ബിഗ് ബോസ് മലയാളം സീസൺ ഫൈവ് സംഭവബഹുലമായ ഒരാഴ്ചയാണ് കടന്നുപോയത്. മുൻ മത്സരാർത്ഥികളായിരുന്ന രജിത് കുമാറിന്റെയും റോബിൻ രാധാകൃഷ്ണന്റെയും ചലഞ്ചേഴ്സ് ആയുള്ള വരവോടെ നിരവധി സംഭവ വികാസങ്ങളാണ് വീടിനുള്ളിൽ അരങ്ങേറിയത്. വീക്കിലി ടാസ്കിന്റെ ഭാഗമായി ഏതാനും ദിവസത്തേക്കാണ് ഇരുവരെയും ബിബി ഫൈവിലേക്ക് അണിയറ പ്രവർത്തകർ കൊണ്ടുവന്നത്. പൊതുവേ ഒഴുക്കൻ മട്ടിൽ പോകുന്ന ഷോക്ക് ഉണർവ് നൽകുക എന്നതായിരുന്നു ലക്ഷ്യം. ഒരു പരിധിവരെ ഇരുവരും അതിൽ വിജയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ ഷോയിൽ നിന്നിറങ്ങി ഇരുവരും കൊച്ചിയിൽ എത്തിയിരിക്കുകയാണ്. ഷോയിൽ അച്ചടക്ക ലംഘനം നടത്തിയതിന് റോബിനെ ബിഗ് ബോസ് പുറത്താക്കുകയായിരുന്നു.
ടാസ്ക് പൂർത്തീകരിച്ചപ്പോഴാണ് രജിത് കുമാർ വീടിന് പുറത്തേക്ക് വന്നത്. അതേസമയം ഷോയിൽ നിന്ന് തിരിച്ചെത്തിയ റോബിൻ രൂക്ഷവിമർശനമാണ് ഷോയ്ക്ക് എതിരെ ഉന്നയിച്ചത്. എന്നാൽ റോബിന്റെ പല പരാമർശങ്ങളും തള്ളിക്കൊണ്ട് ആയിരുന്നു രജിത് കുമാറിൻ്റെ പ്രതികരണം. അഞ്ചുദിവസത്തേക്കാണ് ബിഗ് ബോസ് ക്ഷണിച്ചതെന്നും യാതൊരു സ്ക്രിപ്റ്റും തങ്ങൾക്കുണ്ടായിരുന്നില്ല എന്നും രജിത്ത് കുമാർ പറഞ്ഞു. എപ്പിസോഡ് കണ്ട ശേഷം റോബിൻ വിഷയത്തിൽ പ്രതികരിക്കാം എന്നും രജിത് കുമാർ വിമാനത്താവളത്തിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഈ സീസണിലെ മത്സരാർത്ഥികളെ കുറിച്ചും രജിത്ത് സംസാരിച്ചു.
സീസൺ ഫൈവിൽ ഉള്ളത് കിടിലൻ പിള്ളേരാണെന്നാണ് രജിത് കുമാർ പറയുന്നത്. അവർക്ക് സ്വാർത്ഥതയില്ല. അതുകൊണ്ടുതന്നെ ടാസ്കും ഗെയിമും കഴിഞ്ഞാൽ അവർ നല്ല സൗഹൃദത്തിലാണ്. നമുക്ക് വേണ്ടത് അടി ഒക്കെ അല്ലേ. അവരെല്ലാം വിശാലമനസ്കരാണ്. മനസ്സാക്ഷിയുള്ളവരാണ് എന്ന് പറയാം. അതാണ് കറക്റ്റ് വാക്ക്. റോബിന്റെ ഇഷ്യൂ പറയാൻ എനിക്ക് അതൊന്നു കൂടി കണ്ടു ക്ലാരിഫൈ ചെയ്യേണ്ടതുണ്ട്. ഞാനെന്തു ചെയ്തു? എപ്പോഴാണ് ഔട്ടായത് എന്നതൊക്കെ നാളെ ലൈവിൽ അറിയാൻ കഴിയും. എന്നെ അഞ്ചുദിവസത്തേക്കാണ് വിളിച്ചത് എനിക്ക് തോന്നുന്നു അദ്ദേഹത്തെയും അങ്ങനെ തന്നെയാവണം. അത് കൃത്യമായിട്ട് അറിയില്ല എന്തായാലും ഞങ്ങൾ ഒന്നിച്ചാണ് വീടിനുള്ളിലേക്ക് പ്രവേശിച്ചത്.
