നടൻ ഉണ്ണി മുകുന്ദന്റെ കരിയറിൽ ആദ്യത്തെ ഹിറ്റ് സമ്മാനിച്ച സംവിധായകനാണ് വിഷ്ണു മോഹൻ. വിഷ്ണു സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ഉണ്ണിമുകുന്ദൻ തന്റെ കരിയറിൽ തിളങ്ങി തുടങ്ങിയത്. ഇപ്പോഴിതാ യുവ സംവിധായകനായ വിഷ്ണു മോഹൻ വിവാഹിതനാകുവാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ബിജെപി നേതാവ് രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വിഷ്ണുവിന്റെ വധു ആകുവാൻ പോകുന്ന പെൺകുട്ടി. ഇന്ന് രാവിലെ വധു ഗൃഹത്തിൽ വച്ച് നടന്ന വിവാഹനിശ്ചയം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായ ചടങ്ങുകളോടെയാണ് നടന്നത്.
വിഷ്ണു മോഹന്റെ ആദ്യ സിനിമയിലെ നായകനും അടുത്ത സുഹൃത്തുമായ ഉണ്ണി മുകുന്ദനും വിവാഹനിശ്ചയത്തിൽ പങ്കെടുക്കുവാനും ഇരുവരെയും ആശംസിക്കുവാനും എത്തിയിരുന്നു. വിഷ്ണു മോഹൻറെയും അഭിരാമിയുടെയും വിവാഹം വരുന്ന സെപ്റ്റംബർ മൂന്നിന് ചേരാനല്ലൂരിൽ വച്ച് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. അമ്മു എന്ന് വിളിക്കുന്ന അഭിരാമി ഇപ്പോൾ സിവിൽ സർവീസ് കോച്ചിങ്ങിന് പോവുകയാണ്. മെറൂൺ ദാവണിയിൽ നാടൻ സുന്ദരിയായാണ് അഭിരാമി വിവാഹനിശ്ചയത്തിന് ഒരുങ്ങി എത്തിയത്. വെള്ളം മുണ്ടും ജുബ്ബയും ആയിരുന്നു വിഷ്ണുവിൻറെ വേഷം.
2022ൽ പുറത്തിറങ്ങിയ മേപ്പടിയാൻ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു മോഹൻ മലയാളി പ്രേക്ഷകർക്ക് പരിചിതനായി മാറിയത്. വിഷ്ണു മോഹൻ തന്നെ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദനുമായി സൗഹൃദത്തിൽ ആവുന്നത്. ഉണ്ണി മുകുന്ദൻറെ കരിയറിലും ആദ്യത്തെ സോളോ ഹിറ്റായിരുന്നു മേപ്പടിയാൻ സമ്മാനിച്ചത്. ചിത്രം നിർമ്മിച്ചതും ഉണ്ണി തന്നെയായിരുന്നു. തിയേറ്ററിൽ മികച്ച വിജയം നേടിയ ചിത്രത്തിൽ വലിയ താരനിര തന്നെയാണ് അണിനിരന്നത്.
പത്തനംതിട്ട അടൂർ സ്വദേശിയായ വിഷ്ണു മോഹൻ ഇപ്പോൾ തൻ്റെ രണ്ടാം ചിത്രത്തിൻറെ പണിപ്പുരയിലാണ്. മേപ്പടിയാന്റെ റിലീസിന് മുൻപ് തന്നെ തന്റെ രണ്ടാം ചിത്രം വിഷ്ണു മോഹൻ അനൗൺസ് ചെയ്തിരുന്നു. പപ്പ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലും ഉണ്ണിമുകുന്ദൻ തന്നെയാണ് നായകനാകുന്നത്. വിവാഹ നിശ്ചയിച്ചടങ്ങിന് പങ്കെടുത്തതിന്റെ വീഡിയോയും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ സുഹൃത്തുക്കൾ പങ്കുവെച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദനും ചടങ്ങിന്റെ വീഡിയോ പങ്കുവെച്ച് ആശംസകൾ നേർന്നിട്ടുണ്ട്.