നമുക്കെല്ലാവർക്കും പ്രിയപ്പെട്ട ചോക്ലേറ്റിനായി ഒരു ദിനം ഉണ്ട്. ഒരു നുള്ള് ചോക്ലേറ്റ് കൊണ്ട് ഒത്തിരി മധുരമുള്ള ഓർമ്മകൾ നമുക്കെല്ലാം ഉണ്ടായിട്ടുണ്ട്. ജൂലൈ 7 ലോക ചോക്ലേറ്റ് ദിനമായിരുന്നു. നമുക്ക് ഇത്രയേറെ ഇഷ്ടമുള്ള സാധനത്തിന്റെ ചരിത്രവും സവിശേഷതകളും ഏറെയാണ്. മെക്സിക്കോയിലെ നഗരമായ മോസോഅമേരിക്ക എന്ന സ്ഥലത്ത് 4000 വർഷങ്ങൾക്കു മുൻപാണ് ആദ്യമായി കൊക്കോ കുരുവിൽ നിന്ന് ചോക്ലേറ്റ് ഉണ്ടാക്കിയതെന്നാണ് കരുതപ്പെടുന്നത്. അതിനായി ഉപയോഗിച്ച പാത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. അന്നത്തെ ഗോത്ര സമൂഹമായ ആളുകൾ ചോക്ലേറ്റുകൾ മരുന്നു പോലെ കുടിക്കുമായിരുന്നു. ഇന്ന് നമ്മുടെ ചോക്ലേറ്റ് എന്ന സങ്കല്പം യഥാർത്ഥത്തിൽ ബാർ ചോക്ലേറ്റിന്റെ രൂപത്തിലാണ്.
എന്നാൽ എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് ചോക്ലേറ്റ് ഒരു പാനീയമായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. മുളകും ധാന്യ പൊടികളും വെള്ളവും വറുത്ത കൊക്കോ കുരുവിനൊപ്പം ചേർത്തുണ്ടാക്കുന്ന മായന്മാരുടെ പാനീയം. ദൈവത്തിൻറെ പാനീയം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ചോക്ലേറ്റ് എന്നാൽ മധുരം എന്ന ഓർമ്മ വരുമെങ്കിലും അന്നത്തെ കാലത്ത് കൈപ്പോടെയാണ് ചോക്ലേറ്റ് എല്ലാരും സേവിച്ചിരുന്നത്. അതുപോലെ പതിനഞ്ചാം നൂറ്റാണ്ടിൽ മെക്സിക്കോയിലെ ആസ്റ്റിക് സാമ്രാജ്യത്തിന് കീഴിൽ കൊക്കോ കുരുവും ചോക്ലേറ്റും പണമായി ഉപയോഗിക്കുമായിരുന്നു. യുദ്ധത്തിന് പോകുന്ന പോരാളികൾക്ക് കൊടുക്കുന്ന എനർജി ഡ്രിങ്കും ആയിട്ടുണ്ട് നമ്മുടെ ചോക്ലേറ്റ്. ലാറ്റിൻ അമേരിക്കയിൽ ഉണ്ടായിരുന്ന ഈ സംഗതി യൂറോപ്പിലെത്തിയത് ഒരു യുദ്ധത്തിന് ഒടുവിലാണ്.
ആസ്റ്റിക് സാമ്രാജ്യം പിടിച്ചടക്കിയ സ്പാനിഷ് ഭരണാധികാരി തിരിച്ച് സ്പെയിനിലേക്ക് മടങ്ങുമ്പോൾ സ്വർണത്തിനും മറ്റും വിലപിടിപ്പുള്ള വസ്തുക്കൾക്കും ഒപ്പം കുറച്ചു നിധിയും കരുതി, കൊക്കോ കുരു. 1528 സ്പെയിനിൽ എത്തിയതോടെയാണ് ചോക്ലേറ്റിനു മധുരം വരുന്നത്. തേനും പഞ്ചസാരയും ചേർത്ത് സ്പാനിഷ് സ്പെഷ്യൽ ചോക്ലേറ്റ് ഹിറ്റായി. ഏറെ നാൾ രഹസ്യമാക്കി വച്ച സ്വീറ്റ് സീക്രട്ട് 1615 ഒരു കല്യാണത്തിലൂടെയാണ് ഫ്രാൻസിലെത്തുന്നത്. സ്പാനിഷ് രാജാവായ ഫിലിപ്പ് മൂന്നാമന്റെ മകൾ ഫ്രാൻസിലേക്ക് ലൂയിസ് പതിമൂന്നാമനുമായി കല്യാണം കഴിച്ചു പോകുമ്പോൾ സമ്മാനമായി കൂടെ പോയ ചോക്ലേറ്റ് പിന്നീട് ലോകം എങ്ങും എത്തി. ഇഷ്ട വിഭവമായി ആളുകളുടെ മനസ്സിൽ കയറിപ്പറ്റി. 1828 ചോക്ലേറ്റ് പ്രസ് കണ്ടുപിടിച്ചതോടെയാണ് ബാർ ചോക്ലേറ്റുകളുടെ വരവ്. ചോക്ലേറ്റ് ഉണ്ടാക്കുന്നത് വലിയൊരു പ്രക്രിയയാണ്.
