നല്ലവനായും വില്ലനായും പ്രായമുള്ള അച്ഛൻ കഥാപാത്രങ്ങളും ഒക്കെ ഏറ്റവും മനോഹരമായി കൈകാര്യം ചെയ്യുന്ന നടനാണ് സായി കുമാർ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച സായികുമാർ തൻറെ ഷഷ്ടിപൂർത്തി ആഘോഷിക്കുകയാണ്. ഇപ്പോൾ അഭിനയത്തിൽ സജീവമായി തുടരുന്ന നടനെപ്പറ്റി കലൂർ ഡെന്നീസ് പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. നായകനായി തിളങ്ങുന്ന കാലം ഉണ്ടായിരുന്നതുപോലെ ഇടയ്ക്ക് അവസരങ്ങൾ പോലും ഇല്ലാതെ സായി കുമാറിന് വേദനിക്കേണ്ടി വന്നിരുന്നു. കൂട്ടുകാരുടെ കൂടെ കൂടി രാത്രികാല പാർട്ടികളും ആഘോഷവും ഒക്കെയാണ് സായിക്ക് ആ അവസ്ഥ ഉണ്ടാക്കിയത് എന്നാണ് മനോരമയ്ക്ക് നൽകിയ റിപ്പോർട്ടിലൂടെ ഡെന്നിസ് പറയുന്നത്.
സിദ്ദീഖ് ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഇൻഹരിഹർ നഗർ വന്നതോടെ യുവനടന്മാരിൽ ഏറ്റവും തിരക്കുള്ള താരമുഖമായി സായി കുമാർ മാറുകയായിരുന്നു. അതോടെ ഒത്തിരി നിർമ്മാതാക്കളും സംവിധായകനും എല്ലാം സായി കുമാറിന്റെ ഡേറ്റിനു വേണ്ടി കാത്തുനിൽക്കാൻ തുടങ്ങി. പിന്നീട് ഒന്ന് രണ്ട് വർഷങ്ങൾ സായി കുമാറിന്റേതായിരുന്നു എന്ന് പറയുന്നതാണ് ഏറെ ഭംഗി. സായിയുടെ മാർക്കറ്റ് വാല്യൂ ഉയരാൻ തുടങ്ങിയപ്പോൾ പല സുഹൃത്തുക്കളും സേവകരും സായിയുടെ അടുത്ത് വന്നു കൂടാൻ തുടങ്ങി. സായിയും അതിൽ അറിയാതെ വീണുപോയി. പിന്നെ പല ചിത്രങ്ങൾക്കും കൊടുത്തിട്ടുള്ള കോൾ ഷീറ്റ് തെറ്റാൻ തുടങ്ങിയപ്പോൾ സിനിമയിൽ സ്വാഭാവികമായി സംഭവിക്കുന്ന താര അവഗണനയും സാരമായി ബാധിച്ചു. പെട്ടെന്ന് സായിക്ക് പടങ്ങൾ കുറയാൻ തുടങ്ങി.
എനിക്ക് സായിക്ക് സിനിമ കൊടുക്കാൻ താല്പര്യമുണ്ടെങ്കിലും നിർമ്മാതാക്കളും സംവിധായകനും ഒക്കെ പുറംതിരിഞ്ഞു നിൽക്കുന്നത് കൊണ്ട് നിസ്സഹായനായി നിൽക്കാനേ കഴിഞ്ഞുള്ളൂ. സായി എത്രയോ നല്ല ഒരു നടനാണ് കൊട്ടാരക്കര ശ്രീധരൻ നായരുടെ ഒരേയൊരു മകൻ. കൂട്ടുകാരോടൊത്തുള്ള കമ്പനി കൂടലും ഉഴപ്പും അലസതയും ഒക്കെ കളഞ്ഞ് കൃത്യനിഷ്ഠതയോടെ തന്നെ ജോലി നിർവഹിക്കാൻ തുടങ്ങിയാൽ ഒരു വലിയ നടനായി മാറുമെന്ന് എന്റെ മനസ്സ് പറഞ്ഞു. ആ സമയത്താണ് പിജി വിശ്വംഭരൻ സംവിധാനം ചെയ്യാൻ പോകുന്ന ‘ഇരിക്കൂ എം ഡി അകത്തുണ്ട്’ എന്ന ചിത്രത്തിൻറെ ഡിസ്കഷൻ നടക്കുന്നത്. അതിൽ സായിക്ക് പറ്റിയ ഒരു വേഷമുണ്ടെന്ന് വിശ്വംഭരനോട് ഞാൻ പറഞ്ഞപ്പോൾ കക്ഷിക്കും താൽപര്യക്കുറവും ഒന്നും ഉണ്ടായില്ല.
