ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വിപിൻദാസ് ഒരുക്കിയ ‘ജയ ജയ ജയ ജയഹേ’ എന്ന ചിത്രം കഴിഞ്ഞ വർഷത്തെ മലയാളത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു.സമൂഹത്തിലെ പല കുടുംബങ്ങളിലും നടക്കുന്ന ഗൗരവമേറിയ ഒരു സാമൂഹിക പ്രശ്നം നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ച ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിലെ ദർശന രാജേന്ദ്രന്റെ ഫൈറ്റ് സീനുകൾ എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.ഇപ്പോഴിതാ ചിത്രത്തിന് നേരെ ഒരു കോപ്പിയടി ആരോപണമാണ് ഉയർന്നുവന്നിരിക്കുന്നത്.ഫ്രഞ്ച് ചിത്രമായ കുങ്ങ് ഫു സോഹ്റയുടെ കോപ്പിയടിയാണ് ചിത്രം എന്നതാണ് ആരോപണം.ഇപ്പോഴിതാ ചിത്രത്തിൻറെ സംവിധായകൻ വിപിൻദാസ് ഈ ആരോപണങ്ങൾക്ക് മറുപടിയായി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ആറു മാസം മുൻപ് പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രത്തിനോട് ജയജയജയജയഹേയ്ക്ക് സാമ്യതയുണ്ടെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ വളരെ വിഷമമുണ്ടാക്കുന്നതാണെന്ന് വിപിൻദാസ് കുറിപ്പിൽ പറയുന്നു.ഫ്രഞ്ച് ചിത്രത്തിൻറെ സീനുകൾ താൻ വളരെയധികം ഞെട്ടലോടെയാണ് കണ്ടതെന്നും രണ്ടു ചിത്രങ്ങളിലൂടെയും സീനുകളും ഫൈറ്റ് സീനുകളും തമ്മിൽ വളരെയധികം സാമ്യം ഉണ്ടെന്നും വിപിൻദാസ് പറയുന്നു.എന്നാൽ ആ ചിത്രത്തിൽ നിന്നും ഒരു സീനും പകർത്തിയിട്ടില്ലെന്ന ബോധ്യം എനിക്കുള്ള ഉള്ള കാലം ഒരു തരത്തിലുള്ള കുപ്രചരണങ്ങളും എന്നെ അലട്ടില്ല.ആ ചിത്രത്തെ ഇഷ്ടപ്പെട്ടവർക്കും അതിൽ അഭിനയിച്ചവർക്കും ഈ പ്രചാരണങ്ങൾ മൂലം ദുഃഖം ഉണ്ടായതിനാലാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു പോസ്റ്റ് പങ്കുവെക്കുന്നതെന്ന് വിപിൻദാസ് പറയുന്നു.
ആറു മാസം മുൻപ് ഇറങ്ങിയ സിനിമയിൽ നിന്നും കോപ്പി അടിച്ചു കഥയുണ്ടാക്കി റിലീസ് ചെയ്യാൻ സിനിമയിൽ എളുപ്പമല്ലെന്ന് വിവേകമുള്ളവർക്ക് മനസിലാകുമെന്നു വിചാരിക്കുന്നു.മേൽ പറയുന്ന ചിത്രം റിലീസ് ആയതു 9 മാർച്ച് 2022നാണ്.ഗൂഗിളിൽ റിലീസ് തീയതി കിടക്കുന്നതു 22 ഒക്ടോബർ 2021 എന്നതുമാണ്. പക്ഷെ റിലീസ് തീയതി മാറുകയും പിന്നീട് മുകളിൽ പറഞ്ഞ 9 മാർച്ച് 2022നു റീലീസാകുകയുമാണ് ചെയ്തത്.ജയ ഹേ 2022 ജനുവരി 26നാണ് അനൗൺസ് ചെയ്തത്, മാത്രമല്ല നമ്മുടെ സിനിമയുടെ സ്ക്രിപ്റ്റ് അതിനും ഒരു വർഷം മുൻപ് 2020 ഡിസംബറിൽ തന്നെ ലോക്ക് ചെയ്തിരുന്നു.അതിന്റെ തെളിവായി ഞാൻ മെയിൽ ചെയ്തിരുന്ന PDFൽ നായികാ കഥാപാത്രം അടിക്കുന്നതും ബ്ലോക്ക് ചെയ്യുന്നതും,ചവിട്ടി തെറിപ്പിക്കുന്നതും,റീവൈൻഡ് ചെയ്യുമ്പോൾ മൊബൈലിൽ ഫൈറ്റ് കണ്ടു പഠിക്കുന്നതും,പിന്നെ ഇവർ തമ്മിലുള്ള സംഘട്ടനവും എല്ലാം വളരെ വ്യക്തമായി ആ ഡ്രാഫ്റ്റിൽ എഴുതിട്ടുണ്ട്.
