സീരിയലുകളിലും സിനിമകളിലും ആയി നിരവധി ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയ്ക്കൊപ്പം സഞ്ചരിക്കുന്ന കലാകാരിയാണ് പൊന്നമ്മ ബാബു.നാടക വേദികളിലൂടെ അഭിനേരംഗത്തേക്ക് എത്തിയ പൊന്നമ്മ കോമഡി ആയാലും വില്ലൻ വേഷം ആയാലും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്.സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമാണ് പൊന്നമ്മ ബാബു. ഇപ്പോഴിതാ നീണ്ട 18 വർഷങ്ങൾക്ക് ശേഷം സീരിയൽ അഭിനയത്തിലേക്ക് എത്തിയിരിക്കുകയാണ് താരം.
മിസ്സിസ് ഹിറ്റ്ലർ എന്ന സീരിയലിലാണ് പൊന്നമ്മ അഭിനയിക്കുന്നത്.സി കേരളം ചാനൽ ആണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്.സീരിയലിൽ എന്നെങ്കിലും താൻ അഭിനയിക്കുമെന്ന് അറിയാമായിരുന്നു.എന്നാൽ ഇത്രയും നാൾ സിനിമയുടെ തിരക്കായതിനാൽ സീരിയലിലേക്ക് എത്താൻ ആയിരുന്നില്ല.ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൊന്നമ്മ ഇക്കാര്യം പറഞ്ഞത്.എങ്ങനെയാണ് സിനിമയിലേക്ക് എത്തിയത് എന്ന് ചോദ്യത്തിന്,’സിനിമ തന്നെ വന്ന് ക്ഷണിച്ചുകൊണ്ട് പോയതാണ്’എന്നാണ് പൊന്നമ്മ മറുപടി പറഞ്ഞത്.
തനിക്ക് അവസരം ചോദിച്ച് അങ്ങോട്ട് ചെല്ലേണ്ട സാഹചര്യം അന്ന് ഉണ്ടായില്ല.മരിക്കുന്നതുവരെ സിനിമയോട് സ്നേഹവും കടപ്പാടും ഉണ്ടായിരിക്കും. അന്നൊക്കെ ഡയലോഗ് ഒറ്റയ്ക്ക് കാണാതെ പഠിച്ച് ഒറ്റ ടേക്കിൽ പറയണമായിരുന്നു.അല്ലാത്തപക്ഷം അടുത്ത സിനിമയിൽ അവസരം കിട്ടില്ല.അന്നത്തെ സിനിമ സാഹചര്യങ്ങൾ വച്ചുനോക്കുമ്പോൾ ഇന്നത്തെ കുട്ടികൾക്ക് ഒരുതരത്തിലും ഉള്ള ബുദ്ധിമുട്ട് ഇല്ലെന്നും പൊന്നമ്മ പറയുന്നു.വളരെ സിമ്പിൾ ആയാണ് താൻ ഒരുങ്ങുന്നത്.എങ്കിലും ലിപ്സ്റ്റിക്ക് നിർബന്ധമാണ്.കഥാപാത്രത്തിനനുസരിച്ച് ഡ്രെസ്സും ആഭരണങ്ങളും ധരിക്കാറുണ്ട്.
ഇതൊക്കെ കണ്ട് പലരും എവിടെ നിന്ന് വാങ്ങിയതാണെന്ന് ചോദിക്കാറുണ്ടെന്നും പൊന്നമ്മ പറഞ്ഞു.ശരിക്കുമുള്ള പേര് പൊന്നമ്മ എന്നാണെങ്കിലും എല്ലാവരും തന്നെ പൊന്നൂസ് എന്നാണ് വിളിക്കുന്നത് എന്ന് താരം പറഞ്ഞിരുന്നു.ഇതിനോടകം തന്നെ ഏതാണ്ട് മുന്നൂറിലധികം ചിത്രങ്ങളിൽ പൊന്നമ്മ ബാബു വേഷമിട്ടിട്ടുണ്ട്.16 വയസ്സിൽ വിവാഹത്തിനുശേഷം 21 വയസ്സോടെ താൻ മൂന്ന് കുട്ടികളുടെ അമ്മയായി. പിന്നീട് നാടകം സിനിമ അഭിനയരംഗത്തേക്കും എത്തി.തിരിഞ്ഞുനോക്കുമ്പോൾ ഇത്രയും കാലം താൻ സഞ്ചരിച്ചു എന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നെന്നും പൊന്നമ്മ പറയുന്നു.