സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് തൃശ്ശൂർക്കാരി ലയന എസ് കുറുപ്പ് എന്ന പെൺകുട്ടിയാണ്. ഒരിക്കൽ കണ്ടവർ ഒന്നുകൂടി ലയനയെ നോക്കും. ഉന്തിയ മോണയും പല്ലുകളും ആണ് ലയനയ്ക്ക് ഉള്ളത്. 10 വയസ്സിൽ തുടങ്ങിയ ഈ പ്രശ്നത്തിന്റെ പേരിൽ ഈ പെൺകുട്ടിക്ക് അനുഭവിക്കേണ്ടിവന്നത് ചില്ലറ ഒന്നുമല്ല. അടുത്ത കൂട്ടുകാരികൾ പോലും തനിക്കൊപ്പം നടന്നിട്ട് മാറിയിരുന്നു കുറ്റം പറയുന്നത് കേട്ട് പലവട്ടം തളർന്നുപോയിട്ടുണ്ട് ലയന. പക്ഷേ മോശം പറഞ്ഞവരെ കൊണ്ടും അടിപൊളിയാണെന്ന് പറയിക്കണമെന്ന് ലയനയുടെ വാശിയാണ് അവളെ ഇന്നത്തെ രീതിയിൽ മാറ്റിയെടുത്തത്.
നിറം കുറഞ്ഞതിന്റെയോ പാടുകളുടെയോ പേരിൽ പോലും വീടിൻറെ നാല് ചുമരുകൾക്കുള്ളിൽ സ്വയം പതുങ്ങുന്നവർക്ക് മാതൃകയാണ് ലയന. എവിടെപ്പോയാലും ഒരു അത്ഭുത ജീവിയെ നോക്കുന്നത് പോലെയാണ് പലരും എന്നെ നോക്കുന്നത്. ഞാനെന്തോ അബ്നോർമൽ ആണെന്നുള്ള മട്ടിലാണ് പെരുമാറ്റം. കുട്ടികൾപോലും കളിയാക്കിയ അവസരങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഒരുപാട് വിഷമവും ആയിട്ടുണ്ട്. പ്രിയപ്പെട്ടവർ പോലും മോശമായി പറയാൻ തുടങ്ങിയപ്പോൾ മാനസികമായി തളർന്നു പോയി. പല്ലുന്തി എന്നും പല്ലിച്ചി എന്നും തുടങ്ങി മലയാളഭാഷയിൽ ഇല്ലാത്ത വാക്കുകൾ പോലും പലരും വിളിച്ചു.
പക്ഷേ വീണിടത്ത് കിടക്കാതെ എണീറ്റ് നിന്ന് പോരാടാൻ ആയിരുന്നു തൻറെ തീരുമാനമെന്ന് ലയന പറയുന്നു. ടിക്ക് ടോക്കിൽ ഇൽ വീഡിയോകൾ ചെയ്താണ് ലയന കളിയാക്കിയവരുടെ വായ ആദ്യം അടപ്പിച്ചത്. പിന്നെ സോഷ്യൽ മീഡിയയിൽ സജീവമായി. നാണക്കേട് മാറ്റിവെച്ച് ബാക്കിയുള്ളവർ എന്തു പറയും എന്ന് ചിന്തിക്കാതെ ഒരുപാട് വീഡിയോസ് ചെയ്ത് കുറ്റം പറഞ്ഞവരെ പോലും ലയന ഞെട്ടിച്ചു. പല്ലിൻറെ പ്രശ്നം ഒരു കുറവായി ഞാൻ കണ്ടിട്ടേയില്ല കാഴ്ചയില്ലാത്ത കേൾവി ഇല്ലാത്ത നടക്കാനോ സംസാരിക്കാനോ പറ്റാത്ത എത്രയോ പേരുണ്ട്. അതുവച്ച് നോക്കുമ്പോൾ ഞാൻ ഭാഗ്യമുള്ള ഒരാൾ തന്നെയാണ്.
ചികിത്സിച്ചു മാറ്റാവുന്ന പ്രശ്നമേ എനിക്കുള്ളൂ എന്ന് ലയന പറയുന്നു. ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് പല്ല് ശരിയാക്കാത്തത് എന്നൊക്കെ പലരും കമന്റ് ചെയ്യാറുണ്ട്. പക്ഷേ 18 വയസ്സ് ആകാതെ ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ ലയനയുടെ പതിനെട്ടാം വയസ്സിൽ അമ്മയ്ക്ക് ഒരു സർജറി വേണ്ടിവന്നു. പണം ഒത്തിരി ചിലവായി. ലയനയ്ക്ക് ഇപ്പോൾ 21 വയസ്സായി. ഇവളുടെ പല്ല് ഒന്ന് നേരെ ആക്കിക്കൂടെ കെട്ടിച്ചു വിടേണ്ടതല്ലേ എന്ന് അടുത്ത ബന്ധുക്കൾ ചോദിച്ചിട്ടുണ്ട്.
സത്യത്തിൽ ഇങ്ങനെയുള്ള ചിന്താഗതികൾ ഒന്നും ഉണ്ടാകേണ്ടത് പോലുമില്ല പുറമേയുള്ള സൗന്ദര്യം നോക്കി ഒരാളെയും ജഡ്ജ് ചെയ്യരുത് എന്ന് ലയന പറയുന്നു. പല്ല് നേരെയാക്കാനുള്ള സർജറികൾ രണ്ടെണ്ണം കഴിഞ്ഞു. ഇപ്പോഴും ചികിത്സ നടക്കുകയാണ്. പക്ഷേ തന്റെ പല്ലുകൾ ഇങ്ങനെ ആയതിൽ ലയനയ്ക്ക് ഇപ്പോൾ വിഷമമില്ല. വിവാഹമായില്ലെങ്കിലും ബ്രൈഡൽ ഫോട്ടോഷൂട്ട് നടത്തിയാണ് തന്നെ പോലുള്ളവർക്കും സൗന്ദര്യം ഉണ്ടെന്നും വധുവാകാം എന്നുമൊക്കെ ലയന പ്രഖ്യാപിച്ചത്. ഇത് സോഷ്യൽ മീഡിയയിലേറെ വൈറലായിരുന്നു.