തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരിയാണ് സിമ്രാൻ. നിരവധി ഹിറ്റുകളിൽ നായികയായിട്ടുള്ള സിമ്രാൻ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് കയ്യടി നേടുകയാണ്. ഇതിനിടെ ഇപ്പോൾ ഇതാ സിമ്രാനെ കുറിച്ചുള്ള മാധ്യമപ്രവർത്തകൻ ബാലുവിന്റെ വാക്കുകൾ വാർത്തയായി മാറുകയാണ്. തമിഴ് സിനിമ ലോകത്ത് വളരെ സജീവമായ മാധ്യമപ്രവർത്തകനാണ് ചിയാരു ബാലു. നേരത്തെയും ബാലു പല സെലിബ്രിറ്റികളെ കുറിച്ചും വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. സിമ്രാന്റെ സഹോദരിയുടെ മരണത്തെക്കുറിച്ചും സിമ്രാനെ കുറിച്ചും ഒക്കെയാണ് ബാലു ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. ആ വാക്കുകൾ ചർച്ചയായി മാറുകയാണ്. പഞ്ചാബാണ് സിമ്രാന്റെ സ്വദേശം. ജനിച്ചതും വളർന്നതും മുംബൈയിലും.
മോഡലിങ്ങിലൂടെയാണ് സിമ്രാൻ സിനിമയിൽ എത്തുന്നത്. സിനിമകളിൽ അവസരങ്ങൾ കിട്ടാതെ വരുന്നതോടെയാണ് ദൂരദർശനിൽ അവതാരകയായി എത്തുന്നത്. ഷോ ഹിറ്റ് ആയതോടെ സിമ്രാനും താരമായി മാറുകയായിരുന്നു. തുടർന്ന് താരത്തെ തേടി ബോളിവുഡ് ചിത്രങ്ങൾ എത്തി. എന്നാൽ ബോളിവുഡിൽ തുടക്കം പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല. ബോളിവുഡിൽ ആദ്യം ചെയ്ത രണ്ട് സിനിമകളും പരാജയപ്പെട്ടു. ബോളിവുഡ് സിനിമയിൽ ശോഭിക്കാൻ കഴിഞ്ഞില്ല. പിന്നാലെ സിമ്രാൻ തെന്നിന്ത്യൻ സിനിമയിലേക്ക് ചുവട് മാറ്റുകയായിരുന്നു. ആ തീരുമാനം സിമ്രാന്റെ കരിയറും ജീവിതവും എല്ലാം മാറ്റിമറിച്ചു. തമിഴിലെ ഏറ്റവും തിരക്കുള്ള നായികയായി മാറാൻ താരത്തിന് അധികസമയം വേണ്ടിവന്നില്ല. തമിഴിനു പുറമേ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സിമ്രാന് തിളങ്ങാൻ സാധിച്ചു.
സിമ്രാന്റെ ഈ വിജയം കസിൻ സിസ്റ്റർ ആയ മോണലിനും സിനിമ മോഹം ജനിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് നടിയുടെ സഹോദരിയും സിനിമയിൽ എത്തുന്നത്. സിനിമ പുറമേ കാണുന്നതുപോലെയല്ല അപകടം പിടിച്ചൊരു മേഖലയാണെന്ന് സഹോദരിക്ക് താക്കീത് നൽകിയിരുന്നു. അതേസമയം സിമ്രാന് സിനിമ ലോകത്ത് അഹങ്കാരി എന്നൊരു പേര് വീണിരുന്നു. വല്ലാതെ അടുത്ത് ഇടപഴകിയാൽ പറ്റിക്കപ്പെടാൻ സാധ്യതയുണ്ട് എന്നതിനാൽ തന്നെ സിമ്രാൻ അധികം ആരെയും അടുപ്പിക്കുമായിരുന്നില്ല എന്നതായിരുന്നു ഇതിന് കാരണം. പ്രണയ ഗോസിപ്പുകളും സിമ്രാനെ വേട്ടയാടിയിരുന്നു. ഈ അപകടങ്ങൾ ഒക്കെ സിമ്രാൻ സഹോദരിക്ക് പറഞ്ഞു കൊടുത്തിരുന്നുവെങ്കിലും അവൾക്ക് മനസ്സിലായിരുന്നില്ല.
മോണൽ സിനിമയിലെത്തിയപ്പോൾ അതുതന്നെ സംഭവിക്കുകയും ചെയ്തു. മോഡലിനെ പലരും മുതലെടുക്കുകയും കാശ് കൊടുക്കാതെ പറ്റിക്കുകയും ചെയ്തു. ഈ സമയത്താണ് മോണൽ പ്രണയത്തിലാകുന്നത്. സിനിമയിൽ തന്നെയുള്ള ഒരു കൊറിയോഗ്രാഫറുമായിട്ടായിരുന്നു പ്രണയം. പക്ഷേ ഒടുവിൽ അയാൾ ആ ബന്ധത്തിൽ നിന്നും പിന്മാറി. സിനിമാനടിയാണെന്നതിനാൽ കുടുംബം എതിർത്തതോടെ ആയിരുന്നു പിന്മാറ്റം. ഈ പ്രണയ തകർച്ച പക്ഷേ മോണലിന് താങ്ങാൻ ആകുന്നതിലും അപ്പുറമായിരുന്നു. കടുത്ത വിഷാദത്തിലായ മോണൽ ജീവൻ ഒടുക്കുകയായിരുന്നു. സഹോദരിയുടെ മരണം സിമ്രാനെ വല്ലാതെ ഉലച്ചു കളഞ്ഞു.
പത്രസമ്മേളനത്തിലൂടെ തൻറെ സഹോദരിയുടെ മരണത്തിന് കാരണക്കാരൻ കൊറിയോഗ്രാഫർ ആണെന്ന് പൊട്ടിത്തെറിച്ചു. ഒപ്പം തന്നെ വിശ്വസിച്ച് ഇൻഡസ്ട്രിയിലേക്ക് വന്ന സഹോദരിയുടെ അവസ്ഥ സിമ്രാനെ ആകെ തകർക്കുകയായിരുന്നു. സഹോദരിയുടെ മരണം ഏൽപ്പിച്ച ആഘാതത്തോടെ സിനിമയും അഭിനയം വേണ്ടെന്ന് വരെ സിമ്രാൻ തീരുമാനിച്ചിരുന്നു. ഒടുവിൽ പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനു വഴങ്ങി ആണ് താരം അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നത്. ഇപ്പോഴും താരം സഹോദരിയുടെ വേർപാടിൽ നിന്നും മുക്ത ആയിട്ടില്ല. അവർ ഈ അടുത്ത് സഹോദരിയുടെ ഓർമ്മദിവസം സിമ്രാൻ പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.