മലയാളത്തിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന നായിക നടിയാണ് രേവതി. കരിയർ ഗ്രാഫ് പരിശോധിച്ചാൽ രേവതി ചെയ്തതിൽ ഭൂരിഭാഗവും ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. കിലുക്കം, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, ദേവാസുരം തുടങ്ങിയ മലയാളത്തിൽ എക്കാലത്തും ഓർമിക്കപ്പെടുന്ന സിനിമകളിലെ നായികയാണ് രേവതി. ഇത്രയധികം മികച്ച കഥാപാത്രങ്ങൾ ചെയ്ത രേവതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം കേരളത്തിൽ നിന്നും ആദ്യം ലഭിക്കുന്നത് കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ എന്ന സിനിമയിലൂടെയാണ്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഭൂതകാലം എന്ന സിനിമയിലെ പ്രകടനത്തിനും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം രേവതിക്ക് ലഭിച്ചു. തമിഴകത്തും നിരവധി പുരസ്കാരങ്ങൾ താരത്തെ തേടി എത്തിയിട്ടുണ്ട്.
മൗനരാഗം, പുന്നകൈ മന്നൻ, കിഴക്ക് വാസൽ തുടങ്ങി തമിഴകത്ത് നടി ചെയ്ത സിനിമകൾ ജനപ്രീതി നേടിയവയാണ്. നടി എന്നതിനൊപ്പം സംവിധായികയായും രേവതി പേരെടുത്തു. അടുത്തിടെ തെലുങ്കിൽ ചെയ്ത മേജർ എന്ന സിനിമയിലെ അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ രേവതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ മറക്കാനാവാത്ത നിമിഷം എന്തെന്ന് രേവതി തുറന്നു പറഞ്ഞു. മകൾ മഹിയുടെ മുഖം കണ്ട നിമിഷമാണ് മറക്കാൻ സാധിക്കാത്തത്. അവളെൻ്റെ ജീവിതം മാറ്റിമറിച്ചു. എത്രയോ വർഷങ്ങളായി ആഗ്രഹിച്ച എനിക്ക് സംഭവിച്ചതാണ് അത്. എൻറെ ജീവിതം എന്നത്തേക്കുമായി അവൾ മാറ്റി.
അവളുടെ ജനനമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവം എന്നും രേവതി പറഞ്ഞു. ജീവിതത്തിൽ വിഷമം തോന്നിയ ഒരു കാര്യം എഴുതി ചവറ്റുകുട്ടിയിൽ ഇടാനും ഷോയിലേ ടാസ്കിൽ ആവശ്യപ്പെട്ടു. സംവിധായകൻ കെ വിശ്വനാഥനൊപ്പം സിനിമ ചെയ്യാൻ പറ്റാത്തതാണ് എനിക്കുള്ള ദുഃഖം. പക്ഷേ അത് ചവറ്റുകുട്ടയിൽ ഇടാൻ പറ്റില്ലെന്ന് പറഞ്ഞ് രേവതി എഴുതിയ കടലാസ് തന്റെ കൈയിൽ തന്നെ വെച്ചു. ജീവിതത്തിൽ ഒന്നും ചവറ്റുകുട്ടയിൽ ഇടാൻ പറ്റില്ല. നമ്മുടെ തെറ്റായ തീരുമാനം ആണെങ്കിലും ഇവ നമ്മുടെ തീരുമാനമാണ് എന്നും രേവതി പറയുന്നു. സംവിധായകനും സിനിമാട്ടോഗ്രാഫറുമായ സുരേഷ് ചന്ദ്ര മേനോനെയാണ് രേവതി വിവാഹം കഴിച്ചത്.
1986 ലായിരുന്നു താരത്തിന്റെ വിവാഹം. 2002 ൽ ഇരുവരും വേർപിരിഞ്ഞു. 2013ൽ ഔദ്യോഗികമായി വിവാഹമോചനവും നേടി. 2018ലാണ് തനിക്കൊരു പെൺകുഞ്ഞ് ഉണ്ടെന്ന കാര്യം രേവതി തുറന്നു പറയുന്നത്. മഹി എന്നാണ് രേവതിയുടെ മകളുടെ പേര്. വിഡ്രോ ഫെർട്ടിലൈസേഷനിലൂടെയാണ് രേവതി അമ്മയായത്. അന്ന് ഇത് ഏറെ ചർച്ചയായിരുന്നു. എന്നാൽ ഇതിനൊന്നും നടി മറുപടി കൊടുത്തില്ല. മകളെ ലൈം ലൈറ്റിൽ നിന്ന് അകറ്റിനിർത്തിയാണ് രേവതി വളർത്തുന്നത്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് രേവതി എവിടെയും സംസാരിക്കാറില്ല.
അതേസമയം മുമ്പൊരിക്കൽ അമ്മയായതിനെക്കുറിച്ച് രേവതി സംസാരിച്ചിരുന്നു. സ്വർഗ്ഗത്തിൽ നിന്ന് ലഭിച്ച കുഞ്ഞായാണ് മകളെ കാണുന്നത്. ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ നവജാതശിശുവിനെ ദത്തെടുക്കാനുള്ള അവസരം ലഭിച്ചില്ല. ഇതോടെയാണ് ഐവിഎഫ് മാർഗം സ്വീകരിച്ചത്. തന്റെ മകൾക്ക് ഒരു പ്രായമാകുമ്പോൾ ജനനത്തെക്കുറിച്ച് തുറന്നു പറയും എന്നും രേവതി അന്ന് പറഞ്ഞിരുന്നു. കുറച്ചു വർഷങ്ങൾക്കു മുന്നേ ഡബ്ലിയു സി സി സംഘടനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നടി വാർത്തകളിൽ ഇടം നേടിയിരുന്നു. താര സംഘടനയായ അമ്മക്കെതിരെ നടി സംസാരിക്കുകയും ചെയ്തു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെ തുടർന്നായിരുന്നു ഇത്.