അപ്പോൾ അതിനൊക്കെ എത്രയോ മുന്നേ ആയിരിക്കും ഞങ്ങളത് എഴുതി തുടങ്ങിയിരിക്കുന്നത് എന്ന് ഊഹിക്കാമല്ലോ.ജയ ഹേ തിരക്കഥ രചന 2020 ൽ അന്താക്ഷരി പോസ്റ്റ് പ്രൊഡക്ഷൻ ടൈമിൽ എഴുതി തുടങ്ങിയതാണ്.29 ഡിസംബർ 2020ൽ സ്ക്രിപ്റ്റ് തീർത്ത് മെയിൽ ചെയ്തതിന്റെ തെളിവും താഴെ കൊടുത്തിട്ടുണ്ട്.2021 ജനുവരി മുതൽ പല പ്രൊഡ്യൂസറിനെയും,അഭിനേതാക്കളെയും സമീപിക്കുകയും ഒടുവിൽ ഡിസംബർ മാസത്തിലാണ് ബേസിൽ ജോസഫ്,ചിയേഴ്സ് മീഡിയ,ദർശന എന്നിവർ സിനിമയിലേക്ക് വരുന്നതും.മേൽ പറഞ്ഞ ഫ്രഞ്ച് ചിത്രം മാർച്ച് 9നു റിലീസ് ആയെങ്കിലും അത് ഫ്രഞ്ച് ഭാഷയിലും ആ രാജ്യത്തും മാത്രമാണ് റിലീസായത്,വരും മാസങ്ങളിൽ ആയിരുന്നു ബാക്കി രാജ്യങ്ങളിലേക്കുള്ള റിലീസ്.മെയ് 12നു ഷൂട്ടിംഗ് ആരംഭിച്ച ജയ ജയ ജയ ജയഹേ ജൂൺ പകുതി ആയപ്പോൾ തന്നെ തീർന്നിരുന്നു,ഗൂഗിളിൽ നിന്നും അറിയാൻ കഴിഞ്ഞത്.
ഇന്ത്യയിൽ റിലീസ് ചെയ്യാത്ത മേൽ പറഞ്ഞ ഫ്രഞ്ച് ചിത്രം ഓഗസ്റ്റ് 2022 ആണ് പുറം രാജ്യങ്ങളിൽ അതിൻ്റെ ഒടിടി റിലീസും തുടർന്ന് അതിൻ്റെ പൈറേറ്റഡ് ടോറന്റ്,ടെലിഗ്രാം ഫയലുകളും അതേ മാസത്തിൽ തന്നേയാണ് ഇൻറർനെറ്റിൽ വന്നത്. ജൂൺ ഷൂട്ട് കഴിഞ്ഞ നമ്മുടെ സിനിമ ഒക്ടോബറിൽ റിലീസും ചെയ്തു.പഴയ ജാക്കി ചാൻ ഫൈറ്റ് രംഗങ്ങൾ രണ്ടു സംവിധായകരും പിന്തുടർന്നതു കൊണ്ടാകാം ഇങ്ങനെയൊരു സാമ്യത വന്നതെന്നാണ് വിപിന്റെ നിഗമനം.ബേസിലിന്റെ കഥാപാത്രം കാർ വീട്ടിൽ കയറ്റിയിടുന്ന സീൻ റോമാ ചിത്രത്തിൽ നിന്ന് ഇൻസ്പയറായതാണെന്നും വിപിൻദാസ് പറയുന്നു.ഇനിയും ഈ രീതിയിലുള്ള ദുഷ് പ്രചരണങ്ങൾ നടത്തുന്നവരെ നിയമപരമായി നേരിടാൻ ജയ ഹേ ടീം തീരുമാനിച്ചിട്ടുണ്ട്.അതിനാൽ അനാവശ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കാനും സത്യം ജനങ്ങൾ മനസിലാക്കാനും ഈ പോസ്റ്റ് ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു.സിനിമ സ്വീകരിച്ചവർക്കും കൂടെ കട്ടക്ക് നിൽക്കുന്നവർക്കും ഒരിക്കൽ കൂടി നന്ദിയും വിപിൻദാസ് പറയുന്നു