വിശ്വംഭരൻ നിർമ്മാതാവിനോട് സംസാരിച്ചു. നിർമ്മാതാവും സായികുമാറുമായി സംസാരിച്ചപ്പോൾ പ്രതിഫലത്തിന്റെ കാര്യത്തിൽ അവർ തമ്മിൽ ഒരു ധാരണയിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. ഒരു ആർട്ടിസ്റ്റിന്റെ മാർക്കറ്റ് ഇടിഞ്ഞാൽ പിന്നെ വളരെ തുച്ഛമായ പ്രതിഫലത്തിൽ അഭിനയിക്കാൻ ഒട്ടുമിക്ക നിർമ്മാതാക്കളും തയ്യാറാവുകയുള്ളൂ. അങ്ങനെ പ്രതിഫലത്തിന്റെ കാര്യത്തിൽ സായിയെ ആ ചിത്രത്തിൽ നിന്നും ഒഴിവാക്കാൻ വിശ്വംഭരനും ഞാനും നിർബന്ധിതരാവുകയായിരുന്നു. സായികുമാർ ഇതറിഞ്ഞ് എന്നെ വിളിച്ചു. ഞാൻ നടന്ന സംഭവങ്ങളുടെ ഏകദേശം രൂപം പറഞ്ഞു മനസ്സിലാക്കി. പിറ്റേന്ന് ഞാനും എൻറെ അസിസ്റ്റൻറ് കുഞ്ഞുമോനും കൂടി ആ സിനിമയുടെ റിക്കാർഡിങ്ങിന് മദ്രാസിൽ പോകുന്ന വിവരം സായിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു.
ഞങ്ങൾ മദ്രാസിൽ പോകാനായി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയാണ്. ട്രെയിൻ എത്താൻ അഞ്ചുമിനിറ്റ് ഉള്ളപ്പോൾ അതാ വരുന്നു സായിക്കുമാർ. ഞങ്ങൾ സായിയെ അവിടെ ഒട്ടും പ്രതീക്ഷിച്ചതല്ല. ആലപ്പുഴയിൽ നിന്ന് ഞങ്ങളെ കാണാൻ വേണ്ടി മാത്രം കാർ പിടിച്ചു വന്നിരിക്കുകയാണ്. സായിയുടെ അപ്പോഴത്തെ മാനസികാവസ്ഥ കണ്ടപ്പോൾ ഞാൻ ആകെ വല്ലാതായി. ഞാൻ വിശ്വംഭരനെ ഒന്ന് നോക്കി. പ്രതിഫലത്തിന്റെ കാര്യമൊന്നും എനിക്ക് പ്രശ്നമല്ല ആ സിനിമയിൽ ഞാനും ഉണ്ടാകണം എന്ന് പറഞ്ഞു. ആ ഒറ്റ വാചകത്തിൽ കൂടുതൽ ഒന്നും പിന്നെ സായിക്ക് പറയേണ്ടി വന്നില്ല.
അങ്ങനെ നിർമ്മാതാവ് പറഞ്ഞിരുന്ന പ്രതിഫലത്തിൽ സായികുമാർ ആ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. കൂട്ടുകാരും കമ്പനിയും രാത്രികാലങ്ങളിലുള്ള ലഹരി സേവയും ഒക്കെ സായി പെട്ടെന്ന് നിർത്തുകയും ജോലി കഴിഞ്ഞുള്ള സുഹൃദ്ബന്ധങ്ങൾ മാത്രമായി തന്നെ കരിയർ മുന്നോട്ടുകൊണ്ടുപോകാൻ തുടങ്ങിയപ്പോൾ സായിയുടെ കരിയർ വീണ്ടും തെളിഞ്ഞു. പിന്നെ സായിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്നും ഡെന്നിസ് പറയുന്നു.