നടൻ സംവിധായകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് ലാൽ സംവിധാന രംഗത്ത് നിന്ന് മാറി അഭിനയത്തിലേക്ക് ശ്രദ്ധ കൊടുത്തിട്ടും ഇന്നും ലാലിനെ സംവിധായകനായി കാണാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ അത്രയേറെ ഹിറ്റുകൾ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, റാംജിറാവു സ്പീക്കിംഗ് തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. ഈ കൂട്ടുകെട്ട് അവസാനിച്ചപ്പോൾ സിനിമ പ്രേക്ഷകർ ഒന്നടങ്കം നിരാശരായി. സിദ്ദിഖ് പിന്നീട് സംവിധാനത്തിലേക്ക് ലാൽ അഭിനയരംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ചു. സൂപ്പർ ഹിറ്റായ ഒട്ടനവധി സിനിമകളുടെ ഭാഗം ആവാൻ ലാലിനു കഴിഞ്ഞു. തെങ്കാശിപ്പട്ടണം, ചന്ദ്രനുദിക്കുന്ന ദിക്കിൽ, പുലിവാൽ കല്യാണം തുടങ്ങി ഇന്നും നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ ലാൽ സാന്നിധ്യം അറിയിക്കുന്നു.
ഒടുവിൽ പുറത്തിറങ്ങിയ 2018 എന്ന സിനിമയിലും ശ്രദ്ധേയ വേഷം ലാലിന് ലഭിച്ചു. എന്നാൽ ലാലിനെ കുറിച്ച് കഴിഞ്ഞ കുറച്ചു നാളുകളായി പ്രേക്ഷകർക്കൊരു പരാതിയുണ്ട്. നടൻറെ ഡയലോഗുകൾ കൃത്യമായി മനസ്സിലാവുന്നില്ല എന്നാണ് വിമർശനം. തിയേറ്ററിൽ ലാലിൻറെ ശബ്ദത്തിലെ വ്യക്തതക്കുറവ് ചെറുതല്ലാത്ത അലോസരമുണ്ടാക്കുന്നുവെന്ന് പ്രേക്ഷകർക്കിടയിൽ അഭിപ്രായമുണ്ട്. 2014ൽ ഹായ് അയാം ടോണി എന്ന സിനിമ പുറത്തിറങ്ങിയപ്പോൾ ഇക്കാര്യം നിരവധി പേർ ചൂണ്ടിക്കാട്ടിയിരുന്നു. ത്രില്ലർ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്ന് ലാൽ ആണ്. എന്നാൽ ലാൽ പറയുന്ന ഡയലോഗുകൾ വ്യക്തമല്ല എന്നായിരുന്നു വിമർശനം. ഇപ്പോൾ ഇതാ തൻ്റെ ശബ്ദത്തെ കുറിച്ച് വരുന്ന വിമർശനങ്ങളിൽ മറുപടി നൽകിയിരിക്കുകയാണ് താരം.
സ്വാഭാവികമായി അഭിനയിക്കുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നും വാക്കുകൾ കൃത്യമായി പറയേണ്ട ആവശ്യമില്ലെന്നും ലാൽ പറയുന്നു. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഞാൻ പറയുന്നത് വ്യക്തമാകുന്നില്ല. സബ്ടൈറ്റിൽ വേണ്ടിവരും എന്ന് പറയാറുണ്ട്. പക്ഷേ ഞാൻ അതിൽ സ്വയം അഭിമാനിക്കുന്ന ആളാണ്. കാരണം വേറൊന്നുമല്ല, അഭിമുഖത്തിൽ സംസാരിക്കുന്ന ഞാൻ ശരിയായിട്ടുള്ള ഞാനല്ല. ഒരു മുഖം മൂടിയുണ്ട്. ഈ സംസാരത്തിൽ വാക്കുകൾ കൃത്യമായി. അതിന് ഒരു ഓർഡർ വേണം എന്ന് തീരുമാനിച്ചു തന്നെയാണ് പറയുന്നത്. നമ്മൾ വീട്ടിൽ സംസാരിക്കുമ്പോൾ എന്താ എങ്ങനെയാണെന്ന് ചോദിക്കേണ്ടി വരാറുണ്ട്. പലകാര്യങ്ങളും മനസ്സിലാവുന്നത് ആ സിറ്റുവേഷനിൽ നിന്നാണ്.
