എച്ച് വിനോദിന്റെ സംവിധാനത്തിൽ തമിഴകത്തിന്റെ സൂപ്പർ താരം തല അജിത്ത് നായകനായ എത്തുന്ന ചിത്രമാണ്’തുനിവ്’.ചിത്രത്തിൽ മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്. ഇക്കഴിഞ്ഞ പതിനൊന്നാം തീയതിയാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് നേടുന്നത്.ഇപ്പോഴിതാ ചിത്രത്തിലെ അജിത്തിനൊപ്പം ഉള്ള ബൈക്ക് ട്രിപ്പ് അനുഭവങ്ങളും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ.
ബോണി കപൂർ നിർമ്മാണം നിർവഹിച്ച തുനിവ് മഞ്ജുവാര്യരുടെ തമിഴിലെ രണ്ടാമത്തെ ചിത്രമാണ്. ഒരു ഇന്റർവ്യൂവിൽ അജിത്തിനൊപ്പം ഒരു ബൈക്ക് ട്രിപ്പ് ലഭിച്ചതിലുള്ള സന്തോഷം മഞ്ജു പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ അജിത്തിനൊപ്പം ഉള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മഞ്ജു.’നിങ്ങൾ നിങ്ങളായിരിക്കുന്നതിന് നന്ദി സാർ’എന്നാണ് ചിത്രങ്ങളുടെ ക്യാപ്ഷൻ.തുനിവിന്റെ ഷൂട്ടിങ്ങിനിടയിൽ അജിത്തിന് ഒപ്പം ലഡാക്കിലേക്ക് മഞ്ജുവാര്യർ ഒരു ബൈക്ക് യാത്ര നടത്തിയിരുന്നു.
‘ബൈക്ക് യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ് അജിത്ത് സർ.ഒരു ദിവസം അദ്ദേഹം വന്ന് ട്രിപ്പ് പോകുന്ന കാര്യം എന്നോട് പറഞ്ഞു. ഞങ്ങൾക്കൊപ്പം വരുന്നുണ്ടോയെന്നും ചോദിച്ചു. വെറുതെ ചോദിച്ചതാണെന്നാണ് ഞാൻ വിചാരിച്ചത്. അതുകൊണ്ട് പിന്നീട് അദ്ദേഹത്തിനോട് ഇതിൻറെ കാര്യം ചോദിക്കാൻ തോന്നിയില്ല.പക്ഷെ ബൈക്കും മറ്റും റെഡിയായപ്പോൾ സാർ വന്ന് ഈ ദിവസം പോകാമെന്നും പറഞ്ഞു’.ഇത് തനിക്ക് വളരെയധികം സന്തോഷം നൽകിയെന്നാണ് മഞ്ജു പറയുന്നത്.’കാറിൽ മുൻപ് ആ വഴികളിലൂടെ പോയിട്ടുണ്ടെങ്കിലും ബൈക്കിൽ പോയത് ഒരു പ്രത്യേക അനുഭവമായിരുന്നു.ടെന്റിലും പകുതി പണി തീർന്ന ഹോട്ടലിലുമൊക്കെയാണ് ഞങ്ങൾ താമസിച്ചത്.
ആദ്യത്തെ ദിവസം എനിക്ക് നല്ല ശരീരം വേദനയുണ്ടായിരുന്നു.പിന്നീട് ഞാൻ ഓക്കെയായി’. അജിത്തിന്റെ ഏറ്റവും അടുത്ത കൂട്ടുകാർ മാത്രമുള്ള ആ യാത്രയിൽ തന്നെയും വിളിച്ചത് ഭാഗ്യമായി കാണുന്നുവെന്ന് മഞ്ജു പറഞ്ഞു. തുനിവ് ചിത്രത്തിൽ അജിത്തിനൊപ്പം മഞ്ജുവിന്റെ ആക്ഷൻ രംഗങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു ചിത്രത്തിൽ ഒരു ഗാനവും മഞ്ജു ആലപിച്ചിട്ടുണ്ട്.അമീർ പള്ളിക്കലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആയിഷ,മഹേഷ് വെട്ടിയാരുടെ സംവിധാനത്തിൽ ഒരുങ്ങുന്ന വെള്ളരിപ്പട്ടണം എന്നിവയാണ് മലയാളത്തിലെ മഞ്ജുവിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.