ബിഗ് ബോസ് മലയാളം അഞ്ചാം സീസണില് നിന്ന് ഏറ്റവും ഒടുവിൽ പുറത്തായ മത്സരാർത്ഥിയാണ് അഞ്ചുസ് റോഷ്. ഷോയുടെ അമ്പതാമത്തെ ദിവസമാണ് അഞ്ചുസിന് ഷോയിൽ നിന്നും പടിയിറങ്ങേണ്ടി വന്നത്. തുടക്കത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ മത്സരാർത്ഥിയായിരുന്നു അഞ്ചുസ്. വളരെ പെട്ടെന്ന് തന്നെ മറ്റു മത്സരാർത്ഥികളുമായി അടുക്കാൻ അഞ്ചുസിന് സാധിച്ചിരുന്നു. പിന്നീട് അത് തന്നെ അഞ്ചുസിന് വിനയാകുന്നതാണ് കണ്ടത്. കൂടുതൽ ശ്രദ്ധ സൗഹൃദത്തിലേക്ക് പോയതോടെ അത് അഞ്ചൂസിന്റെ ഗെയിമിനെ ബാധിക്കാൻ തുടങ്ങി. പ്രേക്ഷകർക്കിടയിൽ സേഫ് ഗെയിമർ എന്നൊരു പേരും അഞ്ചുസിന് വീണു. അവസാന ആഴ്ച അതിൽ നിന്നൊക്കെ മാറി പതിയെ ഗെയിമിലേക്ക് തിരികെ വരാൻ ശ്രമിക്കുമ്പോഴേക്കും അഞ്ചു പുറത്താവുകയായിരുന്നു.
ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തെത്തിയശേഷം സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താൻ തനിക്ക് സമയമെടുത്തു എന്ന് പറയുകയാണ് അഞ്ചുസ് ഇപ്പോൾ. പോയപ്പോൾ ഉള്ള സന്തോഷം അല്ല തനിക്ക് തിരിച്ചെത്തിയപ്പോൾ ഉള്ളതെന്ന് താരം പറയുന്നു. ബിഗ് ബോസ് ഹൗസിലെ തന്റെ സൗഹൃദം തെറ്റിദ്ധരിക്കപ്പെട്ടതിനെ കുറിച്ചും അത് ജീവിതത്തെ ബാധിച്ചതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അഞ്ചുസ്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ തൻറെ വിവാഹത്തെ കുറിച്ചും താരം സംസാരിക്കുന്നു. ഒന്നര വർഷത്തോളം ശ്രമിച്ചതിനുശേഷം ആണ് എനിക്ക് ബിഗ് ബോസ് ഷോയിൽ അവസരം ലഭിച്ചത്. എനിക്ക് എൻറെ ഐഡൻറിറ്റി വെളിപ്പെടുത്തണമെന്ന് ഉണ്ടായിരുന്നു.
ഞാനാരാണെന്ന് എനിക്ക് തുറന്നു പറയാനുള്ള അവസരം ആയിട്ടാണ് ഞാൻ ബിഗ് ബോസ് ഷോയെ കണ്ടത്. അത്രയധികം സന്തോഷത്തോടെയാണ് ഞാൻ ഷോയിലേക്ക് പോയത്. അവിടെ നിന്നപ്പോഴും വളരെ ഹാപ്പി ആയിരുന്നു. 50 ദിവസം നിൽക്കാൻ സാധിച്ചു എന്നതിൽ സന്തോഷം ഉണ്ടായിരുന്നു. ലാലേട്ടന്റെ അടുത്ത് വന്ന് നിന്ന് അനുഗ്രഹം വാങ്ങി ഇറങ്ങുമ്പോഴും ആ സന്തോഷം ഉണ്ടായിരുന്നു. പക്ഷേ വീട്ടിൽ നിന്ന് പുറത്തെത്തിയശേഷം യൂട്യൂബിലും മറ്റും കണ്ട പ്രതികരണങ്ങൾ വിഷമിപ്പിച്ചു എന്ന് അഞ്ചൂസ് പറയുന്നു. ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്ന സീസണിൽ ഒറിജിനലായി നിൽക്കാനാണ് ശ്രമിച്ചത്. അങ്ങനെ നിന്നാൽ ശരിയാവില്ല എന്ന് അവിടെ പലരും പറഞ്ഞെങ്കിലും അങ്ങനെ നിൽക്കാനായിരുന്നു ഞാൻ ശ്രമിച്ചത്. ബിഗ് ബോസ് ഹൗസിൽ ഞാൻ ഗ്രൂപ് കളിച്ചിട്ടില്ല.
