിനയത്തിലേക്ക് കടക്കുക ആയിരുന്നു.
അല്പം വലുതായപ്പോൾ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിന് മരത്തിൻറെ അളവു പണിക്ക് പോയിത്തുടങ്ങി. ഒപ്പം കോഴിക്കോടും പരിസരപ്രദേശങ്ങളിലും നാടക അഭിനയവും തുടർന്നു. അന്ന് കോഴിക്കോടിന്റെ കലാസാംസ്കാരിക രംഗത്തും സാഹിത്യ രംഗത്തും ഒക്കെ നിറഞ്ഞുനിന്നിരുന്ന എസ് കെ പൊറ്റക്കാട് ബഷീർ ബാബുരാജ് എന്നിവയൊക്കെ ആയിട്ടും മാമുക്കോയക്ക് സൗഹൃദം ഉണ്ടായിരുന്നു. അതിനിടയാണ് അവിടത്തെ നാടക സംഘത്തിലുള്ളവർ ചേർന്ന് ഒരു സിനിമ ഒരുക്കുന്നത്. ആ സിനിമയിൽ അഭിനയിച്ചിലും ശ്രദ്ധിക്കപ്പെട്ടില്ല. അതിനുശേഷം അഞ്ചുവർഷം കഴിഞ്ഞാണ് ഒരു സിനിമയിൽ ചെറിയ വേഷത്തിൽ മാമുക്കോയ അഭിനയിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീർ ആയിരുന്നു ആ വേഷം വാങ്ങി കൊടുത്തത്.
സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിലെ സംവിധായകനും എഴുത്തുകാരനും അനുഗ്രഹം വാങ്ങാൻ ബഷീറിൻറെ അടുത്ത് വന്നപ്പോൾ അവിടെയുണ്ടായിരുന്ന മാമുവിനെ ബഷീർ പരിചയപ്പെടുത്തുകയും വേഷം എന്തെങ്കിലും ഉണ്ടെങ്കിൽ കൊടുത്തു കൂടെ എന്ന് ചോദിക്കുകയും ആയിരുന്നു. കോഴിക്കോട് തന്നെ നടക്കുന്ന സിനിമയായിരുന്നു. പോയി നോക്കണമെന്ന് ബഷീർ പറഞ്ഞതനുസരിച്ച് മാമുക്കോയ സെറ്റിൽ എത്തുകയായിരുന്നു. ഉമ്മർ അഭിനയിക്കുന്ന സിനിമ. അദ്ദേഹം ഒരു അറബിയാണ്. അറബി കല്യാണവും മറ്റും ഒക്കെയാണ് കഥ. സിനിമയിൽ അറബിക്ക് പോകാനും വരാനും ഒരു കുതിര വണ്ടി ഉണ്ട്. കുതിരവണ്ടികാരൻറെ വേഷം ഒരു സുഹൃത്തിനെ ലഭിച്ചു. മറ്റു വേഷങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ കുതിരയ്ക്ക് പുല്ല് ഇട്ടുകൊടുക്കുന്ന ആളായി മാമുക്കോയയെ അവർ തീരുമാനിച്ചു.
ഷൂട്ടിങ്ങിന് ഇടെ മാമുക്കോയയോട് സഹതാപം തോന്നിയ ബഹദൂർ നെല്ലിക്കോട് ഭാസ്കരനും ചേർന്ന് സംവിധായകനോട് പറഞ്ഞു ആ സിനിമയിൽ തന്നെ ചായക്കട സീനിൽ കൂടി മാമുക്കോയയെ ഉൾപ്പെടുത്തി. അങ്ങനെ മാമുക്കോയുടെ രണ്ടാമത്തെ സിനിമ സംഭവിക്കുകയായിരുന്നു. എന്നാൽ തൻറെ ജീവിതം മാറ്റിയത് ശ്രീനിവാസൻ തിരക്കഥ എഴുതി സിബി മലയിൽ സംവിധാനം ചെയ്ത ദൂര ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയ്ക്ക് ശേഷമാണെന്നാണ് മാമുക്കോയ പറഞ്ഞത്. ശ്രീനിവാസൻ ആയിരുന്നു ആ വേഷം നൽകിയത്.
അറബി മുൻഷി ആയി എത്തിയ മാമുക്കോയയെ ബോധിച്ച സിബി മലയിൽ ശ്രീനിവാസനോട് അത് പറയുകയും പിന്നീട് ആ കഥാപാത്രത്തിന് വേണ്ടി കൂടുതൽ സീനുകൾ ചേർത്ത് സിനിമയിലെ പ്രധാന കഥാപാത്രം ആക്കുകയും ആയിരുന്നു. അതോടെ മരം അളവുകാരൻ മാമു നടൻ മാമുക്കോയ ആയി മാറി. ആ സിനിമയ്ക്ക് ശേഷം തനിക്ക് നാടകത്തിൽ അഭിനയിക്കാനോ മരം അളക്കാനോ പോകേണ്ടി വന്നിട്ടില്ല എന്നാണ് മാമുക്കോയ പറഞ്ഞത്. അതിനുശേഷം സത്യനന്ദിക്കാ സിനിമയിൽ അടക്കം ശ്രീനിവാസൻ മാമുക്കോയക്ക് വേഷം വാങ്ങി നൽകി. പിന്നീട് അങ്ങോട്ട് മാമുക്കോയ എന്ന നടൻറെ വളർച്ച ആയിരുന്നു.