സിനിമയിൽ എല്ലാ അക്ഷരങ്ങളും എടുത്തു പെറുക്കിവെച്ച് പറയുന്നതല്ല അഭിനയം. ബിഹേവിയർ ആണെന്ന് പറയുന്നുണ്ടെങ്കിലും അവർ ആർട്ടിഫിഷ്യലായി അഭിനയിക്കുകയാണ്. അതിന് ഏറ്റവും തെളിവാണ് ഇപ്പോൾ വരുന്നത്. ഇപ്പോൾ ലൊക്കേഷനിൽ അപ്പോൾ ഡയലോഗുകൾ ആണ് ഉപയോഗിക്കുന്നത്. ഈ പറയുന്ന സിനിമകൾ എടുത്തു നോക്കിയാൽ പടം തുടങ്ങി ആദ്യത്തെ കുറെ സമയം സംഭാഷണങ്ങൾ മനസ്സിലാവില്ല. സത്യസന്ധമായ അഭിനയത്തിൽ ഒരുപാട് ഡയലോഗുകൾ ചിലപ്പോൾ മനസ്സിലാവാതെ പോവാം. പക്ഷേ അത് കഥയെ മനസ്സിലാവാൻ പറ്റാത്ത വിധത്തിൽ ആവരുത്. കഥയ്ക്ക് വേണ്ടി പറയുന്ന ചില കാര്യങ്ങളുണ്ട്. അത് കൃത്യമായി പറയണം എന്നും ലാൽ പറയുന്നു. സിനിമ നിർമാണം വളരെ രസകരമായ ജോലിയാണെന്നും ലാൽ പറഞ്ഞിരുന്നു.
തൻറെ സിനിമയിൽ അഭിനയിക്കുന്ന അഭിനേതാക്കളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അവരോട് സംസാരിച്ചു പ്രശ്നങ്ങള് പരിഹരിക്കുമ്പോൾ നിർമ്മാതാവ് എന്ന നിലയിൽ സന്തോഷവാനാകുമെന്ന് ലാൽ പറയുന്നു. നിർമ്മാണം വളരെ രസകരമായ ഒരു ജോലിയാണ്. അത് പലരും മനസ്സിലാക്കിയിട്ടില്ല. ഞാൻ വളരെ എൻജോയ് ചെയ്തിരുന്ന ഒരു ജോലിയാണ്. അത് കുറെ പണം ഇറക്കുന്ന പരിപാടി മാത്രമല്ല. അതിനേക്കാൾ ഉപരി ആദ്യം മുതൽക്കേ ചിത്രത്തിന്റെ നിർമ്മാണത്തിനായി നിൽക്കുകയും അതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുകയും ആർട്ടിസ്റ്റുകളുമായി ഒരു ബന്ധം ഉണ്ടാക്കി എടുക്കുകയും ചെയ്യുന്ന പരിപാടിയാണ് നിർമ്മാണം. ആർട്ടിസ്റ്റുകൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോൾ അവരെ സമാധാനിപ്പിക്കാൻ എടുക്കുന്ന ചില കൊച്ചു കൊച്ചു നീക്കങ്ങൾ ഒക്കെയുണ്ട്. നടൻ സോമൻ ചേട്ടൻ വളരെ പ്രശ്നക്കാരൻ ആണെന്നൊക്കെ കേട്ടിട്ടുണ്ട്.
കാബൂളിവാല എന്ന ചിത്രത്തിൽ കുട്ടിയെ തിരക്കി നടക്കുന്ന സീൻ ഉണ്ട്. അത് ഡൽഹിയിൽ ഡിസംബർ മാസത്തിലായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. രാത്രിയിൽ തുടങ്ങിയ ഷൂട്ട് പുലർച്ചെ വരെ ഉണ്ടായിരുന്നു. ആ സീനൊക്കെ എടുക്കുമ്പോൾ ബുദ്ധിമുട്ടായോ എന്നൊക്കെ സോമൻ ചേട്ടൻ ചോദിച്ചു. അപ്പോൾ അവർ പറയും അതൊന്നും സാരമില്ല ഇതൊക്കെ നമ്മുടെ ജോലിയാണെന്ന്. തിലകൻ ചേട്ടൻ ഒക്കെ ഇതുപോലെ സംസാരിക്കേണ്ടി വന്നിട്ടുണ്ട്. നമ്മൾ അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നുണ്ടെന്ന് അവർക്ക് തോന്നും. എല്ലാ ആർട്ടിസ്റ്റുകളും വളരെ സെൻസിറ്റീവാണ്. അവരൊക്കെ നല്ല പാവങ്ങളാണ്.
ചതിക്കാത്ത ചന്തു എന്ന ചിത്രത്തിൽ മധു സാർ ഒരു വേഷം ചെയ്തിട്ടുണ്ട്. ഷോട്ട് എടുക്കാൻ ഒക്കെ വൈകുമ്പോൾ ക്ഷമയൊക്കെ ചോദിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോൾ അവർ നമ്മളെ സമാധാനിപ്പിക്കും. അവിടെ കൊടുത്തു വാങ്ങൽ ബന്ധങ്ങളൊക്കെ ഉണ്ടാകും. അല്ലാതെ കാരവാനിൽ ഇരിക്കുന്നതുകൊണ്ട് അല്ല ഇവിടെ ബന്ധങ്ങൾ തകരുന്നത്. ഇപ്പോൾ ആളുകൾ ശല്യങ്ങൾ ഒഴിവാക്കാനും മേക്കപ്പ് ചെയ്യാനുള്ള സൗകര്യങ്ങൾക്കും ആണ് കാരവാൻ ഉപയോഗിക്കുന്നത്. എല്ലാ ആർട്ടിസ്റ്റുകളും നല്ലവരാണ് ആരും കുഴപ്പക്കാരല്ല എന്നും ലാൽ പറയുന്നു.