ബിഗ് ബോസ് മലയാളം സീസൺ 5 എത്തിനിൽക്കുമ്പോൾ ഇതുവരെ മത്സരിച്ചവരുടെ എണ്ണം നൂറിൽപരം ആയിട്ടുണ്ട്. പ്രേക്ഷകർക്ക് അത്ര സുപരിചിതർ അല്ലാതിരുന്ന നിരവധി പേർ ഇക്കൂട്ടത്തിൽ ഉണ്ട്. എന്നാൽ ഷോയിൽ വന്നു പോയവർ പലരും ഇന്ന് നാലാൾ അറിയുന്ന താരങ്ങളാണ്. അത്രമാത്രം എക്സ്പോഷർ നൽകുന്ന ഷോയാണിത്. അങ്ങനെ ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് മജ്സിയ ഭാനു. ബിഗ് ബോസ് സീസൺ ത്രീയിലാണ് മജ്സിയ മത്സരാർത്ഥിയായി എത്തിയത്. കായികരംഗത്ത് മികവുലർത്തിയിട്ടുള്ള മജ്സിയ ആ സീസണിലെ ടാസ്കുകളിൽ ഒക്കെ മികവുപുലർത്തിയ താരമാണ്. എന്നാൽ 42 മത്തെ ദിവസം മജ്സിയ എലിമിനേഷനിലൂടെ പുറത്തു പോവുകയായിരുന്നു.
ഷോയിൽ നിന്ന് പുറത്തായ ശേഷവും സോഷ്യൽ മീഡിയയിലൂടെ മജ്സിയ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. തൻറെ കരിയറിലെയും ജീവിതത്തിലെയും ചെറിയ വിശേഷങ്ങൾ പോലും മജ്സിയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ തന്റെ ഫേസ്ബുക്കിൽ കുറിച്ച ഒരു കുറിപ്പാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. അസ്സലാമു അലൈക്കും എൻറെ എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പലപ്പോഴായി ഞാൻ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിച്ച ഒരു കാര്യം ഞാൻ ഇന്ന് തുറന്നു എഴുതുകയാണ്. ഓരോ വ്യക്തിയുടെയും വ്യക്തിസ്വാതന്ത്ര്യത്തിനെ പറ്റിയും അവരുടെ ലൈംഗികതയെപ്പറ്റിയും ഒരുപാട് ചർച്ചകൾ രാപ്പകലില്ലാതെ എല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്.
മാറുന്ന ലോകവും മാറുന്ന ഉയർന്ന ചിന്താഗതിയും ഒക്കെ വളരെ നല്ലത് തന്നെ. പക്ഷേ പ്രകൃതിവിരുദ്ധം എന്ന് പണ്ട് നമ്മൾ വിശ്വസിച്ചിരുന്ന പലതും ഇന്ന് അംഗീകരിച്ചുകൊണ്ട് അതിനുവേണ്ടി വാദിക്കുകയും അതിനുവേണ്ടി എല്ലാ പിൻബലവും കൊടുത്തു ഓരോ വ്യക്തിയുടെയും ജീവിതത്തിൽ പുതിയ പുതിയ പ്രതീക്ഷകൾ കൊണ്ടു വരുമ്പോൾ ചിലതൊക്കെ നമ്മൾ മറന്നു പോകുന്നുണ്ടോ? എല്ലാം ലൈംഗിക ചുമയോട് മാത്രം കാണാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ പരാമർശിക്കാൻ ആഗ്രഹിക്കുന്ന ഒരു സമൂഹത്തെയാണ് ഞാൻ ഇന്ന് എൻറെ ജീവിതത്തിൽ വ്യക്തിപരമായി കണ്ടുകൊണ്ടിരിക്കുന്നത്.
പണ്ടൊക്കെ പെൺകുട്ടികൾ പുറത്തിറങ്ങുമ്പോൾ കാണുമ്പോൾ യാത്ര ചെയ്യുമ്പോൾ സംസാരിക്കുമ്പോൾ ജോലി ചെയ്യുമ്പോൾ അല്ലെങ്കിൽ ഒരു ഫോട്ടോ എടുക്കുമ്പോൾ അത് ഒരു ആൺകുട്ടിയുടെ കൂടെയാണെങ്കിൽ ചിലരൊക്കെ അതിനെ മോശമായ രീതിയിൽ എടുത്ത് തെറ്റിദ്ധരിക്കുമായിരുന്നു. ഇന്ന് എന്താ അവസ്ഥ? ഒരു പെൺകുട്ടി ഏതെങ്കിലും ആൺകുട്ടിയുടെ കൂടെയാണെങ്കിൽ കാമുകൻ, ഇനി ഏതെങ്കിലും പെൺകുട്ടിയുടെ കൂടെ ആണെങ്കിൽ അവൾ ലെസ്ബിയൻ. എല്ലാം അംഗീകരിക്കുന്ന വിശാലമനസ്കരെ നിങ്ങളോട് ഒരു അപേക്ഷ മാത്രം വെറും ചർച്ചകൾ ചെയ്യപ്പെടാനുള്ള വിഷയം മാത്രമല്ല ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം. അത് നിങ്ങൾ ബഹുമാനിക്കേണ്ട ഒന്നുതന്നെയാണ്.
വെറും ലൈംഗിക ബന്ധങ്ങൾ മാത്രമല്ല ഇവിടെയുള്ളത്. ഈ ലോകത്ത് വേറെയും പവിത്രമായ മനോഹരമായ ഒരുപാട് ബന്ധങ്ങളുണ്ടെന്ന് ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. അവനവൻറെ കാര്യം നോക്കി ജീവിക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് മജ്സിയ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഒരു സുഹൃത്തിനൊപ്പം ചിത്രം പങ്കുവെച്ചു കൊണ്ടാണ് മജ്സിയയുടെ പോസ്റ്റ്. കഴിഞ്ഞ ദിവസങ്ങളിൽ തന്റെ സുഹൃത്തുക്കൾക്കൊപ്പം ഉള്ള ചില ചിത്രങ്ങൾ മജ്സിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രങ്ങൾക്ക് വന്ന പ്രതികരണങ്ങളാണ് പുതിയ പോസ്റ്റിന് പിന്നിലെ കാരണമെന്നാണ് അനുമാനം.