മലയാള സിനിമയിലെ മിന്നും താരമാണ് ധർമ്മജൻ ബോൾഗാട്ടി. മിമിക്രി വേദികളിലൂടെയാണ് ധർമ്മജൻ കരിയർ ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷനിലേക്ക് എത്തുകയായിരുന്നു. മിമിക്രിയിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കാൻ ധർമ്മജന് സാധിച്ചിട്ടുണ്ട്. തുടർന്നാണ് സിനിമയിൽ എത്തുന്നത്. അധികം വൈകാതെ തന്നെ മലയാളത്തിലെ തിരക്കേറിയ ഹാസ്യ നടനാകാനും ധർമ്മജന് സാധിച്ചു. ഇന്ന് അഭിനയത്തിന് പുറമേ നിർമാണത്തിലും ധർമ്മജൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ നേട്ടങ്ങൾ ഒക്കെ താൻ സ്വന്തമാക്കിയത് ചാൻസ് ചോദിക്കാതെ ആണെന്നാണ് ധർമ്മജൻ പറയുന്നത്. കരിയറിൽ ഇതുവരെ തനിക്ക് ചാൻസ് ചോദിക്കേണ്ടി വന്നിട്ടില്ല എന്ന് അദ്ദേഹം പറയുന്നു.
സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്ത ശേഷം തിരികെ വരികയാണ് ധർമ്മജൻ. എന്തുകൊണ്ടാണ് ഒരു ഗ്യാപ്പ് വന്നത് എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ധർമ്മജൻ ഇപ്പോൾ. തന്നെ ഒഴിവാക്കിയതാണെന്നാണ് ധർമ്മജൻ തമാശ രൂപേണ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്; എന്നെ മനപ്പൂർവ്വം ഒഴിവാക്കിയതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. കൊറോണയുടെ ഒരു ഗ്യാപ്പ് ഉണ്ടായിരുന്നല്ലോ. പിന്നെ ഞാൻ സിനിമയ്ക്ക് വേണ്ടി വിളിക്കൽ ഒന്നുമില്ല. ആളുകളെ കോൺടാക്ട് ചെയ്യലോ വിളിക്കൽ ഒന്നും എൻറെ ഭാഗത്തുനിന്നും ഉണ്ടാകാറില്ല. സിനിമയെപ്പറ്റി അന്വേഷിക്കുകയോ തിരക്കഥാകൃത്തുക്കളെ വിളിച്ച് വേഷം തരുമോ എന്ന് ചോദിക്കുകയോ ചെയ്തിട്ടില്ല. അതിന്റെയൊക്കെ ആയിരിക്കും. ജീവിതത്തിൽ ഇതുവരെ ചാൻസ് ചോദിച്ചിട്ടില്ല. എങ്ങനെയാണ് വരുന്നത് എന്ന് അറിയില്ല.
ഭയങ്കര ആവശ്യക്കാരനാണെങ്കിൽ മാത്രമേ നമ്മളെ ഒരു സിനിമയിലേക്ക് വിളിക്കുകയുള്ളൂ. നമ്മൾ പക്ഷേ അത്ര ആവശ്യമുള്ള ആളല്ല എന്നാണ് താരം പറയുന്നത്. പകരക്കാരുള്ള മേഖലയായി മാറിയല്ലോ സിനിമ. പണ്ട് അങ്ങനെ ആയിരുന്നില്ല. ഇപ്പോൾ നമ്മളില്ലെങ്കിൽ വേറെ ആളുണ്ട്. നമ്മൾ ചോദിക്കുന്നുമില്ല അവർ തരുന്നുമില്ല. എനിക്കതിൽ പരാതിയുമില്ല ഇതൊക്കെ ബോണസ് ആണെന്നും ധർമ്മജൻ കൂട്ടിച്ചേർത്തു. തട്ടിൻ പുറത്ത് ജീവിച്ചു വളർന്നതാണ്. മിമിക്രി, കാസറ്റ്, ഷോ, ടിവി അങ്ങനെയാണല്ലോ വന്നത്. പെട്ടെന്ന് വന്നതല്ല. പടിപടിയായി വന്നതാണ്. പെട്ടെന്ന് പൊട്ടിമുളച്ച ആളല്ല പതുക്കെ പതുക്കെ കഷ്ടപ്പെട്ടാണ് വന്നത്. സിനിമയിലും ചാൻസ് ചോദിച്ചിട്ടില്ല. ദിലീപേട്ടൻ ആയിട്ടാണ് കൊണ്ടുവന്നത്. മിമിക്രിയിലും ഒരിടത്തും ചാൻസ് ചോദിക്കേണ്ടി വന്നിട്ടില്ല. എഴുതായിരുന്നു മേഖല. ഒരു ഘട്ടത്തിൽ അഭിനയത്തിലേക്ക് വഴുതി വീണതാണെന്നും ധർമ്മജൻ പറയുന്നു.
എന്നാൽ താൻ ഇനിമുതൽ ചാൻസ് ചോദിക്കും എന്നും നല്ല വേഷങ്ങൾ ചെയ്യാൻ വേണ്ടിയാണ് അത് ചെയ്യുന്നതെന്നും ധർമ്മജൻ പറയുന്നു. ഇനി ചോദിക്കണം എന്ന് ആഗ്രഹമുണ്ട്. ഇനി ചോദിക്കും. ജയസൂര്യ ഒക്കെ പറയാറുണ്ട്, ജയൻ ഇപ്പോഴും ചാൻസ് ചോദിക്കും. നല്ല വേഷങ്ങൾ കിട്ടാൻ ഇപ്പോഴും ചോദിക്കും. എൻറെ ക്യാരക്ടറിന്റെ പ്രശ്നമാകും ചോദിച്ചിട്ടില്ല പക്ഷേ ഇനി ചോദിക്കണം. നല്ല വേഷം കിട്ടുമോ എന്നാണ് ധർമ്മജൻ ചോദിക്കുന്നത്. പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെ ആയിരുന്നു ധർമ്മജൻ ബോൾഗാട്ടിയുടെ അരങ്ങേറ്റം. പിന്നീട് ഓർഡിനറി, മൈ ബോസ്, പുതിയ തീരങ്ങൾ, സൗണ്ട് തോമ, ആട് ഒരു ഭീകരജീവിയാണ്, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഗോദ, ചങ്ക്സ്, ആട് 2 തുടങ്ങിയ നിരവധി ഹിറ്റുകളുടെ ഭാഗമാകാൻ ധർമ്മജന് സാധിച്ചിരുന്നു. തിരുമാലിയാണ് ധർമ്മജൻ അഭിനയിച്ച പുറത്തിറങ്ങിയ അവസാനത്തെ സിനിമ. ദിലീപ് നായകനായ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമടക്കമുള്ള സിനിമകൾ ഇപ്പോൾ ധർമ്മജന്റേതായി അണിയറയിൽ ഉണ്ട്.