തെന്നിന്ത്യൻ സിനിമയിലെ രണ്ടു താര സുന്ദരികളാണ് തൃഷയും നയൻതാരയും. ഏകദേശം ഒരേ കാലഘട്ടത്തിൽ സിനിമാരംഗത്തേക്ക് കടന്നുവന്നവർ, ഒരേ ഭാഷകളിൽ പ്രവർത്തിക്കുന്ന നടിമാർ, കരിയറിലെ ഉയർച്ച താഴ്ചകൾ ഒരുപോലെ കണ്ടവർ, തമിഴകത്തിന്റെ സ്നേഹം ഒരുപോലെ ലഭിച്ചവർ തുടങ്ങി നയൻതാരക്കും തൃഷയ്ക്കും സമാനതകൾ ഏറെയാണ്. അതിനാൽ തന്നെ ഇരുവരും തമ്മിൽ മത്സരമാണെന്ന് പറയുന്നവരുമുണ്ട്. തമിഴകത്ത് പല നടിമാർ വന്നു പോയെങ്കിലും തൃഷയ്ക്കും നയൻതാരക്കും ഉള്ള സ്ഥാനം അതുപോലെതന്നെ തുടർന്നു. തുടക്കകാലത്ത് സിനിമകളിൽ രണ്ട് ഇമേജ് ആയിരുന്നു നയൻതാരക്കും തൃഷയ്ക്കും.
നാട്ടിൻപുറത്തെ പെൺകുട്ടികളുടെ കഥാപാത്രങ്ങളാണ് തൃഷ കൂടുതലും ചെയ്തത്. നയൻതാര അന്ന് അതീവ ഗ്ലാമർ റോളുകളും ചെയ്തു. വിജയ്, അജിത് ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളുടെ നായികയായി രണ്ടുപേരും അഭിനയിച്ചു. ഇടക്കാലത്ത് തമിഴകത്ത് ഉത്തരേന്ത്യൻ നടിമാരുടെ കടന്നുവരവ് കൂടിയതോടെ കരിയറിൽ നയൻസിനും തൃഷയ്ക്കും ഒരുപോലെ പ്രതിസന്ധികൾ ഉണ്ടായി. നയൻതാരക്ക് കരിയറിന് പുറത്ത് എന്ന് വ്യക്തി ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പ്രണയ തകർച്ചയും മറ്റുമായി നടി ഒരു വർഷത്തോളം സിനിമയിൽ നിന്നും മാറിനിന്നു. ഇതിനിടെ തൃഷയ്ക്കും കരിയർ തിരിച്ചടി വന്നു.
തമന്ന, സമാന്ത, കാജൽ അഗർവാൾ ഉൾപ്പെടെയുള്ള നായികമാരുടെ വളർച്ച ഈ കാലഘട്ടത്തിലാണ്. എന്നാൽ വ്യത്യസ്തമായ സിനിമകളിലൂടെ തന്നെ സാന്നിധ്യം അറിയിക്കാൻ തൃഷയ്ക്കു കഴിഞ്ഞു. ഇതിനിടെ നയൻതാര ലേഡീ സൂപ്പർ സ്റ്റാർ ആയി മാറി. 2013 ശേഷമാണ് നയൻതാരയുടെ കരിയർ ഗ്രാഫ് മാറിമറിയുന്നത്. രണ്ടുപേരെയും സംബന്ധിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സിനിമ ലോകത്ത് നടക്കുന്നത്. രണ്ടുപേരുടെയും കരിയർ ഗ്രാഫിൽ വന്ന മാറ്റങ്ങളാണ് ഇതിന് കാരണമായത്. പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ വിജയത്തോടെ കരിയറിന്റെ മികച്ച സമയത്ത് നിൽക്കുകയാണ് തൃഷ. കുന്തവി എന്ന കഥാപാത്രം വൻ തരംഗമായി.
സിനിമയുടെ രണ്ടാം ഭാഗം വരാനിരിക്കുന്നു. ഇതിന് പുറമെ വിജയുടെ ലിയോ എന്ന സിനിമയിൽ തൃഷ ആണ് നായിക. ഇടക്കാലത്ത് നഷ്ടപ്പെട്ട താരമൂല്യം നടിക്ക് ഇരട്ടിയായി തിരിച്ചുവന്നു. മറുവശത്ത് നയൻതാരക്ക് കരിയറിൽ ഇത് മോശം സമയമാണ്. നടിയുടെ അടുത്തിടെ ഇറങ്ങിയ ഭൂരിഭാഗം സിനിമകളും പരാജയപ്പെട്ടു. അതിനിടെ ഇരട്ടക്കുട്ടികളുടെ അമ്മയായതിനാൽ കരിയറിൽ മാത്രം ശ്രദ്ധ കൊടുക്കാൻ പറ്റുന്ന സാഹചര്യത്തിലും അല്ല നയൻതാര. എന്നാൽ തൃഷ ഇപ്പോൾ സിനിമകൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്. നയൻതാരയെ കടത്തിവെട്ടി തൃഷ മുന്നേറുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
അതേസമയം അടുത്തിടെ നൽകിയ അഭിമുഖത്തിൽ നയൻതാരയും താനും തമ്മിൽ മത്സരം ഒന്നുമില്ല എന്ന് തൃഷ വ്യക്തമാക്കിയിരുന്നു. ഒരേ കാലഘട്ടത്തിൽ സിനിമയിലേക്ക് കടന്നു വന്നതുകൊണ്ട് തോന്നുന്നത് ആയിരിക്കാം അത്. താൻ സൂപ്പർസ്റ്റാർ ആവാനല്ല ശ്രമിക്കുന്നത് നല്ല സിനിമകളുടെ ഭാഗമാവാനാണ്. നയൻതാരയും താനും വല്ലപ്പോഴും അവാർഡ് ഷോകളിലും മറ്റും കാണുന്നവർ ആണ്. അപ്പോൾ സിനിമകളെ പറ്റി അല്ല സംസാരിക്കുന്നതെന്നും തൃഷ പറഞ്ഞു.