കൊക്കോ കുരു കഴുകി വൃത്തിയാക്കി വറുഞ്ഞെടുത്ത് തൊലി കളഞ്ഞ് അരച്ചെടുക്കുന്ന ബട്ടറിൽ നിന്ന് വീണ്ടും കൊഴുപ്പിന്റെ അളവ് മാറ്റി സോളിഡ്സിൽ നിന്നാണ് ഡാർക്ക് ചോക്ലേറ്റ് ഉണ്ടാക്കുന്നത്. അതിൽ പാലോ വെണ്ണയോ ചേർത്താൽ ഇന്ന് മാർക്കറ്റിൽ ഏറ്റവും കാണപ്പെടുന്ന മിൽക്ക് ചോക്ലേറ്റ് കിട്ടും. കൊക്കോ ബട്ടറിൽ വാനില ഫ്ലേവർ ചേർത്താണ് വൈറ്റ് ചോക്ലേറ്റ് ഉണ്ടാക്കുന്നത്. വിപണിയിൽ കൂടുതലും ബാർ ചോക്ലേറ്റുകൾ ആണെങ്കിലും പാനീയമായ ഹോട്ട് ചോക്ലേറ്റും ആളുകൾക്ക് ഏറെ പ്രിയമാണ്. തണുപ്പുള്ള സ്ഥലങ്ങളിൽ ഹോട്ട് ചോക്ലേറ്റിനും ചോക്ലേറ്റ് കോഫിയ്ക്കും ഡിമാൻഡ് ഏറെയാണ്. ചോക്ലേറ്റ് അധികം കഴിച്ചാൽ അത് അപകടമാണ്. വിപണികളിലുള്ള ചോക്ലേറ്റിൽ അധികവും വലിയതോതിൽ കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഒരുപാട് കഴിച്ചാൽ മുതിർന്നവർ പറയുന്നതുപോലെ പല്ലിന് മാത്രമല്ല കേട്.
എളുപ്പത്തിൽ ജീവിതശൈലി രോഗങ്ങളും വരാം. അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ തന്നെ. എത്ര രുചിയുള്ളതാണെങ്കിലും ചോക്ലേറ്റും ആരോഗ്യത്തിന് വില്ലനാകാം. ലോകത്ത് പ്രതിവർഷം 75 ലക്ഷം ട്ടൺ ചോക്ലേറ്റ് ആണ് ആളുകൾ വാങ്ങുന്നത്. എട്ടുവർഷം എടുത്തതാണ് ചോക്ലേറ്റ് ഉണ്ടാക്കാനുള്ള പ്രക്രിയ കണ്ടുപിടിച്ചത്. ലോകത്ത് 70% കൊക്കോ കുരുവും ഉല്പാദിപ്പിക്കുന്നത് പശ്ചിമ ആഫ്രിക്കയിലാണ്. ചോക്ലേറ്റുകളുടെ ഉപഭോഗത്തിൽ ഏറ്റവും മുൻപിലുള്ള രാജ്യം സ്വിറ്റ്സർലൻഡ് ആണ്. ഒരു വ്യക്തി പ്രതിവർഷം അവിടെ 8.8 കിലോഗ്രാം ചോക്ലേറ്റ് ആണ് വാങ്ങുന്നത്. നമ്മൾ രുചിയോടെ കഴിക്കുന്ന ഈ ചോക്ലേറ്റുകൾ നായകൾക്ക് ഹാനികരമാണ്. ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള തിയോ ബ്രോമിൻ പദാർത്ഥം ദഹിപ്പിക്കാൻ നായകൾക്കാവില്ല. അതിനാൽ ചോക്ലേറ്റുകൾ അവയ്ക്ക് വിഷമാണ്.