മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളായ അനു സിത്താര, അനീഷ് ജി മേനോൻ, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി നവാഗത സംവിധായകനായ അമീൻ അസ്ലം സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമായ ‘മോമോ ഇൻ ദുബായ്’ഫെബ്രുവരി മൂന്നിന് ഐകോൺ സിനിമാസ് റിലീസ് പ്രദർശത്തിന് എത്തിക്കുന്നു. കുട്ടികളുടെ മനം കവരാൻ എത്തുന്ന സിനിമയാണ് ‘മോമോ ഇൻ ദുബായ്’. കുട്ടികൾക്ക് വേണ്ടി മാത്രമല്ല ഒരു ഫാമിലി എന്റർടെയ്നർ ചിത്രം കൂടിയാണിത്.
സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലവ് സ്റ്റോറി എണ്ണി ചിത്രങ്ങൾക്ക് ശേഷം സക്കറിയയുടെയും ആരിഫ് കക്കോടിയുടെയും തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘മോമോ ഇൻ ദുബായ്’. മഞ്ജു വാര്യർ നായികയായി എത്തുന്ന പുതിയ ചിത്രം ആയിഷയുടെ തിരക്കഥാകൃത്താണ് ആരിഫ് കക്കോടി. ഇമാജീം സിനിമാസ്, ക്രോസ് ബോർഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവരുടെ ബാനറിൽ ഹാരിസ് ദേശം, പി ബി അനീഷ്, സക്കറിയ, നഹല അൽ ഫഹദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മലയാള സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളറായ ഹാരിസ് ദേശം നിർമ്മാതാവ് ആകുന്ന ചിത്രം കൂടിയാണിത്. കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ചിത്രം ഫെബ്രുവരി മൂന്നിന് തിയറ്ററുകളിൽ എത്തും. സക്കറിയ, ആഷിഫ് കക്കോടി എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് സജിത്ത് പുരുഷു ആണ്.