മലയാള സിനിമയിലും മിമിക്രി സ്കിറ്റ് രംഗത്തും നിറഞ്ഞുനിൽക്കുകയും ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ നടനാണ് ഹരീഷ് കണാരൻ. ഹരീഷ് പെരുമണ്ണ എന്നുകൂടി അറിയപ്പെടുന്ന താരം ടിവി റിയാലിറ്റി ഷോയായ കോമഡി ഫെസ്റ്റിവലിൽ ജാലിയൻ കണാരൻ എന്ന വേഷപ്പകർച്ചയിലൂടെയാണ് മലയാളി മനസ്സുകളിൽ സ്ഥാനം പിടിച്ചത്. തുടർന്ന് നിരവധി സിനിമകളാണ് താരത്തെ തേടി എത്തിയതും. അടുത്തിടെയാണ് അദ്ദേഹം തന്റെ പഴയ വീട് പുനർനിർമ്മിച്ച് ആരാധകരെയെല്ലാം അത്ഭുതപ്പെടുത്തിയ വീട് ആക്കി മാറ്റിയത്. സമൂഹമാധ്യമങ്ങൾ അടക്കം ശ്രദ്ധ നേടിയ താരത്തിന്റെ വീടിൻറെ ദൃശ്യങ്ങൾ ആണ് അദ്ദേഹത്തിൻറെ കുടുംബത്തെക്കുറിച്ചും മലയാളികൾ അറിഞ്ഞത്.
ഭാര്യ സന്ധ്യയും രണ്ടു മക്കളും ഭാര്യ മാതാവും അടങ്ങുന്ന ചെറിയ കുടുംബമാണ് ഹരീഷ് കണാരന്റേത്. പത്തുവർഷം പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഹരീഷ് കണാരനും സന്ധ്യയും. ആദ്യ തവണ പത്താം ക്ലാസിൽ തോറ്റ ഹരീഷ് രണ്ടാം തവണ പരീക്ഷ എഴുതാൻ പോയപ്പോഴാണ് സന്ധ്യയെ പരിചയപ്പെട്ടത്. അവിടെ തുടങ്ങിയ പ്രണയമായിരുന്നു ഇവരുടെത്. അന്നുമുതലേ മിടുക്കിയായിരുന്നു സന്ധ്യ. 18 വർഷത്തോളം സംഗീതം പഠിച്ച സന്ധ്യ 12 വർഷം പ്രശസ്തമായ ചെമ്പൈ സംഗീതോത്സവത്തിൽ പാടുകയും ചെയ്തിട്ടുണ്ട്. ചെറുപ്പം മുതലേ ഹരീഷിന്റെ നാട്ടിൽ സംഗീതം പഠിപ്പിക്കുവാൻ സന്ധ്യ വന്നിരുന്നു. പാട്ടു പഠിപ്പിക്കുവാൻ എത്തുന്ന സ്ഥലങ്ങളിലെല്ലാം ഹരീഷ് എത്തുകയും പ്രണയം തുറന്നു പറയുകയുമായിരുന്നു.
10 വർഷത്തോളം ഈ പ്രണയം മുന്നോട്ടുകൊണ്ടുപോയ ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. അന്നുമുതൽക്കേ വീട് ഒരു സ്വപ്നമായിരുന്നു ഹരീഷിനും ഭാര്യക്കും. കോഴിക്കോട് പെരുമണ്ണയാണ് ഹരീഷിന്റെ സ്വദേശം. അമ്മയുടെ നാടാണിത്. അമ്മ മരിച്ചുപോവുകയും അവിടെ ഉണ്ടായിരുന്ന തറവാട് വീട് പൊളിഞ്ഞു പോവുകയും ചെയ്തപ്പോൾ അമ്മയുടെ പേരിൽ ഉണ്ടായിരുന്ന 20 സെൻറ് സ്ഥലം വിറ്റ് മറ്റൊരു 27 സെൻറ് ഭൂമിയിൽ വീട് വയ്ക്കുകയായിരുന്നു. വിവാഹശേഷം സന്ധ്യയും കൊണ്ട് ചെല്ലുന്നത് ആ വീട്ടിലേക്കാണ്. അന്ന് ആ വീടിൻറെ ഫ്ളോറിങ് പോലും ചെയ്തിരുന്നില്ല പിന്നീടാണ് ആ വീട് നവീകരിക്കുകയും വീണ്ടും അതൊരു കേരള സ്റ്റൈലിലുള്ള പഴയ തറവാടുകളെ ഓർമിപ്പിക്കുന്ന ഡിസൈനിലേക്ക് മാറ്റുകയും ചെയ്തത്.
