നമ്മുടെ ശരീരത്തിന് വളരെയധികം ആവശ്യമായതും ശരീരത്തിലെ നിരവധി പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷികവും ആയ ഒന്നാണ് പ്രോട്ടീനുകൾ. ഇന്ന് ഫെബ്രുവരി 27,ഈ ദിവസം ദേശീയ പ്രോട്ടീൻ ദിനമായി ആണ് ആചരിക്കുന്നത്.നമ്മുടെ ശരീരത്തിലെ ഹോർമോണുകളെ നിയന്ത്രിക്കുന്നതിലും പല രീതിയിലുള്ള രോഗങ്ങളിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നതിനായുള്ള രോഗപ്രതിരോധ സംവിധാനത്തെ കൂടുതൽ ശക്തമാക്കുന്നതിലും പ്രോട്ടീനുകൾക്ക് വളരെ പ്രധാനമായ പങ്കുണ്ട്.
പ്രോട്ടീനുകൾ നമ്മുടെ ശരീരത്തിന് വളരെയധികം ആവശ്യമാണെങ്കിലും ആ പ്രോട്ടീനുകൾ ലഭിക്കുന്നത് ആരോഗ്യകരമായ ഉറവിടങ്ങളിൽ നിന്നാണ് എന്നത് നാം ഉറപ്പാക്കേണ്ടതുണ്ട്.നാം കഴിക്കുന്ന ഒരു വിധം എല്ലാ ഭക്ഷണ പദാർത്ഥങ്ങളിലും പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.അതിനാൽ തന്നെ നമ്മുടെ ഭക്ഷണ രീതികളിൽ നിന്ന് ഒഴിവാക്കാൻ ആകാത്ത ഒന്നാണ് പ്രോട്ടീനുകൾ.എന്നാൽ കൃത്യമായ രീതിയിൽ പ്രോട്ടീനുകൾ ലഭിക്കാത്തത് നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നമ്മെ നയിച്ചേക്കാം.അതിനാൽ പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണ രീതികൾ നാം കൂടുതലായി ശീലിക്കേണ്ടതാണ്.
ഓരോ വ്യക്തികൾക്കും അവർ കടന്നുപോകുന്ന കാലഘട്ടത്തിന് അനുസൃതമായി ആണ് ശരീരത്തിന് ലഭിക്കേണ്ട പ്രോട്ടീന്റെ അളവ് കണക്കാക്കുന്നത്.ബാല്യ,കൗമാര,ഗർഭ കാലയളവിൽ വ്യത്യസ്ത രീതിയിലാണ് നമ്മുടെ ശരീരം പ്രോട്ടീനുകൾ ആവശ്യപ്പെടുക.നമ്മുടെ ശരീരത്തിൽ മികച്ച രീതിയിൽ പ്രോട്ടീൻ എത്തുന്നതിന് കഴിക്കേണ്ട ചില ഭക്ഷണപദാർത്ഥങ്ങളെ നമുക്ക് അറിയാം.ഇരുമ്പ്, സിങ്ക്,വിറ്റാമിൻ ബി 12 തുടങ്ങിയ പ്രധാന പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ചിക്കൻ,മത്സ്യം, പയർവർഗ്ഗങ്ങൾ എന്നിവ ധാരാളമായി കഴിക്കുന്നത് വളരെ നല്ലതാണ്.
പ്രോട്ടീൻ ലഭിക്കുന്നതിനായി പലരും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒന്നാണ് മുട്ട.സ്ക്രാംബിൾഡ്,ഓംലെറ്റ് എന്നിങ്ങനെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന മുട്ടയിൽ വിറ്റാമിൻ ഡി,വിറ്റാമിൻ ബി 12,കോളിൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.ജീവകം സി, പ്രോട്ടീൻ,ഫോളേറ്റ്,കാൽസ്യം,ഫൈബർ,അയൺ, മഗ്നീഷ്യം,ഫോസ്ഫറസ്,പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്ന സോയാബീൻ കഴിക്കുന്നതും ശരീരത്തിൽ നല്ല രീതിയിൽ പ്രോട്ടീൻ എത്തുന്നതിന് സഹായകരമാണ്.കലോറി കുറഞ്ഞതും പ്രോട്ടീന്റെ അളവ് കൂടിയതുമായ പനീർ,യോഗാർട്ട് എന്നിവയും പ്രോട്ടീന്റെ ഉറവിടമാണ്.