മലയാള സിനിമയിലെ ജനപ്രിയ നായകൻ മാരിൽ ഒരാളാണ് ജയറാം. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രങ്ങളിലൂടെയാണ് ജയറാം സൂപ്പർതാരമായി മാറിയത്. മലയാളത്തിന് പുറമേ തമിഴിലും അദ്ദേഹം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. മിമിക്രിയിൽ നിന്ന് സിനിമയിലേക്ക് എത്തിയ ജയറാം ആദ്യം കോമഡി വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീട് പ്രഗൽഭരായ സംവിധായകരുടെ കൂടെ വിവിധ സിനിമകളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച ജയറാം മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. അതേസമയം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് ജയറാം അഭിനയിച്ചിട്ടുള്ളത്.
അതിൽ മലയാളത്തിൽ പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും പരാജയപ്പെടുകയും ചെയ്തു. ഏറെ പ്രതീക്ഷയോടെ അവസാനം പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം പോലും ബോക്സ് ഓഫീസിൽ വമ്പൻ പരാജയം ആകുന്നതാണ് കണ്ടത്. മണിരത്നം സംവിധാനം ചെയ്ത് പുറത്തിറങ്ങിയ തമിഴ് ചിത്രം പൊന്നിയിൻ സെൽവനാണ് ജയറാമിന്റെ ഏറ്റവും ഒടുവിൽ റിലീസ് ആയ സിനിമ. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ജയറാം കയ്യടി നേടിയിരുന്നു. ആ ചിത്രത്തിൻറെ തന്നെ രണ്ടാം ഭാഗമാണ് ജയറാമിന്റെതായി ഇനി പുറത്തിറങ്ങുന്ന സിനിമ. കരിയറിന് സംഭവിച്ചതിനെ കുറിച്ച് ജയറാം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ ചെയ്തിട്ടും വേണ്ടത്ര ക്ലിക്ക് ആകാതെ പോയ നിരവധി സിനിമകളുണ്ട് അദ്ദേഹത്തിൻറെ കരിയറിൽ.
കഥ കേൾക്കുന്ന സമയത്ത് ഇത് എന്തായാലും പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്ന് തോന്നിയ സിനിമകൾ വരെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടെന്നും അങ്ങനെ വരുന്ന സന്ദർഭങ്ങളിൽ ശരിക്കും വിഷമം തോന്നിയിട്ടുണ്ടെന്നും ജയറാം തുറന്ന് പറഞ്ഞിട്ടുണ്ട്. ചില കഥകൾ കേൾക്കുമ്പോൾ നല്ലതായിരിക്കും. അത് കേട്ട് മികച്ചതാണ് എന്ന് തോന്നുമ്പോഴാണ് സ്വീകരിക്കുന്നത്. തിരക്കഥ വായിക്കാനൊന്നും സമയം കിട്ടിയെന്നു വരില്ല. എല്ലാ സിനിമകളും വിജയിക്കണമെന്ന് ആഗ്രഹത്തോടെ തന്നെയാണ് ചെയ്യുന്നത്. ചിലത് തുടങ്ങി കഴിയുമ്പോൾ മനസ്സിലാകും കയ്യിൽ നിന്ന് പോയെന്ന്. ഇപ്പോൾ നിർത്തിക്കോ ഇല്ലെങ്കിൽ തൻറെ ജീവിതവും പൈസയും പോക്കാണെന്ന് നമ്മളെ വിശ്വസിക്കുന്ന പ്രൊഡ്യൂസറിനോട് ഒരിക്കലും പറയാനും പറ്റില്ല.
അപ്പോഴേക്കും കുറെ പൈസ ചെലവായിട്ടുണ്ടാകും. ആ സിനിമ പൂർത്തിയാക്കുക എന്നത് ഇനി ചെയ്യാനുള്ളൂ എന്ന് ജയറാം പറയുന്നു. ഈ സിനിമ നന്നായി ഓടുമെന്ന കോൺഫിഡൻസ് ചില സിനിമകൾക്ക് തുടക്കത്തിൽ ലഭിക്കും. റിലീസിംഗ് സമയത്ത് ടെൻഷൻ ഉണ്ടാവാറുണ്ട്. നാണയം എറിഞ്ഞു നോക്കലോ പൂജാമുറിയിൽ തന്നെ ഇരിക്കെലോ ഒന്നും ഉണ്ടാകാറില്ല. എന്നും പ്രാർത്ഥിക്കുന്നത് പോലെ തന്നെ പ്രാർത്ഥിക്കും. എനിക്ക് സിനിമ തന്നവരെയും മാതാപിതാക്കളെയും എപ്പോഴും മനസ്സിൽ ഓർക്കാൻ ഉണ്ടെന്നും ജയറാം പറയുന്നു. അത്രയും ചെയ്തിട്ടും ഒരു ശതമാനം പോലും റിസൾട്ട് കിട്ടിയില്ലല്ലോ എന്നോർത്ത് കരയാറുണ്ട്. ചില സിനിമകൾ പെട്ടിയിൽ ആയിപ്പോയി. പിന്നെ കുറെ കാലം കഴിഞ്ഞ് ആരും അറിയാതെ ഇറങ്ങുന്ന അവസ്ഥയും വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തുടക്കകാലത്തെ ചില സിനിമകൾ ഒക്കെ എങ്ങനെ ഓടി എന്ന് ചിന്തിക്കാറുണ്ട്. ആക്ഷൻ രംഗങ്ങളിൽ ജയറാം വേണ്ടത്ര ശോഭിക്കുന്നില്ല, ഇതൊന്നും അങ്ങേർക്ക് പറ്റിയ പണിയല്ല, നല്ല കുടുംബ വേഷം എന്തെങ്കിലും ചെയ്താൽ പോരേ എന്നൊക്കെ ആളുകൾ പറഞ്ഞിട്ടുണ്ട്. എന്നാൽ അതൊക്കെ കേട്ട് ആക്ഷൻ വേഷങ്ങൾ ചെയ്യാതിരുന്നിട്ടില്ല. നേരത്തെ ഞാൻ ഫിസിക്കലി ഫിറ്റ് ആയിരുന്നില്ല. ഇപ്പോൾ എനിക്ക് തന്നെ ആത്മവിശ്വാസമുണ്ട്. മെലിഞ്ഞതിന്റെ ക്രെഡിറ്റ് ഒക്കെ പാർവതിക്ക് ആണ്. ഫിറ്റ്നസ് നിലനിർത്തണമെന്ന് പാർവതി എപ്പോഴും പറയാറുണ്ട്. ഡയറ്റിന്റെ കാര്യത്തിൽ സ്ട്രിക്ട് ആണ് പാർവതി. ഡയറ്റും വർക്കൗട്ടും എല്ലാം കൃത്യമായി ചെയ്യും.