മലയാള സിനിമയുടെ ഐകോണിക് നായികമാരിൽ ഒരാളാണ് ജയഭാരതി. അന്ന് ജയഭാരതി ചെയ്ത കരുത്തുറ്റനായിക വേഷങ്ങൾ കാലങ്ങൾക്കിപ്പുറവും ചർച്ചയാക്കപ്പെടുന്നതാണ്. ഇന്നത്തെ തലമുറയ്ക്ക് പോലും പ്രചോദനമാകാൻ ജയഭാരതിയിലെ അഭിനേത്രിക്ക് ആകും. വേറിട്ട ഒട്ടനവധി കഥാപാത്രങ്ങളെ ജയഭാരതി വെള്ളിത്തിരയിൽ എത്തിച്ചിട്ടുണ്ട്. ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ജയഭാരതി. പിന്നീട് അമ്മ വേഷങ്ങളിലും ജയഭാരതി നിറഞ്ഞു നിന്നിരുന്നു. എന്നാൽ ഇപ്പോൾ അഭിനയത്തിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ് ജയഭാരതി. ഈയടുത്ത് ജയഭാരതി വീണ്ടും ചർച്ചകളിൽ നിറഞ്ഞത് അമ്മ യോഗത്തിലൂടെയാണ്. 11 വർഷങ്ങൾക്ക് ശേഷമാണ് ജയഭാരതി അമ്മ യോഗത്തിന് എത്തിയത്.
തറവാട്ടിലേക്കുള്ള തിരിച്ചുവരവ് എന്നാണ് അമ്മ യോഗത്തിലേക്ക് വന്നതിനെ കുറിച്ച് ജയഭാരതി പറഞ്ഞത്. പിന്നാലെ ജയഭാരതിക്കൊപ്പം ഉള്ള താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി. അന്നത്തെയും ഇന്നത്തെയും രതിനിർവ്വേദം താരങ്ങൾ ഒരുമിച്ചുള്ള ചിത്രം വൈറലായി മാറിയിരുന്നു. അമ്മ യോഗത്തിന് വന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ കുടുംബത്തിലേക്ക് വരേണ്ടതല്ലേ എന്നായിരുന്നു ജയഭാരതിയുടെ പ്രതികരണം. അമ്മയെക്കുറിച്ച് ചെന്നൈയിലും ചർച്ചകൾ നടക്കാറുണ്ടെന്നും ജയഭാരതി പറഞ്ഞിരുന്നു. നല്ല നിലയിലാണ് സംഘടനാ പോകുന്നത്. സംഘടനയുടെ പ്രവർത്തനങ്ങൾ നല്ലതാണെന്നാണ് എല്ലാവരും പറയുന്നത് എന്നും ജയഭാരതി പറഞ്ഞു. അതെസമയം കാലങ്ങൾക്ക് ശേഷം വരുന്നതുകൊണ്ടുതന്നെ കുറച്ചുപേരെ തനിക്കറിയാവൂ എന്നാണ് ജയഭാരതി പറയുന്നത്.
തന്റെ കൂടെ അഭിനയിച്ചവരായി കുറച്ചു പേരെ ഉള്ളൂ എന്നും താരം പറഞ്ഞു. അമ്മ യോഗത്തിന് വരണം എന്നത് ആഗ്രഹമായിരുന്നു എന്നും താരം പറഞ്ഞു. രസകരമായ തമാശകളും ജയഭാരതി പറയുന്നുണ്ട്. ലാലു അലക്സ് തൻറെ പെണ്ണുകാണാൻ വന്നതാണെന്ന് ജയഭാരതി പറഞ്ഞത് ചിരിക്കുള്ള വകയായി മാറി. എന്നാൽ ജീവിതത്തിലല്ല സിനിമയിൽ മാത്രം. നക്ഷത്രങ്ങളെ കാവൽ എന്ന സിനിമയിൽ ജയഭാരതിയെ പെണ്ണുകാണാൻ ചെല്ലുന്ന ആളായി അഭിനയിച്ചത് താനാണ് എന്നാണ് ലാലു അലക്സ് പറഞ്ഞത്. പെണ്ണുകാണാൻ വന്ന സമയത്ത് പുറകിലൂടെ പോയി എന്നെ ഇഷ്ടമല്ലെന്ന് ഞാൻ പറയുന്നുണ്ടെന്നും സോമൻ ആയിരുന്നു ചിത്രത്തിലെ നായകൻ എന്നും ജയഭാരതി പറയുന്നു. അതേസമയം മലയാളം അറിയാത്ത താൻ മലയാളത്തിലെ വലിയ താരമായി മാറിയതിന് നന്ദി പറയാനുള്ളത് പ്രേക്ഷകരോട് ആണെന്നും താരം പറയുന്നു.
വർഷങ്ങൾക്കു മുമ്പാണ് ജയഭാരതി അഭിനയത്തിൽ നിന്നും ഇടവേള എടുക്കുന്നത്. മോഹൻലാൽ നായകനായ ഒന്നാമനാണ് അവസാനമായി അഭിനയിച്ച ചിത്രം. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഇടയ്ക്ക് മകനൊപ്പം യുഎസിലേക്ക് പോയിരുന്നു. മലയാളം കണ്ട ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ജയഭാരതി. രണ്ടുതവണ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും ജയഭാരതിയെ തേടി എത്തി. 1990 ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും താരത്തെ തേടി എത്തിയിട്ടുണ്ട്. 1969 പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് ജയഭാരതി നായികയായി മാറുന്നത്. പിന്നീട് മിന്നും താരമായി മാറി. 70കളിലെ ഹിറ്റ് ജോഡികൾ ആയിരുന്നു ജയഭാരതിയും സോമനും.