നിരവധി വർഷങ്ങളായി മലയാള സിനിമയിൽ നിരവധി ചിത്രങ്ങളിലൂടെ നിറഞ്ഞുനിൽക്കുന്ന സൂപ്പർ താരമാണ് പൃഥ്വിരാജ്.മലയാള സിനിമയുടെ പുത്തൻ പ്രതീക്ഷകളുടെ പ്രതീകം കൂടിയാണ് ഇപ്പോൾ പൃഥ്വിരാജ്.നിരവധി പുത്തൻ പ്രോജക്ടുകൾ ആണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ ഏതാണ്ട് നാല് വർഷങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ച പൃഥ്വിരാജിന്റെ ബിഗ് ബജറ്റ് ചിത്രം കാളിയൻ ഷൂട്ടിംഗ് ഈ വർഷം ജൂണിൽ ആരംഭിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.പ്രഖ്യാപിച്ചിട്ട് ഇത്രയും നാളുകൾ ആയിട്ടും പല കാരണങ്ങളാൽ പ്രൊജക്ടിന്റെ മുന്നോട്ടുപോക്ക് വൈകുകയായിരുന്നു.
പഴയ തെക്കൻ ദേശത്തെ വീരയോദ്ധാക്കളുടെ കഥ പറയുന്ന ചിത്രമായ കാളിയൻ സംവിധാനം ചെയ്യുന്നത് എസ് മഹേഷ് ആണ്.കെജിഎഫ്,സലാർ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന് രവി ബസ്രൂര് കാളിയന്റെ സംഗീതസംവിധായകൻ ആയി എത്തുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.പി ടി അനിൽകുമാർ രചന നിർവഹിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്.ദേശീയ അവാർഡ് ജേതാവ് ബംഗ്ലൻ ആണ് പ്രൊഡക്ഷൻ ഡിസൈന്‍.വസ്ത്രാലങ്കാരം സുജിത് സുധാകറും നിർവഹിക്കുന്നു.കാളിയന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷമായിരിക്കും പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന എമ്പുരാൻറെ സെറ്റിൽ ജോയിൻ ചെയ്യുക എന്നാണ് പുറത്തുവരുന്ന വാർത്തകൾ.
1700 കാലഘട്ടങ്ങളിലെ കേരളത്തിലെ വേണാടിലെ വീരയോദ്ധാക്കളുടെ കഥയാണ് കാളിയൻ പ്രേക്ഷകരോട് പറയുന്നത്.അത്തരത്തിലുള്ള യോദ്ധാവായാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ഒരു സവിശേഷമായ ചരിത്ര കാലഘട്ടത്തെ കേന്ദ്രീകരിച്ച് കഥ പറയുന്ന ചിത്രത്തിന് നിരവധി ഷൂട്ടിംഗ് ലൊക്കേഷനുകളും കണ്ടെത്തേണ്ടതും നിരവധി പ്രീ പ്രൊഡക്ഷൻ ജോലികളും ആരംഭിക്കേണ്ടതുണ്ട്.വിഎഫ്എക്സിനും വിഷ്വൽ എഫക്ടുകൾക്കും ചിത്രത്തിൽ ഏറെ പ്രാധാന്യമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.നാല് വർഷങ്ങൾക്ക് മുൻപ് ചിത്രത്തിൻറെ ഗംഭീരമായ ഒരു ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
ഷാജി കൈലാസിന്റെ സംവിധാനത്തിൽ റിലീസിനെത്തിയ കാപ്പയാണ് പൃഥ്വിരാജിന്റെ അവസാനം റിലീസിന് എത്തിയ ചിത്രം. തിരുവനന്തപുരത്തെ ഗുണ്ടാ കഥ പറഞ്ഞ ചിത്രം തിയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയെടുത്തത്.ഡിസംബർ 22 തിയേറ്ററുകളിലെത്തിയ ചിത്രം അടുത്തിടെ ജനുവരി 19ന് നെറ്റ് ഫിക്സിൽ സ്ട്രീം ചെയ്തിരുന്നു.കോട്ടമധു എന്ന ഗുണ്ടാത്തലവനായി ആണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തിയത്.അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന അക്ഷയ് കുമാര്‍ നായകനാകുന്ന ‘ബഡേ മിയാൻ ചോട്ടേ മിയാൻ’ എന്ന ബോളിവുഡ് ചിത്രവും പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രമാണിത്.