എന്തായാലും ഞാൻ ഹാപ്പിയാണ് എന്നോട് മത്സരാർത്ഥികൾ ചെയ്തത് എന്താണ് എന്നൊക്കെ നാളെ ലൈവിൽ കാണാം എന്ന് രജിത് കുമാർ പറഞ്ഞു. റേറ്റിംഗ് കുറഞ്ഞതുകൊണ്ടാണോ നിങ്ങളെ കൊണ്ടുപോയെന്ന് ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു മറുപടി. വെറുതെ തോന്നലാണ്. വൈൽഡ് കാർഡ് ആണ് എങ്കിൽ പോലും 50 ദിവസത്തിനുള്ളിലെ കൊണ്ടുവരാൻ പാടുള്ളൂ എന്ന് എന്തെങ്കിലും നിയമം ഉണ്ടോ. അങ്ങനെ ഒന്നുമില്ല. ബിഗ് ബോസ് ഇൻറർനാഷണൽ ഷോയാണ്. തീരുമാനങ്ങൾ അവരുടെ തന്നെയാണ്. നമ്മൾ കരുതണം എന്ന പോലെ അത് പോകില്ല. റോബിൻവിഷയത്തെക്കുറിച്ച് ഞാൻ സംസാരിക്കുന്നതാണ്, അതിനു മുൻപ് എനിക്ക് ഇന്നത്തെയും നാളത്തെയും ഔട്ട് കാണണം.
എൻറെ മുന്നിലാണ് എല്ലാ കാര്യങ്ങളും നടന്നതെന്നും രജിത് കുമാർ പറഞ്ഞു. അതേ സമയം തങ്ങളെ ഗസ്റ്റ് ആയി വിളിച്ചതാണെന്നും ഒരു സ്ക്രിപ്റ്റും ഉണ്ടായിരുന്നില്ല എന്നും രജിത് കുമാർ വ്യക്തമാക്കി. ഒരു ദിവസം കോൾ വരുന്നു ഞാനൊരു തുക ചോദിക്കുന്നു, വരുമാനമില്ലാത്തതുകൊണ്ട് വലിയ തുകയാണ് ചോദിച്ചത്, അതോടെ ചുറ്റിപ്പോയെന്നാണ് തോന്നിയത്, എന്നാൽ അവർ അത് അംഗീകരിച്ച് എന്നെ വിളിച്ചു. ഞാൻ അതിലേക്ക് കേറുന്നതിന് രണ്ട് മിനിറ്റ് മുമ്പാണ് ബിബി ഹോട്ടലിലേക്കാണ് കയറുന്നത് എന്ന് പറയുന്നത്. റോബിന്റെ ചില വാദങ്ങളെയും രജിത് തള്ളിക്കളയുന്നുണ്ട്.
അഖിലിനെയും സാഗറിനെയും ടാർഗറ്റ് ചെയ്യാൻ ആവശ്യപ്പെട്ടാണ് തന്നെ അയച്ചതെന്ന് റോബിൻ പറഞ്ഞിരുന്നു. എന്നാൽ അത് താൻ വിശ്വസിക്കുന്നില്ല എന്ന് രജിത് കുമാർ പറഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. തെറ്റിദ്ധരിപ്പിക്കുന്നതും തമ്മിൽ തല്ലിക്കുന്നതും നല്ലൊരു ശീലമായിട്ട് എനിക്ക് തോന്നുന്നില്ല എന്നും രജിത് കുമാർ പറഞ്ഞു. എപ്പിസോഡ് കണ്ടശേഷം കൃത്യമായി കാര്യങ്ങൾ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.