പ്രണയത്തിൻറെ ശക്തികൊണ്ട് വിസ്മയിപ്പിച്ച തൃശൂർ കണ്ണിക്കര സ്വദേശി പ്രണവ് മരണത്തിന് കീഴടങ്ങി. പ്രണവിന്റെയും ഷഹാനയുടെയും പ്രണയവും വിവാഹവും എല്ലാം സൈബർ ഇടങ്ങളിൽ വൈറലായിരുന്നു. എട്ടുവർഷം മുമ്പ് നടന്ന അപകടത്തിലാണ് പ്രണവ് നെഞ്ചിന് താഴേക്ക് തളർന്ന് കിടപ്പിലായത്. ബൈക്ക് അപകടത്തിൽ ശരീരം തളർന്ന പ്രണവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു ഷഹാന. പ്രണവിന്റെ വീഡിയോ കണ്ടാണ് ഷഹാനയ്ക്ക് പ്രണവിനോട് പ്രണയം തോന്നിയത്.
ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ പ്രണവ് തന്നെയാണ് ആദ്യം എതിർത്തത്. എന്നാൽ പ്രണവ് ഒരിക്കലും എഴുന്നേൽക്കില്ലെന്ന് അറിയാമായിരുന്നെങ്കിലും ഷഹാന തിരുവനന്തപുരത്ത് നിന്നും പ്രണവിനെ തേടി തൃശ്ശൂർ എത്തുകയായിരുന്നു. നിരുത്സാഹപ്പെടുത്താൻ പരമാവധി ശ്രമം നടത്തി എങ്കിലും ഷഹാന മടങ്ങാൻ തയ്യാറല്ലാതെ വന്നതോടെ ഒടുവിൽ പ്രണവ് ഷഹാനയെ ഹൈന്ദവ ആചാര പ്രകാരം വിവാഹം ചെയ്തു. 2020 മാർച്ച് 4ന് കൊടുങ്ങല്ലൂർ ആലക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.
ഹിന്ദു മുസ്ലിം വിപ്ലവ പ്രണയമായതിനാൽ നിരവധി വിവാദങ്ങൾ ഇവരുടെ വിവാഹത്തിനു ഉണ്ടായി. കഴിഞ്ഞ രണ്ടുവർഷം സന്തോഷത്തിലാണ് ദമ്പതികൾ ജീവിച്ചത്. ശസ്ത്രക്രിയകൾ ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രണവ്. ഇതിനിടയിലാണ് മരണം അപ്രതീക്ഷിതമായി പ്രണവിനെ കവർന്നെടുത്തത്. വെള്ളിയാഴ്ച രാവിലെ രക്തം ഛർദിച്ചതിനെ തുടർന്ന് അവശനായ പ്രണവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രണവിന്റെ വിയോഗത്തിൽ ആകെ തകർന്ന് അലമുറയിടുകയാണ് ഷഹന. ഒന്നും പറയാതെ ഒരു സൂചന പോലും തരാതെ അപ്രതീക്ഷിതമായി പ്രിയതമൻ വിട പറഞ്ഞത് ഷഹാനയ്ക്ക് ഉൾക്കൊള്ളാൻ ആയിട്ടില്ല. ദിവസങ്ങൾക്കു മുമ്പാണ് ഷഹാനയുടെ ചിത്രം തൻറെ നെഞ്ചിൽ പ്രണവ് പച്ചകുത്തിയത്. പ്രണവിന്റെ മരണം നാടിനാകെ കണ്ണീരായി മാറുകയാണ്.