തെന്നിന്ത്യൻ സിനിമകളിൽ 90 കളിൽ നിറഞ്ഞുനിന്ന നായിക നടിയാണ് മീന. തമിഴ് തെലുങ്ക് മലയാളം സിനിമകളിൽ ഭാഗ്യ നായികയായി അറിയപ്പെട്ട മീന ഹിറ്റുകളുടെ വലിയൊരു നിര തന്നെ സ്വന്തമാക്കി. രജനീകാന്ത്, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെ എല്ലാം നായികയായി മീന അഭിനയിച്ചു. വിവാഹശേഷം കുറച്ചു കാലം മാറിനിന്നെങ്കിലും തിരിച്ചുവരവിലും അതേ സ്വീകാര്യത മീനയ്ക്ക് ലഭിച്ചു. രണ്ടാം വരവിൽ മലയാള സിനിമയിലാണ് മീനയ്ക്ക് കൂടുതൽ തിളങ്ങാൻ ആയത്. ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകൾ മീനയ്ക്കു ലഭിച്ചു.
കഴിഞ്ഞവർഷമാണ് മീനയുടെ ജീവിതത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായത്. ഭർത്താവ് വിദ്യാസാഗറിന്റെ മരണം നടിയെ പിടിച്ചുലച്ചു. ഏക മകളും മീനയും തകർന്നു പോയെങ്കിലും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ മീന പഴയ സന്തോഷത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. സോഫ്റ്റ്വെയർ എൻജിനീയർ ആയിരുന്നു മീനയുടെ ഭർത്താവ്. അടുത്തിടെയാണ് മീന സിനിമ ലോകത്ത് 40 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ആഘോഷം നടന്നത്. രജനീകാന്ത്, ഖുശ്ബു, ശരത് കുമാർ, സ്നേഹ, പ്രസന്ന ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. മീനക്കൊപ്പം പ്രവർത്തിച്ചതിന്റെ ഓർമ്മകളും സൗഹൃദങ്ങളും ഇവരെല്ലാം പരിപാടിയിൽ പങ്കുവെച്ചു.
പരിപാടിയിൽ വച്ച് മീനെയും നടിയുടെ അമ്മ രാജമല്ലികയും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എൻറെ മകളെക്കുറിച്ച് എന്ത് പറയണമെന്ന് എനിക്കറിയില്ല. മകളെ കഷ്ടപ്പെട്ടാണ് വളർത്തിയത്. അവൾക്ക് നല്ല ഗുണങ്ങളാണ് പറഞ്ഞുകൊടുത്തത്. ഇതുപോലൊരു കുട്ടിയെ എനിക്ക് ലഭിച്ചത് കഴിഞ്ഞ ജന്മത്തിലെ പുണ്യമായി കരുതുന്നു എന്നാണ് അമ്മ രാജമല്ലിക പറഞ്ഞത്. വേദിയിലെത്തിയ മീനയും തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചു. അമ്മ ഉള്ളതുകൊണ്ട് മാത്രമാണ് തനിക്ക് ഇവിടം വരെ എത്താൻ സാധിച്ചത്. മറ്റൊരു പ്രശ്നവും എന്നെ ബാധിക്കാതിരിക്കാൻ അമ്മ ശ്രദ്ധിച്ചു. അമ്മയുടെ ജീവിതം എനിക്കുവേണ്ടി മാറ്റിവെച്ചതുകൊണ്ടാണ് എനിക്ക് എൻറെ ജീവിതം സിനിമയ്ക്ക് നൽകാൻ ആയതെന്ന് മീന പറഞ്ഞു.
ഇതിവിടെ പറയാമോ എന്ന് ആലോചിക്കുകയായിരുന്നു. ഞാനിന്ന് രണ്ടുപേരെ ഇവിടെ മിസ്സ് ചെയ്യുന്നുണ്ട്. എൻറെ പിതാവിനെയും ഭർത്താവിനെയും. അവർ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഉണ്ടായിരുന്നെങ്കിൽ മുൻനിരയിൽ ഇരുന്ന് അഭിമാനത്തോടെ ഇതെല്ലാം കണ്ടേനെ. പക്ഷേ എനിക്കറിയാം അവരുടെ അനുഗ്രഹം ഉണ്ടെന്ന്. ഭർത്താവ് എൻറെ ജീവിതത്തിൽ വന്നശേഷം പല കാര്യങ്ങൾ ഞാൻ പഠിച്ചു. എപ്പോഴും അമ്മയെ ആശ്രയിക്കരുത്, ധൈര്യമായിരിക്കണം, ഒറ്റയ്ക്ക് ഷൂട്ടിങ്ങിന് പോകണം, ഹൈദരാബാദിൽ എത്ര തവണ പോയതാണ് വീണ്ടും അവിടെ പോകാൻ എന്താണ് ഇത്ര ഭയം, ചെറിയ പ്രായം മുതൽ ഷൂട്ടിംഗ് പോകുന്നതല്ലേ എന്നൊക്കെ പറഞ്ഞ് എന്നെ ധൈര്യവതിയാക്കി.
അദ്ദേഹം വന്ന ശേഷമാണ് പുറംലോകം എന്താണെന്ന് ഞാൻ മനസ്സിലാക്കുന്നത്. അതുവരെയും സിനിമാലോകവും അമ്മയും മാത്രമായിരുന്നു. അദ്ദേഹം ജീവിതത്തിൽ വന്നശേഷമാണ് ജീവിതത്തെ കുറിച്ചുള്ള ചിന്താഗതി മാറിയത്. നോ പറയാൻ എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. നോ പറയാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്ന് മീന പറഞ്ഞു. മീനയുടെ അടുത്ത സുഹൃത്തായ കൊറിയോഗ്രാഫർ കാലാമാസ്റ്റർ ആണ് ഇത്തരമൊരു ചടങ്ങ് മുന്നിൽ നിന്ന് സംഘടിപ്പിച്ചത്. മീനയുടെ ഭർത്താവിനെ കുറിച്ച് കല മാസ്റ്ററും സംസാരിച്ചു. സാഗറിന് മീന എന്നാൽ അത്രയും ഇഷ്ടമായിരുന്നു. സാഗർ തൻറെ അടുത്ത സുഹൃത്തായിരുന്നു എന്നും കലാ മാസ്റ്റർ പറഞ്ഞു.