മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. നായകനായി വില്ലനായി സഹനടനായും എല്ലാം തിളങ്ങിനിൽക്കുകയാണ് ഷൈൻ. കൈ നിറയെ ചിത്രങ്ങളുമായി കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഷൈൻ കടന്നുപോകുന്നത്. പോയ വർഷം പത്തിൽ അധികം സിനിമകളിലാണ് ഷൈൻ അഭിനയിച്ചത്. ഈ വർഷം ഇതിനകം 7 സിനിമകളിൽ നടൻ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്കിൽ നാനി നായകനായ ദസറ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ഷൈൻ അഭിനയിച്ചിരുന്നു. ഷൈൻ്റെ രണ്ടാമത്തെ തെലുങ്ക് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. മലയാളത്തിലും ഒരുപിടി ചിത്രങ്ങൾ ഷൈനിൻ്റേതായി അണിയറയിൽ ഉണ്ട്.
സിനിമയിൽ തിളങ്ങിനിൽക്കുമ്പോൾ തന്നെ പല വിവാദങ്ങളും ചെന്ന് ചാടാറുണ്ട് നടൻ. വരുംവരായികളെ കുറിച്ചൊന്നും ചിന്തിക്കാതെ അഭിപ്രായങ്ങൾ വെട്ടി തുറന്നു പറയുന്നതാണ് പലപ്പോഴും നടനു തിരിച്ചടി ആകാറുള്ളത്. എന്നാൽ ആ സ്വഭാവം കൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് ഷൈൻ. നടൻറെ അഭിമുഖങ്ങൾ ഒക്കെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഷൈനിന്റെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. അടുത്തകാലത്തായി നിരവധി വില്ലൻ വേഷങ്ങളിൽ നടൻ അഭിനയിച്ചിരുന്നു. അതിന് പലതിനും വലിയ സ്വീകാര്യതയും ലഭിക്കുകയുണ്ടായി. അതേക്കുറിച്ച് മനസ്സുതുറക്കുകയാണ് ഷൈൻ ടോം ചാക്കോ. തന്റെ രൂപവും ഇമേജും ഒക്കെ വില്ലൻ വേഷങ്ങളിൽ കൂടുതൽ കയ്യടി ലഭിക്കാൻ കാരണമെന്നാണ് ഷൈൻ പറയുന്നത്. നായകനെക്കാൾ ഒരു പടി കൂടി പെർഫോം ചെയ്യാൻ കഴിയുന്നത് വില്ലൻ ആയിരിക്കും. വില്ലത്തരങ്ങൾ നിത്യജീവിതത്തിൽ കാണാൻ കഴിയില്ലല്ലോ. ചിരിച്ചുകൊണ്ട് പെരുമാറുന്നവർ ആയിരിക്കും വില്ലന്മാർ.
പുറമേക്കാർക്കും വില്ലത്തരങ്ങൾ കാണിക്കാൻ പറ്റില്ലല്ലോ. സിനിമയിൽ മാത്രമല്ല വില്ലന്മാർ ആകാൻ പറ്റൂ. അപ്പോൾ നമ്മുടെ ഉള്ളിലുള്ള നെഗറ്റീവുകൾ എല്ലാം ഉപയോഗിക്കുന്നത് സിനിമയിൽ വില്ലത്തരം കാണിക്കാനാണ്. സിനിമയിൽ എല്ലാവരുടെയും പൂർണ്ണ സമ്മതത്തോടെ അത് ചെയ്യാം. അടിയും കിട്ടില്ല എന്ന് ഷൈൻ പറയുന്നു. വില്ലൻ വേഷങ്ങൾ ചെയ്യാൻ എളുപ്പമാണെന്നും ഷൈൻ അഭിപ്രായപ്പെടുന്നു. കോമഡി അഭിനയിക്കാൻ പറ്റില്ല. ഒരു ടൈമിൽ ചെയ്തില്ലെങ്കിൽ ശരിയാകില്ല. ആ സമയത്ത് എല്ലാവരുടെയും ടൈമിംഗ് വളരെ പ്രധാനപ്പെട്ടതാണ്. വില്ലൻ അങ്ങനെയല്ല അയാളുടെ സ്വന്തം പെർഫോമൻസ് ആണ്. വില്ലന് ലൗഡ് ആയിട്ടും പെർഫോം ചെയ്യാം. കുറിപ്പ് സിനിമയിലേത് ലൗഡ് ആയിട്ടുള്ളതാണ്. എന്നാൽ ദസറയിൽ അങ്ങനെയല്ലെന്ന് ഷൈൻ പറഞ്ഞു. തനിക്ക് ഇന്ന വേഷങ്ങൾ ചെയ്യണമെന്ന് ആഗ്രഹമില്ല.
അഭിനയിക്കണമെന്ന് മാത്രമാണ് മോഹം എന്നും ഷൈൻ വ്യക്തമാക്കി. ഒരു വേഷം കഴിഞ്ഞാൽ വീണ്ടും അതേ വേഷം ചോദിക്കും. ഏതു വേഷവും സ്വീകരിക്കും. ദിനോസർ ആയിട്ടും അഭിനയിക്കും. ഏതു കഥാപാത്രത്തെ അഭിനയിക്കാൻ പറഞ്ഞാലും ചെയ്യും. സംവിധാന സഹായിയായി സിനിമയിലേക്ക് വന്നതുതന്നെ അഭിനയിക്കാനാണ്. അഭിനയത്തിൽ മാത്രം ആരുടെയും സഹായി ആകാൻ പറ്റില്ല. അതിനാലാണ് സംവിധാന സഹായി ആയതെന്നും ഷൈൻ പറഞ്ഞു. വികെ പ്രകാശ് സംവിധാനം ചെയ്ത ലൈവ് ആണ് ഷൈനിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മമ്ത മോഹൻദാസ്, പ്രിയ വാര്യർ, സൗബിൻ ഷാഹിർ എന്നിവർ അണിനിരക്കുന്ന ചിത്രം തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആറാം തിരു കൽപ്പന, അയ്യർ കണ്ട ദുബായ് തുടങ്ങിയ സിനിമകളാണ് ഷൈനിൻ്റേതായി അണിയറയിൽ ഉള്ളത്. തെലുങ്കൽ ബിഗ് ബജറ്റ് ചിത്രമായ ദേവരയിലാണ് നടൻ അഭിനയിക്കുന്നത്.