മലയാള സിനിമയ്ക്ക് ഏറ്റവും മികച്ച ത്രില്ലർ ചിത്രങ്ങൾ നൽകിയിട്ടുള്ള സംവിധായകനാണ് ജിത്തു ജോസഫ്. ക്രിമിനൽ മൈൻഡ് ഉള്ള സംവിധായകൻ എന്നൊക്കെയാണ് സഹപ്രവർത്തകർ തമാശപൂർവ്വം ജിത്തുവിനെ വിളിക്കാറുള്ളത്. മെമ്മറീസ്, ദൃശ്യം,12ത് മാൻ തുടങ്ങിയ സിനിമകളിലൂടെയാണ് ജിത്തു മലയാളത്തിലെ മികച്ച ത്രില്ലർ സിനിമ സംവിധായകരിൽ ഒരാൾ എന്ന പേര് സ്വന്തമാക്കിയത്. എന്നാൽ ത്രില്ലർ സിനിമകൾക്ക് പുറമെ മമ്മി ആൻഡ് മീ, മൈ ബോസ്, ലൈഫ് ഓഫ് ജോസൂട്ടി എന്നിങ്ങനെ കുടുംബ പ്രേക്ഷകർക്ക് ചിത്രങ്ങളും ജിത്തു ജോസഫ് ഒരുക്കിയിട്ടുണ്ട്.
അതേസമയം പുതുമുഖ താരങ്ങളെ വളരെ കുറച്ചു മാത്രമേ ജിത്തു തൻറെ കരിയറിൽ ഉപയോഗിച്ചിട്ടുള്ളൂ. അതിലൊന്ന് പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ആദിയും, മറ്റൊന്ന് കാളിദാസ് ജയറാം നായകനായ മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡിയും ആയിരുന്നു. രണ്ടു ചിത്രങ്ങളും ബോക്സ് ഓഫീസിൽ കാര്യമായ ചലനം ഉണ്ടാക്കിയിരുന്നില്ല. ഇപ്പോൾ ഇതാ അടുത്തിടെ ഒരു അഭിമുഖത്തിൽ പുതുമുഖങ്ങളെ മാത്രം വെച്ച് സിനിമ ചെയ്യാത്തതിന്റെ കാരണം പറഞ്ഞിരിക്കുകയാണ് ജിത്തു ജോസഫ്. തനിക്ക് ക്ഷമ കുറവുണ്ടെന്നും അഭിനയിക്കുന്നവർ മോശമായാൽ താൻ പെട്ടെന്ന് വിഷമിക്കും എന്നുമാണ് ജിത്തു പറഞ്ഞത്.
ഒരു കാര്യത്തിനും എങ്ങനെ ചെയ്യണം എന്ന് അഭിനയിച്ചു കാണിക്കാറില്ലെന്നും കാരണം അത് തന്റെ മാത്രം ശൈലി ആയിരിക്കും എന്നും അദ്ദേഹം പറയുന്നുണ്ട്. ഞാനൊരിക്കലും അഭിനയിച്ച് കാണിച്ചു കൊടുത്തിട്ടില്ല എന്നാണ് ജിത്തു ജോസഫ് പറയുന്നത്. സന്ദർഭവും രംഗവും ഒക്കെ പറഞ്ഞു കൊടുക്കും അവർ അതിനനുസരിച്ച് അഭിനയിക്കും കാരണം ചിലപ്പോൾ ഞാൻ കാണിക്കുന്നതിനു മുകളിൽ അവർക്ക് അഭിനയിക്കാൻ സാധിക്കും. അതിൽ നിന്നും താഴ്ന്ന പ്രകടനം ഉണ്ടാവുമ്പോൾ മാത്രമാണ് അവരോട് ഒന്നുകൂടെ മാറ്റി ചെയ്യാൻ പറയാറുള്ളൂ എന്നും ജിത്തു പറഞ്ഞു. ലണ്ടനിൽ വെച്ചുണ്ടായ ഒരു അനുഭവം ജിത്തു ഓർത്തു പറയുന്നു;
“ഞാനൊരു കഥാപാത്രത്തിന് പ്രത്യേക റിയാക്ഷൻ ഇടാൻ പറഞ്ഞപ്പോൾ ഒരു നടൻ അതിന് ചെറിയ ചിരിയോടുകൂടിയുള്ള റിയാക്ഷൻ ഇട്ടു. അതിന് ഞാൻ ഓക്കേ പറഞ്ഞു പിന്നെ നമുക്ക് വേറെ രീതിയിലും കൂടെ ചെയ്തു നോക്കാമെന്ന് അയാളോട് പറഞ്ഞു. ഒരുപാട് ടേക്ക് എടുത്തിട്ടും അത് ശരിയായില്ല അവസാനം ഞാൻ ഒന്നു കാണിച്ചു കൊടുത്തു. എന്നാൽ അദ്ദേഹത്തിന് അത് പറ്റുന്നില്ലായിരുന്നു. കാരണം അത് എൻറെ രീതിയാണ്. അവസാനം സാരമില്ല നമുക്ക് മുമ്പ് എടുത്തതു വെച്ച് ഡെലിവറി ചെയ്യാമെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം ഭയങ്കരമായി അപ്സെറ്റ് ആയി. എനിക്കത് ചെയ്യാനായില്ല എന്നൊക്കെ പറഞ്ഞപ്പോൾ അങ്ങനെ ചിന്തിക്കല്ലേ എന്ന് ഞാൻ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു” എന്നും സംവിധായകൻ പറഞ്ഞു.
പിന്നീടാണ് പുതിയ ആളുകളെ വച്ച് സിനിമ ചെയ്യാത്തതിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. “എനിക്ക് കുറച്ച് ക്ഷമ കുറവാണ്. അഭിനയിക്കുന്നത് മോശമായാൽ ഞാൻ ചെറുതായിട്ട് വിഷമിക്കും. അതുകൊണ്ടാണ് പുതിയ ആളുകളെ മാത്രം വച്ചിട്ട് സിനിമ ചെയ്യാത്തത്. അതിൽ എനിക്ക് ധൈര്യക്കുറവ് ഉണ്ട്. ക്ഷമ ഇല്ലാത്തതാണ് പ്രധാന കാരണം. അവർ കുറേ ചെയ്താൽ ചിലപ്പോൾ ശരിയാകുമായിരിക്കും പക്ഷേ എനിക്ക് അതിനുള്ള ക്ഷമയില്ല. കുറച്ചുകൂടി അഭിനയിച്ചു പരിചയപ്പെട്ട ആളുകളാണെങ്കിൽ ചെയ്യാൻ എളുപ്പമായിരിക്കും” എന്നും ജിത്തു ജോസഫ് പറഞ്ഞു.
അതേസമയം ആസിഫ് അലി നായകനായ കൂമനാണ് ജിത്തു ജോസഫിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആസിഫിൻ്റെ പ്രകടനത്തിനും വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. അതിനു മുൻപ് ഇറങ്ങിയ 12ത് മാനും ജനശ്രദ്ധ നേടിയിരുന്നുm മോഹൻലാൽ നായകനാകുന്ന റാം ആണ് അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.