ലോകമെങ്ങും ഫുട്ബോൾ ലോകകപ്പിന്റെ ഫൈനൽ ആവേശത്തിലാണ്.അതിനിടയിലാണ് ആരാധകരെ ആവേശത്തിൽ ആക്കിക്കൊണ്ട് മെസ്സിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.’ഐ ആം റെഡി വാമോസ് അർജൻറീന’എന്ന തലക്കെട്ടൊടെ തന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് മെസ്സി.പരിക്കു മൂലം താരം ലോകകപ്പിലെ അവസാന മത്സരത്തിന് ഇറങ്ങുമോ ഇല്ലയോ എന്നതിനെപ്പറ്റിയുള്ള ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ പോസ്റ്റ്.
‘ഒന്നും അസാധ്യമല്ല’എന്ന ഹാഷ് ടാഗോടെയാണ് മെസ്സിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ക്രൊയേഷ്യക്കെതിരെയുള്ള സെമിഫൈനൽ മത്സരത്തിനിടെ മെസ്സിയുടെ ഹാംസ്ട്രിങ്ങിന് പരിക്കേറ്റിരുന്നു.ഇതിനെ തുടർന്ന് താരം പരിശീലന മത്സരം ഒഴിവാക്കിയിരുന്നു.എന്നാൽ ടീം മാനേജ്മെൻറിൻറെ ഭാഗത്തുനിന്ന് പരിക്കിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല.എന്നാൽ ആരാധകരുടെ എല്ലാ ആശങ്കകൾക്കും വിരാമം ഇട്ടുകൊണ്ടാണ് മെസ്സി പോസ്റ്റുമായി രംഗത്ത് വന്നത്.
മെസ്സി എന്ന ഇതിഹാസതാരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരീക്ഷണമാണ് ഞായറാഴ്ച ഖത്തറിലെ ലൂസൈൽ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്നത്.ഞായറാഴ്ച നടക്കുന്ന തീപാറുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരും ശക്തരുമായ ഫ്രാൻസ് എന്ന കടമ്പയാണ് മിശിഹായ്ക്കും സംഘത്തിനും മറികടക്കേണ്ടത്. ലോകകപ്പിലെ കളിച്ച ആറു മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകളും അസിസ്റ്റുകളും ആയി തകർപ്പൻ ഫോമിലാണ് മെസ്സി.
അർജൻറീന ടീമിനും ആരാധകർക്കും മെസ്സിയെ ഒഴിവാക്കിക്കൊണ്ട് ഒരു ഇലവൻ സങ്കൽപ്പിക്കാൻ പോലും ആകില്ല.ആ ഒരു സാഹചര്യത്തിലാണ് മെസ്സിയുടെ പരിക്കുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പരന്നത്.ഫൈനൽ മത്സരത്തിൽ ഒരു ഗോൾ കൂടി നേടി ഗോൾഡൻ ബൂട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യം കൂടി മെസ്സിക്ക് ഉണ്ട്.എംബാപ്പെയും മെസ്സിയും ഗോൾ കണക്കിൽ ഇപ്പോൾ ഒപ്പത്തിനൊപ്പം ആണ്. ക്രൊയേഷ്യയുമായി ഉള്ള മത്സരത്തിനിടെ മെസ്സിയുടെ കാലിന് പരിക്കേറ്റിരുന്നെങ്കിലും കളി പൂർത്തിയാകുന്നത് വരെ മെസ്സി കളിക്കളത്തിൽ ഉണ്ടായിരുന്നു.