നിരവധി വർഷങ്ങളായി നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ആവേശമായി നടന്നുനീങ്ങുന്ന മഹാനടനാണ് മോഹൻലാൽ.ലോക സിനിമയ്ക്ക് മുന്നിൽ താരതമ്യേന ചെറുതായ മലയാള സിനിമ ലോകത്തിൻറെ അഭിമാനമാണ് നമ്മുടെ സ്വന്തം ലാലേട്ടൻ.ഇപ്പോഴിതാ തൻറെ സിനിമ ജീവിതത്തിൽ പുതിയൊരു മേഖലയിലേക്ക് അദ്ദേഹം കടക്കുകയാണ്. തൻറെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ വാർത്തകൾ താരം മുന്നേ പങ്കുവെച്ചിട്ടുണ്ട്.ഒരു ഘട്ടത്തിൽ ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചതും ആണ്.ഇപ്പോഴിതാ ബറോസിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്നും എന്ന രീതിയിൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്.
ഷൂട്ട് ചെയ്യുന്ന സീനിന്റെ വിശദാംശങ്ങൾ പ്രണവിന് പറഞ്ഞുകൊടുക്കുന്ന മോഹൻലാലിനെയാണ് വീഡിയോയിൽ കാണാനാകുന്നത്.ഒപ്പം ടി കെ രാജീവ് കുമാറും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസനയുമൊക്കെ വീഡിയോയിൽ കാണാനാകും.പ്രണവ് മോഹൻലാലും ഭാഗമാണെന്ന രീതിയിലുള്ള വാർത്തകൾ മുന്നേ പുറത്തുവന്നിരുന്നു.മുന്നേ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള പ്രണവ് ചിത്രത്തിൽ ഡയറക്ഷൻ ടീമിൽ ആണോ അതോ അഭിനയിക്കുന്നുണ്ടോ എന്ന സംശയമാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.മോഹൻലാലിൻറെ അഭിമാന പ്രൊജക്ടുകളിൽ ഒന്നായ ബറോസിന്റെ പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകൾക്കും നിരവധി ആരാധകരാണ് കാത്തിരിക്കുന്നത്.
മോഹൻലാൽ സംവിധാനം ചെയ്യുന്നു എന്നതുകൊണ്ടുതന്നെ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയ ബറോസ് ഇപ്പോൾ ഏതാണ്ട് പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്.ചിത്രം സംവിധാനം ചെയ്യുന്നതിനോടൊപ്പം ചിത്രത്തിലെ എന്ന നിധി കാക്കുന്ന കേന്ദ്ര കഥാപാത്രമായ ഭൂതത്തെയും അവതരിപ്പിക്കുന്നത് മോഹൻലാലാണ്.ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തന്റെ സംവിധായകൻ ജിജോ ആണ് ചിത്രത്തിൻറെ കഥ തയ്യാറാക്കുന്നത്.ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിൽ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.കൂടാതെ മിന്നൽ മുരളിയിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരവും ഒരു പോലീസ്കാരൻ ആയി എത്തുന്നുണ്ട്.
ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന് മാർക്ക് കിലിയൻ ബറോസ് ടീമിന്റെ ഭാഗമാകുന്നു എന്ന വാർത്ത അടുത്തിടെ മോഹൻലാൽ പങ്കുവെച്ചിരുന്നു.മോഹൻലാലിനെ സംബന്ധിച്ചിടത്തോളം ഇത് അദ്ദേഹത്തിൻറെ ആദ്യ സിനിമയാണെന്ന് തോന്നുന്നില്ലെന്നും അത്ര മനോഹരമായാണ് ചിത്രം അദ്ദേഹം ഷൂട്ട് ചെയ്തിരിക്കുന്നത് എന്നും സഹസംവിധായകനായ ടി കെ രാജീവ്കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. മലയാള സിനിമയുടെ വളർച്ചയിൽ ഒപ്പം സഞ്ചരിച്ചയാൾ,സിനിമയുടെ എല്ലാ മേഖലയിലും അറിവുള്ള വ്യക്തി എന്നാൽ നിലയിൽ എല്ലാം അദ്ദേഹം വളരെ മികച്ച ഒരു സംവിധായകനാണെന്നും രാജീവ് കുമാർ പറഞ്ഞിരുന്നു.ഒരു ഇന്റർനാഷണൽ റിലീസായി ഒരുങ്ങുന്ന ഈ ത്രീഡി ചിത്രം ലോകമെമ്പാടും ഏതാണ്ട് 20ലധികം ഭാഷകളിലാണ് ഒരുങ്ങുന്നത്.