എയർ ഇന്ത്യ നവീകരണത്തിന്റെ ഭാഗമായി 5100 അധികം തൊഴിൽ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. 900 പൈലറ്റ് മാരെ നിയമിക്കുന്നതായി കമ്പനി അറിയിച്ചു കഴിഞ്ഞു. ഈ വർഷം 4200 വിമാന ജീവനക്കാരെയും നിയമിക്കും. പൈലറ്റ് മാരുടെയും എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയർമാരുടെയും നിയമനം അതിവേഗത്തിൽ ആയിരിക്കും. കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനുള്ള എയർ ഇന്ത്യയുടെ പുതിയ പദ്ധതിയുടെ ഭാഗമായി എയർബസ്സിൽ നിന്നും ബോയിംഗിൽ നിന്നും 470 വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ കമ്പനി ഈ വർഷം നൽകിയിട്ടുണ്ട്.
അമേരിക്കൻ കമ്പനിയായ ബോയിങ്ങിന് നൽകിയ കരാർ പ്രകാരം 10 ലക്ഷത്തോളം തൊഴിൽ അവസരങ്ങളാണ് എയർ ഇന്ത്യ അമേരിക്കയിൽ സൃഷ്ടിക്കപ്പെടുക എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഒറ്റത്തവണ 470 വിമാനങ്ങൾക്ക് ഓർഡർ നൽകിയ എയർ ഇന്ത്യ ഏവിയേഷൻ രംഗത്തെ ഏറ്റവും വലിയ ഡീലുകളിൽ ഒന്നാണ് ഒപ്പിട്ടിരിക്കുന്നത്. ലോകത്തിലെ മികച്ച വിമാന കമ്പനിയായി എയർ ഇന്ത്യയെ ഉയർത്തുകയാണ് ടാറ്റാ ഗ്രൂപ്പിൻറെ ലക്ഷ്യം. ഇതിനകം ടാറ്റ ഗ്രൂപ്പ് 36 വിമാനങ്ങൾ വാടകയ്ക്ക് എടുത്തിട്ടുണ്ട്. എയർ ഇന്ത്യക്കും എയർ ഇന്ത്യ എക്സ്പ്രസിനും 140 വിമാനങ്ങൾ ആണ് നിലവിലുള്ളത്. ഇതിൽ ഭൂരിഭാഗവും വീതി കുറഞ്ഞ വിമാനങ്ങൾ ആണ്.
കരാർ ഒപ്പിട്ടിട്ടുള്ള 470 വിമാനങ്ങളിൽ 70 എണ്ണം വലിയ വിമാനങ്ങളും 400 എണ്ണം ചെറിയ വിമാനങ്ങളും ആണ്. ഓർഡർ അനുസരിച്ച് 470 വിമാനങ്ങളിൽ 31 എണ്ണം ഈ വർഷം തന്നെ എയർ ഇന്ത്യയ്ക്ക് ലഭിച്ചേക്കും എന്നാണ് സൂചന. എയർ ഇന്ത്യ വിസ്താര ലയനവും, എയർ ഇന്ത്യ എക്സ്പ്രസ്- എയർ ഏഷ്യ ലയനവും പൂർത്തിയാകുമ്പോൾ കമ്പനിയുടെ എണ്ണമറ്റ ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ ആയിരക്കണക്കിന് പൈലറ്റ് മാരുടെ ആവശ്യകതയുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ പൈലറ്റുമാരെ വരും വർഷങ്ങളിലേക്ക് നിയമിച്ചേക്കും.
രാജ്യത്തുടനീളം വിമാന ജീവനക്കാരെ നിയമിക്കാൻ എയർ ഇന്ത്യക്ക് ഉദ്ദേശമുണ്ട്. ഇതിനായി ജീവനക്കാർക്ക് വിമാനങ്ങളിൽ പ്രത്യേക പരിശീലനവും നൽകും. 15 ആഴ്ചയുടെ ട്രെയിനിങ് ആണ് ജീവനക്കാർക്ക് നൽകുന്നത്. കഴിഞ്ഞവർഷം മെയ് മുതൽ ഇതുവരെ 1900 ക്യാബിൻ ക്രൂവിനെ എയർ ഇന്ത്യ നിയമിച്ചിട്ടുണ്ട്. ഇതിൽ 500 ഓളം ജീവനക്കാർ കഴിഞ്ഞ മൂന്നു മാസത്തിനിടെ നിയമിച്ചതാണ്.