തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന നായിക നടിയാണ് സീത. വില്ലേജ് ഗേൾ ഇമേജുള്ള സീതയെ തേടി ഗ്രാമീണ തനിമയുള്ള നിരവധി കഥാപാത്രങ്ങൾ വന്നു. പിൽക്കാലത്ത് അമ്മയും ചേച്ചിയുമായി സീത അഭിനയിച്ചു. വിനോദയാത്രയിൽ ദിലീപിന്റെ കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമാണ് നടി ചെയ്തത്. മൈ ബോസിലെ ദിലീപിൻറെ അമ്മയുടെ വേഷവും. 80കളിൽ നായികയായി തമിഴ് തെലുങ്ക് സിനിമകളിൽ നിറഞ്ഞുനിന്ന സീത പിന്നീട് നടനും സംവിധായകനുമായുള്ള പാർത്ഥിപനും ഒപ്പമുള്ള വിവാഹശേഷം അഭിനയരംഗത്ത് നിന്നും പിന്മാറി. വേർപിരിയലിന് ശേഷം 2002ലാണ് നടി അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ടെലിവിഷൻ നടൻ സതീഷിനെ നടി 2010 രണ്ടാം വിവാഹം ചെയ്തു. എന്നാൽ 2016 ഈ ബന്ധവും അവസാനിച്ചു.
ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിൽ സീത പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നായികയായിരുന്ന കാലത്ത് താൻ അധികം മേക്കപ്പ് ഉപയോഗിച്ചിരുന്നില്ല എന്ന് സീത പറയുന്നു. കുറച്ച് മേക്കപ്പ് ഉപയോഗിക്കുമ്പോൾ ആണ് കാണാൻ ഭംഗി ഉണ്ടാവുക എന്നും നടി വ്യക്തമാക്കി. കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോൾ ആയിരുന്നു അഭിനയരംഗം വിട്ടത്. കുറച്ചുകൂടി കരിയർ പ്ലാൻ ചെയ്യാമായിരുന്നു എന്നും സീത വ്യക്തമാക്കി. എന്ത് സംഭവിച്ചാലും പ്രൊഫഷൻ വിടാൻ പാടില്ല. ഞാൻ ചെയ്തത് തെറ്റായിരുന്നു എന്ന് സമ്മതിക്കുന്നു. എനിക്ക് ചെറിയ പ്രായം മുതലേ കല്യാണം കഴിക്കണം കുടുംബം വേണം എന്ന ചിന്ത ഉണ്ടായിരുന്നതിനാൽ ഞാൻ പെട്ടെന്ന് കരിയർ ഉപേക്ഷിച്ചു.
അതിനുശേഷം ആണ് തിരിച്ചറിവ് വന്നത്. എന്തിനാണ് ഉപേക്ഷിച്ചത്? എല്ലാവർക്കും ലഭിക്കുന്ന അവസരം അല്ലല്ലോ ഇതെന്ന് ഒരു ഘട്ടത്തിൽ എനിക്ക് തോന്നിയെന്നും നടി തുറന്നുപറയുന്നു. എനിക്ക് ഒരുപാട് സാരികൾ ഉണ്ട്. അമ്മയ്ക്കും സഹോദരിമാർക്കും സുഹൃത്തുക്കൾക്കും എല്ലാം കൊടുക്കും. എന്നാൽ പിന്നെയും വാങ്ങും സാരി വാങ്ങുന്നത് എനിക്ക് ഇഷ്ടമാണ്. കോട്ടനും സിൽക്സാരികളും വളരെ ഇഷ്ടമാണ്. കഴിഞ്ഞ മൂന്ന് നാല് വർഷമായി പട്ടുസാരികൾ ധരിച്ച് പ്രത്യേകിച്ച് എവിടെയും പോവാനില്ല അതിനാൽ എല്ലാ വെള്ളിയാഴ്ചയും ഓരോ സാരികൾ ധരിക്കാൻ തീരുമാനിച്ചു. പുറത്തു പോകണമെന്നൊന്നുമില്ല വെള്ളിയാഴ്ചകളിൽ നല്ല സാരി ധരിച്ച് ഞാൻ വെറുതെ ഹാളിൽ ഇരിക്കും.
മകൾ എന്തിനാണ് അമ്മ റെഡിയായിരിക്കുന്നത് ആരാണ് വരുന്നത് എന്ന് ചോദിക്കും. എന്തിനാണ് ആരെങ്കിലും വരുന്നത് എനിക്ക് വേണ്ടിയാണ് ഞാൻ റെഡിയാവുന്നതെന്ന് മറുപടി നൽകുമെന്നും സീത പറയുന്നു. 1990ലായിരുന്നു പാർത്ഥിപന്റെയും സീതയുടെയും വിവാഹം. വിവാഹശേഷം സീത അഭിനയരംഗത്ത് നിന്നും മാറിയിരുന്നു. പാർത്ഥിപന് വിവാഹശേഷം അഭിനയിക്കുന്നതിൽ താല്പര്യമില്ലായിരുന്നു എന്നാണ് സീത അഭിമുഖത്തിൽ വ്യക്തമാക്കിയത്. അതേസമയം പാർത്ഥിപനുമായുള്ള കുടുംബജീവിതം ജീവിതത്തിലെ മനോഹരമായ സമയം ആയിരുന്നു എന്നും സീത തുറന്നുപറയുന്നുമുണ്ട്. 2001ലാണ് സീതയും പാർത്ഥിപനും വേർപിരിയുന്നത്. കണ്ണത്തിൽ മുത്തമിട്ടാൽ എന്ന സിനിമയിൽ സീതയുടെയും പാർധിപന്റെയും മകൾ കീർത്തന ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
ഈ സിനിമയിലൂടെ ദേശീയ പുരസ്കാരവും കീർത്തനയ്ക്ക് ലഭിച്ചു. മണി രത്നം ആയിരുന്നു ഈ സിനിമ ഒരുക്കിയത്. മാധവൻ സിമ്രാൻ തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഇന്ന് പ്രശ്നങ്ങളില്ലെങ്കിലും സീതയും പാർത്ഥിപനും മുൻപ് ആരോപണ പ്രത്യാരോപണങ്ങൾ നടത്തിയിരുന്നു. സീതയുടെ അമിത പ്രതീക്ഷകളാണ് വിവാഹബന്ധം തകർന്നതിന് കാരണമെന്നും സീതയാണ് തന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞതെന്നും പാർത്ഥിപൻ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് സീതയെ ചൊടിപ്പിച്ചു. പാർത്ഥിപൻ പറഞ്ഞത് തെറ്റാണെന്ന് സീത പറഞ്ഞു. തന്റേത് മാത്രമായ ഭർത്താവിനെ മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ എന്നും നടി വ്യക്തമാക്കി.