സെറീന യും റെനീഷയും എൻറെ നല്ല സുഹൃത്തുക്കളാണ്. അവരുടെ സൗഹൃദം ഗെയിമിലേക്ക് കൊണ്ടുവരാതിരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അഞ്ചൂസ് പറയുന്നു. ഞാൻ ആദ്യം അടുത്തത് സെറീനയുമായിട്ടാണ്. സെറീനയിലൂടെയാണ് റെനീഷയുമായി അടുക്കുന്നത്. എവിടെയാണെങ്കിലും നമുക്ക് വൈബ് ഉള്ളതുപോലെയാണ് സൗഹൃദങ്ങൾ ഉണ്ടാകുന്നത്. അതാണ് എനിക്ക് സെറീനയോടും റെനീഷയോടും ഉണ്ടാവുന്നത്. റെനീഷയുമായുള്ള സൗഹൃദം തെറ്റിദ്ധരിക്കപ്പെട്ടതാണ് ഇപ്പോൾ ഏറ്റവും വേദനിപ്പിക്കുന്നതെന്നും അഞ്ചൂസ് വ്യക്തമാക്കി. ഞാൻ ഒരു ടോം ബോയ് ആണെന്ന് പറഞ്ഞതുകൊണ്ട് ആരോടും അടുപ്പം കാണിച്ചാലും അതിനെ മറ്റൊരു തരത്തിൽ എടുക്കുന്നത് എന്തിനാണ്.
എന്നെ ഒരു കോഴിയായി മാറ്റി ഞാൻ എന്ത് തെറ്റാണ് ചെയ്തത്. ഇതിലിപ്പോ ആരെയാണ് കുറ്റം പറയേണ്ടതെന്ന് എനിക്കറിയില്ല. റിനീഷയോട് അളിയാ ഐ ലവ് യു എന്ന് പറഞ്ഞാൽ അതിനു മറ്റൊരു അർത്ഥമില്ല. അതൊരു സൗഹൃദത്തിൻറെ പുറത്താണ്. പുറത്ത് മറ്റൊരാളുമായി ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഞാൻ പോകുമ്പോഴുള്ള സന്തോഷം തിരിച്ചു വരുമ്പോൾ കുടുംബത്തിൽ ആർക്കും ഉണ്ടായിരുന്നില്ല. എന്തു ഉദ്ദേശത്തോടെയാണ് ഞാൻ പോയത് അതിനെ തെറ്റിദ്ധരിച്ചു. വളരെ ഹാപ്പിയായി നടന്ന ജീവിതത്തിൽ പ്രതീക്ഷിക്കാത്തത് സംഭവിച്ചു. എന്നെ ആരും മനസ്സിലാക്കിയില്ലല്ലോ എന്ന വിഷമം ഏറ്റവും കൂടുതൽ എൻറെ ഗേൾഫ്രണ്ടിനാണ്.
അവളെന്നെ മനസ്സിലാക്കിയത് പോലെ മറ്റാരും എന്നെ മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ട് അവൾ ഇപ്പോഴും എൻറെ കൂടെയുണ്ട്. ഷോയിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ എൻറെ ഗേൾഫ്രണ്ടിനെ വേദനിപ്പിച്ചിട്ടില്ല. അവളെ വേദനിപ്പിച്ചത് എന്നെക്കുറിച്ച് പുറത്തുവരുന്ന കമന്റുകൾ ഒക്കെയാണ്. എൻറെ ഏറ്റവും വലിയ ആഗ്രഹമാണ് അവൾക്കൊപ്പം ഉള്ള വിവാഹവും ഒരുമിച്ചുള്ള ജീവിതവും. എന്നെക്കുറിച്ച് മോശമായി പറഞ്ഞവരെല്ലാം ഞങ്ങളുടെ കല്യാണം കാണണം. ഏറ്റവും നല്ല രീതിയിൽ അത് നടത്തണമെന്നാണ് ആഗ്രഹം എന്നും അഞ്ചൂസ് പറയുന്നു.