തെന്നിന്ത്യൻ സിനിമയിലെ മിന്നും താരം ആയിരുന്നു സൗന്ദര്യ. മലയാളം ഉൾപ്പെടെ അഭിനയിച്ച ഭാഷകളിൽ എല്ലാം സൂപ്പർഹിറ്റുകൾ സമ്മാനിച്ച താരം. സൂപ്പർ താരങ്ങളുടെ നായികയായ അഭിനയിച്ച തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി നിറഞ്ഞു നിൽക്കുകയായിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി എത്തിയ മരണം സൗന്ദര്യയെ കവർന്നെടുക്കുന്നത്. 2004 ഏപ്രിൽ 17നാണ് സൗന്ദര്യ മരണപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പുറപ്പെട്ട സൗന്ദര്യയുടെ ഹെലികോപ്റ്റർ അപകടത്തിൽ പെടുകയും താരം മരണപ്പെടുകയും ആയിരുന്നു. മരിക്കുമ്പോൾ വെറും 31 വയസ്സ് മാത്രമായിരുന്നു സൗന്ദര്യയുടെ പ്രായം. തന്റെ കരിയറിന്റെ പീക്കിലൂടെ കടന്നു പോകുമ്പോഴാണ് സൗന്ദര്യ മരണപ്പെടുന്നത്.
തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി ഭാഷകളിൽ എല്ലാം സാന്നിധ്യം അറിയിക്കാൻ സൗന്ദര്യയ്ക്ക് ആയിരുന്നു. 2003ലാണ് സൗന്ദര്യ വിവാഹം കഴിക്കുന്നത്. പിന്നാലെ ഗർഭിണിയായ താരം സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതിനെ കുറിച്ച് ചിന്തിക്കവെയാണ് മരണമെത്തുന്നത്. നിർമ്മാതാവ് എഴുത്തുകാരനും ആയിരുന്നു സൗന്ദര്യയുടെ അച്ഛൻ കെ എസ് സത്യനാരായണ. ഡോക്ടർ ആകാൻ ആയിരുന്നു സൗന്ദര്യ ആഗ്രഹിച്ചിരുന്നത്. കാലം സൗന്ദര്യയെ സിനിമയിലേക്ക് എത്തിക്കുകയായിരുന്നു. കന്നടയിലൂടെ ആയിരുന്നു അരങ്ങേറ്റം. അധികം വൈകാതെ തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി മാറുകയായിരുന്നു സൗന്ദര്യ.
12 വർഷത്തെ കരിയറിൽ നൂറിലധികം സിനിമകളിൽ സൗന്ദര്യ അഭിനയിച്ചിരുന്നു. നിരവധി പുരസ്കാരങ്ങളും താരം സ്വന്തമാക്കിയിരുന്നു. 2004 ആയിരുന്നു സൗന്ദര്യ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. തൻറെ സഹോദരൻ അമർനാദിനൊപ്പം തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു സൗന്ദര്യ. താരം സഞ്ചരിച്ച ഹെലികോപ്റ്റർ തീപിടിക്കുകയായിരുന്നു. നടിയും സഹോദരനും അടക്കം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ എല്ലാം തന്നെ മരണപ്പെട്ടു. മൃതദേഹങ്ങൾ തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തിലായിരുന്നു. സൗന്ദര്യയുടെ മരണത്തിനുശേഷം സംവിധായകൻ ആർ വി ഉദയകുമാർ നടത്തിയ വെളിപ്പെടുത്തൽ സിനിമ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു.
മരണപ്പെടുമ്പോൾ സൗന്ദര്യ ഗർഭിണിയായിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. മരിക്കുന്നതിന് തലേദിവസം സൗന്ദര്യ തന്നെ ഫോൺ വിളിച്ചിരുന്നു. ഒരു മണിക്കൂർ ഓളം സംസാരിച്ചു. താൻ ഇനി സിനിമ ചെയ്യുന്നില്ലെന്നും അമ്മയാകാൻ പോവുകയാണെന്നും സൗന്ദര്യ പറഞ്ഞു. ചന്ദ്രമുഖിയുടെ കന്നട റീമേക്കോടെ അഭിനയം നിർത്താനായിരുന്നു സൗന്ദര്യ ആഗ്രഹിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ കാലം അതിന് അവർക്ക് അവസരം നൽകിയില്ല. ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർതാരങ്ങളായ അമിതാബ് ബച്ചൻ, രജനീകാന്ത്, കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി, വിഷ്ണുവർധൻ എന്നിവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട് സൗന്ദര്യ.
അഭിനയത്തിന് പുറമേ സാമൂഹിക പ്രവർത്തനത്തിലും താല്പര്യമുണ്ടായിരുന്നു. അനാഥ കുട്ടികൾക്കായി മൂന്ന് സ്കൂളുകൾ ആരംഭിച്ചു. താരത്തിന്റെ മരണശേഷം അമ്മ സൗന്ദര്യയുടെ ഓർമ്മയ്ക്കായി സാമൂഹിക പ്രവർത്തന രംഗത്ത് ധാരാളം സംഭാവനകൾ നൽകുകയും ചെയ്തിരുന്നു. ബന്ധുവും ബാല്യകാല സുഹൃത്തുമായ രഘുവിനെയാണ് താരം വിവാഹം ചെയ്തത്. വിവാഹത്തിനു മുമ്പായി നടി തൻറെ വിൽപത്രം തയ്യാറാക്കിയിരുന്നു. തന്റെ സ്വത്തുവകകൾ എല്ലാം തന്നെ കുടുംബാംഗങ്ങളുടെ പേരിൽ ആയിരുന്നു എഴുതി വെച്ചിരുന്നത്. നടിയുടെ മരണത്തിന്റെ പിന്നാലെ സ്വത്തിനെ ചൊല്ലി കുടുംബത്തിൽ തർക്കം ഉടലെടുത്തു. 11 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ കുടുംബ അംഗങ്ങൾ തർക്കത്തിന് പരിഹാരം കണ്ടെത്തി. കന്നടക്കാരിയായി 1972ൽ ജനിച്ച സൗന്ദര്യ അതേ ഭാഷയിലാണ് വെള്ളിത്തിരയിലേക്ക് ആദ്യം എത്തിയത്.