ഇന്ത്യയ്ക്കും ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്കും അഭിമാന നേട്ടമാണ് എസ്എസ് രാജമൗലിയുടെ ആർആർആർ സമ്മാനിച്ചിരിക്കുന്നത്.മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ്സ് അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ചിത്രത്തിലെ എംഎം കീരവാണി സംഗീതസംവിധാനം നിർവഹിച്ച’നാട്ടു നാട്ടു’എന്ന ഗാനം.പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കമുള്ള നിരവധി പ്രമുഖരാണ് ആശംസകളുമായി രംഗത്ത് എത്തുന്നത്.ഇപ്പോൾ ഇതാ ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും മോഹൻലാലും.
എസ്എസ് രാജമൗലി,എംഎം കീരവാണി ജൂനിയർ എൻടിആർ,രാംചരൻ എന്നിവരെ മെൻഷൻ ചെയ്താണ് മമ്മൂട്ടിയും മോഹൻലാലും ട്വീറ്റ് ചെയ്തിരിക്കുന്നത്.’അർഹിച്ച അംഗീകാരമാണ് ചിത്രം നേടിയിരിക്കുന്നത് എന്നും ഒരു ചരിത്രമുഹൂർത്തം ആണിത്’എന്നുമാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.’ലോകം ഇന്ത്യൻ സിനിമയ്ക്ക് വേണ്ടി കൈയ്യടിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട്’എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ. ഇന്ത്യൻ സിനിമ ആഗോളതലത്തിൽ കൈവരിച്ച ഈ അഭിമാനം നേട്ടത്തിന് പ്രശംസിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.
ചന്ദ്രബോസിന്റെ വരികൾക്ക് എം എം കീരവാണിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.രാഹുല്‍ കാല ഭൈരവ എന്നിവർ ചേർന്നാണ് നാട്ടു നാട്ടു ഗാനം ആലപിച്ചിരിക്കുന്നത്.ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ ഈ ഗാനം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു.ഗാനത്തിൻറെ ചടുലതയ്ക്ക് ഒപ്പം തന്നെ രാം ചരന്റെയും ജൂനിയർ എൻടിആറിന്റെയും തകർപ്പൻ നൃത്ത പ്രകടനമാണ് ഗാനരംഗത്തിൽ കാണാനാവുക.സംവിധായകൻ എസ്എസ് രാജമൗലി,സംഗീത സംവിധായകൻ എംഎം കീരവാണി,ജൂനിയർ എൻടിആർ,റാം ചരൺ തുടങ്ങിയ സംഘമാണ് അവാർഡ് സ്വീകരിക്കാനായി എത്തിയത്.
ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്.1200 കോടി രൂപയില്‍ അധികം ചിത്രം കളക്ഷൻ നേടിയിരുന്നു. അജയ് ദേവ്ഗണ്,ആലിയ ഭട്ട്,ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍,അലിസണ് ഡൂഡി ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. രാജമൗലിയുടെ പിതാവ് വിജേന്ദ്രപ്രസാദ് ആണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരിക്കുന്ന നാട്ടുനാട്ടു സോങ് ഓസ്കാർ അവാർഡും ഇന്ത്യയിലേക്ക് എത്തിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.