സിനിമ അഭിനയത്തിനൊപ്പം സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന താരമാണ് വിശാൽ. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ലാത്തിയുടെ കളക്ഷന്റെ ഒരു ഭാഗം കർഷകർക്ക് നൽകുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് താരം.ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
കർഷകരാണ് ഏതൊരു രാജ്യത്തിന്റെയും നട്ടെല്ല് അതുകൊണ്ടുതന്നെയാണ് അവരെ സഹായിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്നതെന്ന് വിശാൽ പറഞ്ഞു.ഇതിനുമുമ്പും വിശാൽ തൻറെ ചിത്രത്തിൻറെ കളക്ഷന്റെ വിഹിതം കർഷകരുടെ ക്ഷേമത്തിനായി നൽകിയിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ സണ്ടക്കോഴി 2 എന്ന ചിത്രത്തിൻറെ കളക്ഷൻ വിഹിതം ആയിരുന്നു വിശാൽ കർഷകർക്ക് നൽകിയത്.
വിനോദ് കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ലാത്തിയിൽ പോലീസ് വേഷത്തിലാണ് വിശാൽ എത്തുക.ഈ മാസം 22നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.ചിത്രത്തിൽ വിശാലിന്റെ നായികയായിട്ട് എത്തുന്നത് സുനൈന ആണ്. സ്പടികത്തിലൂടെ തൊരപ്പൻ ബാസ്റ്റിനായി എത്തിയ സണ്ണിയാണ് ചിത്രത്തിൽ വിശാലിന്റെ വില്ലൻ.തമിഴ്, കന്നഡ,മലയാളം,ഹിന്ദി,തെലുങ്ക് ഭാഷകളിൽ ഒരു പാൻ ഇന്ത്യൻ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്.
റാണ പ്രൊഡക്ഷൻസും വിശാലിന്റെ പ്രൊഡക്ഷൻ കമ്പനിയായ വിശാൽ ഫിലിം ഫാക്ടറിയും ചേർന്നാണ് ലാത്തി നിർമ്മിക്കുന്നത്.ചിത്രത്തിൽ കോൺസ്റ്റബിൾ മുരുകാനന്ദം എന്ന കഥാപാത്രത്തെയാണ് വിശാൽ അവതരിപ്പിക്കുന്നത്.യുവൻ ശങ്കർ രാജയാണ് ചിത്രത്തിൻറെ സംഗീതസംവിധാനം.ആക്ഷൻ ഹീറോ വിശാലിന്റെ കരിയറിലെ 32 ആമത് ചിത്രമാണ് ലാത്തി.ആക്ഷനും ഫാമിലി ഇമോഷനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്നതാണ് ലാത്തിയുടെ കഥാപശ്ചാത്തലം