ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസൺ തുടങ്ങാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ബിഗ് ബോസുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് നിറയുന്നത്. മാർച്ച് അവസാനം ഷോ ആരംഭിക്കുമെന്നാണ് സൂചനകൾ. കഴിഞ്ഞ ഒരു മാസത്തോളമായി സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് മലയാളം അഞ്ചാം സീസണിനെ കുറിച്ച് ചൂടേറിയ ചർച്ചകൾ ആണ് നടക്കുന്നത്.
ഇത്തവണ സാധാരണക്കാരിൽ നിന്നും ഒരാൾ ബിഗ് ബോസ് വീട്ടിൽ ഉണ്ടാവുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ ആഴ്ച മുൻ സീസണിലെ മത്സരാർത്ഥിയായ ശാലിനി ഇത് സത്യമാണെന്ന് അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാൽ ബിഗ് ബോസ് മലയാളത്തിന്റെ അണിയറ പ്രവർത്തകരിൽ നിന്നും ഏഷ്യാനെറ്റ് ചാനലിൽ നിന്നോ ഇത് സംബന്ധിച്ച വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പുതിയ പ്രോമോ വീഡിയോയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് ചാനൽ. മോഹൻലാൽ തന്നെയാണ് പ്രമോ വീഡിയോയിൽ ഇതിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുന്നത്.
ലോകത്ത് എവിടെ ചെന്നാലും പലരും എന്നോട് ചോദിക്കാറുണ്ട് ഈ ബിഗ് ബോസ് ഹൗസിൽ എങ്ങനെ കയറി പറ്റാം എന്ന്. പക്ഷേ എനിക്കൊരു ഷോർട്ട് കട്ട് അറിയാം സീക്രട്ടാണ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. എയർടെൽ വരിക്കാർക്ക് ആണ് ബിഗ് ബോസിൽ പങ്കെടുക്കാനുള്ള അവസരം ഉള്ളത്. ഇതിനായി ഒരു 10 അക്ക എയർടെൽ നമ്പറിലേക്ക് മിസ്കോൾ ചെയ്യണമെന്നാണ് പറയുന്നത്.
മിസ് കോൾ ചെയ്തശേഷം ലഭിക്കുന്ന എസ്എംഎസിൽ ക്ലിക്ക് ചെയ്ത് അതിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും വേണം. ഇതിന് എയർടെൽ നിഷ്കർഷിക്കുന്ന പ്ലാനിൽ നിങ്ങളുടെ നമ്പർ റീചാർജ് ചെയ്തിട്ടുണ്ടാവണം എന്നും പറയുന്നു. 299 അതിനു മുകളിലോ റീചാർജ് ചെയ്ത നമ്പറിൽ നിന്ന് 9 6 3 3 9 9 6 3 3 9 എന്ന നമ്പറിലേക്ക് മിസ്കോൾ നൽകണമെന്നാണ് പ്രമോ വീഡിയോയിൽ പറയുന്നത്. മിസ്കോൾ ചെയ്തിട്ടും എസ്എംഎസ് ലഭിക്കാത്തവർ തങ്ങളുടെ പ്ലാൻ ഏതാണെന്ന് പരിശോധിക്കണം.