മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച പിന്നീട് മുൻനിര നടിമാരിൽ ഒരാളായി മാറിയ നടിയാണ് കീർത്തി സുരേഷ്. തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങി നിൽക്കുകയാണ് താരം. നിർമ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളായ കീർത്തി ബാലതാരമായാണ് സിനിമയിലേക്ക് എത്തിയത്. കുബേരൻ സിനിമയിലൂടെ പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയാണ് നായികയാകുന്നത്. പിന്നീട് ഇതര ഭാഷകളിൽ അടക്കം മികച്ച അവസരങ്ങൾ തേടിയെത്തുകയായിരുന്നു. തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമായതു മുതൽ നിരവധി ഗോസിപ്പുകൾ കീർത്തിയുടെ പേരിൽ വന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി കീർത്തിയുടെ വിവാഹം സംബന്ധിച്ച വാർത്തകളാണ് സിനിമ ലോകത്ത് ചർച്ചയാകുന്നത്.
കഴിഞ്ഞ ദിവസം കീർത്തി കാമുകന്റെ ചിത്രം പുറത്ത് വിട്ടു എന്ന വിധത്തിൽ വാർത്തകൾ വന്നിരുന്നു. സുഹൃത്തായ ഫർഹാനൊപ്പമുള്ള ചിത്രം കീർത്തി പങ്കുവെച്ചതിന് പിന്നാലെയായിരുന്നു ഇത്. ഫർഹാന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചത്. കീർത്തിയുടെ ബാല്യകാല സുഹൃത്താണ് ഫർഹാൻ. വാർത്തകൾ അതിരു കടന്നതോടെ കീർത്തി തന്നെ പ്രതികരണവുമായി രംഗത്തെത്തുകയുണ്ടായി. എൻറെ പ്രിയ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. ആ മിസ്റ്ററി മനുഷ്യൻ ആരാണെന്ന് അറിയിക്കേണ്ടപ്പോൾ വെളിപ്പെടുത്തും. അതുവരെ വിശ്രമിക്കൂ എന്നാണ് കീർത്തി ട്വിറ്ററിൽ കുറിച്ചത്.
ഇപ്പോഴിതാ ആ വാർത്തകൾക്കെതിരെ കീർത്തിയുടെ അച്ഛൻ സുരേഷ് കുമാർ രംഗത്തെത്തിയിരിക്കുകയാണ്. വാർത്ത വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. കീർത്തിക്കു ഒപ്പം ചിത്രങ്ങളിൽ നിറഞ്ഞുനിന്ന നടൻ അവളുടെ നല്ലൊരു സുഹൃത്താണ്. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ് ഇത്തരം വാർത്തകൾ എന്നും ആണ് സുരേഷ് കുമാർ പ്രതികരിച്ചത്. ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേഷ് കുമാറിന്റെ വീഡിയോ പുറത്തുവന്നത്. എൻറെ മകൾ കീർത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജവാർത്ത ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കിടന്നു കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു കല്യാണം കഴിക്കാൻ പോകുന്നു എന്നൊക്കെയാണ് വാർത്ത.
അത് വ്യാജമാണ്. ആ പയ്യൻ കീർത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീർത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓൺലൈൻ തമിഴ് മാസിക വാർത്ത ആക്കിയത്. അതാണ് മറ്റുള്ളവർ ഏറ്റു പിടിച്ചത്. ഇക്കാര്യം ചോദിച്ച് നിരവധി പേർ എന്നെ വിളിക്കുന്നുണ്ട്. വളരെ കഷ്ടമാണിത്. മനുഷ്യനെ ജീവിക്കാൻ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്. തികച്ചും അടിസ്ഥാന രഹിഹിതമായ വാർത്തയാണിത്. കീർത്തിയുടെ വിവാഹം വന്നാൽ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും. എനിക്കും അറിയാവുന്ന പയ്യനാണ് ഫർഹാൻ. ഞങ്ങൾ ഗൾഫിലൊക്കെ പോകുമ്പോൾ ഞങ്ങളുടെ ഒപ്പം ഷോപ്പിംഗ് എല്ലാം വരാറുണ്ട്. അവനും കുടുംബമില്ലേ? അവനു മുന്നോട്ട് ജീവിതമില്ലേ? ഇത് മോശം പ്രവണതയാണ്.
പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുന്നത് കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ ഇടുന്നത്. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുത് എന്ന് സുരേഷ് കുമാർ വീഡിയോയിൽ പറഞ്ഞു. രാഷ്ട്രീയത്തിലൊക്കെ സജീവമായ ഒരു വ്യവസായിയെ കീർത്തി വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. അതിനുമുമ്പ് കീർത്തിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദ്രനും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ ഒരുങ്ങുകയാണ് എന്നും ഗോസിപ്പുകൾ ഉണ്ടായി. എന്നാൽ ഇതെല്ലാം നിഷേധിച്ച് കീർത്തി തന്നെ രംഗത്തെത്തിയിരുന്നു.