പലരും കോടികൾ വിലയുള്ള കോൺക്രീറ്റ് സൗധങ്ങളും വില്ലകളും ഫ്ലാറ്റുകളും എല്ലാം വാങ്ങുന്ന കാലത്ത് സ്വന്തം നാട്ടിൽ തന്നെ പഴമയിൽ ഉറച്ചുനിൽക്കുന്ന വീടാണ് ഹരീഷ് പണികഴിപ്പിച്ചിരിക്കുന്നത്. എന്തായാലും ഹരീഷിന്റെ പുതിയ വീട് താരങ്ങൾക്കിടയിലും ചർച്ചയായി കഴിഞ്ഞു. വേറിട്ട കാലത്ത് വേറിട്ട ശൈലിയിൽ വീട് നിർമ്മിക്കുവാൻ കാണിച്ച ഹരീഷിന്റെയും ഭാര്യയുടെയും മനസ്സിനെ അഭിനന്ദിക്കുകയാണ് ആരാധകർ ഇപ്പോൾ. രണ്ടു നിലയിൽ പണിത വീടിനുമുകളിൽ ഓടാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. വീടിൻറെ അകത്തളങ്ങളും പഴമയുടെ പ്രൗഢികൾ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. ചുരുങ്ങിയത് ഒരു കോടി രൂപയെങ്കിലും ഈ വീടിന് ചെലവായി കാണുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
കോഴിക്കോട് പെരുമണ്ണയിൽ ഉള്ള രാമചന്ദ്രമേനോൻ സരോജിനി ദമ്പതികളുടെ ഏക മകനാണ് ഹരീഷ്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മയുടെ വേർപാട് സംഭവിച്ചത്. തുടർന്ന് താരത്തിന്റെ അച്ഛൻ രാമചന്ദ്രൻ രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തു. കുറേക്കാലം മാങ്കാവുള്ള അമ്മാവൻറെ വീട്ടിലായിരുന്നു താമസം എങ്കിലും പിന്നീട് അച്ഛൻ രണ്ടാം അമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ മിമിക്രിയിലൊക്കെ പരീക്ഷിക്കാനുള്ള താരത്തിന്റെ ഗുരു എന്ന് പറയുന്നത് നാടക രംഗത്ത് നിന്നും പിന്നീട് സിനിമയിലെത്തിയ ഹരീഷ് പേരടിയാണ്.
കോഴിക്കോട് ഗണപതി ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹം പഠിപ്പിച്ച നാറ്റം എന്ന നാടകത്തിന് ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തിരുന്നു. നടൻ ദിലീപിന്റെ കടുത്ത ആരാധകൻ കൂടിയായ താരം ദിലീപിന്റെ ശബ്ദം എല്ലാം അനുകരിക്കുകയും ചെയ്തിരുന്നു. മിമിക്രിയും നാടകവുമായി നടക്കുന്ന കാലഘട്ടത്തിലാണ് ഹരീഷ് സിനിമയുടെ ലോകത്തേക്ക് എത്തിച്ചേരുന്നത്. ഇന്ന് മലയാളം സിനിമയിലെ ഹാസ്യ നടന്മാരിൽ ശ്രദ്ധേയനാണ് ഹരീഷ്.