തൻറെ സിനിമകളിൽ എന്നും വ്യത്യസ്ത പിന്തുടരുന്ന സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെൻറ് തീയതി പുറത്തുവിട്ടു.ചിത്രത്തിൻറെ ടൈറ്റിൽ അനൗൺസ്മെൻറ് തീയതി ഷിബു ബേബി ജോണിന്റെ നിർമ്മാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പുറത്തുവിട്ടത്.ഈ മാസം 23നാണ് ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപിക്കുന്നത്.
‘ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ഉണ്ടായതല്ല റോമാ സാമ്രാജ്യം.മനുഷ്യന്റെ കഠിനധ്വാനത്തിന്റെ,പോരാട്ടങ്ങളുടെ ശ്രമഫലമാണ് ഓരോ വിജയവും.രണ്ടു മാസങ്ങൾക്കു മുൻപ് മലയാളക്കര ആഘോഷിച്ച മോഹൻലാൽ ലിജോ ജോസ് കൂട്ടുക്കെട്ടിലുള്ള ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ പലരും അക്ഷമരായി കാത്തിരിക്കുകയാണ് എന്നറിയാം.ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ കനവിൽ നെയ്യുന്ന സ്വപ്നമല്ല സിനിമ.ദിവസങ്ങളുടെ ചിലപ്പോൾ വർഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ.
പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂർണ ബോധ്യത്തിൽ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണ്.അണിയറയിൽ തകൃതിയായി വേണ്ട ചേരുവകൾ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു.പ്രകൃതിയും മനുഷ്യരും ഒരുപോലെ കുളിരുന്ന ഈ ക്രിസ്മസ് നാളുകളിൽ ആകാംക്ഷയുടെ ആദ്യ സമ്മാനപൊതി പൊട്ടിക്കാൻ ഞങ്ങളെത്തുന്നു.കാത്തിരിപ്പിന് വിരാമമിടാം,ചോദ്യങ്ങളും ആശങ്കകളുമില്ലാത്ത ആ ഉത്തരത്തിനായി കുറച്ചു മണിക്കൂറുകൾ കൂടി ക്ഷമയോടെ കാത്തിരിക്കുക’.ഇങ്ങനെയായിരുന്നു സോഷ്യൽ മീഡിയ പോസ്റ്റ്.
ചിത്രത്തിൻറെ ടൈറ്റിൽ അനൗൺസ്മെൻറ് സൂചിപ്പിക്കുന്ന പോസ്റ്ററിനൊപ്പം മോഹൻലാലും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരും മറ്റ് രണ്ട് ചിത്രങ്ങൾ കൂടി പങ്കുവെച്ചിട്ടുണ്ട്.എന്നാൽ ഈ ചിത്രങ്ങൾ കണ്ടു ഒന്നും മനസ്സിലാകാതെ അന്തം വിട്ടിരിക്കുകയാണ് ആരാധകർ.കറുത്ത മണ്ണുള്ള മുറ്റത്ത് മണൽവാരിയിട്ട പോലെ രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്.ഇരു ചിത്രങ്ങളുടെയും അടിക്കുറിപ്പായി’ദി കൗണ്ട് ഡൗൺ ബിഗിൻസ്’ എന്നും കുറിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് പല രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.23 ആം തീയതിക്കായി വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഇനി മുതൽ കാത്തിരിക്കുക.