സിഐഎ എന്ന ദുൽഖർ സൽമാൻ നായകനായ ചിത്രത്തിലൂടെയാണ് കാർത്തിക മുരളീധരൻ സിനിമയിൽ എത്തുന്നത്. അച്ഛൻ മുരളീധരൻ ബോളിവുഡിലെ മുൻനിര ചായാഗ്രഹനാണ്. പി കെ, ത്രീ ഇഡിയറ്റ്സ് തുടങ്ങിയ സിനിമകളുടെ ക്യാമറാമാൻ. അച്ഛൻറെ പാതയിലൂടെ മകളും സിനിമയിലെത്തി. പക്ഷേ മകൾ തിരഞ്ഞെടുത്തു മലയാളം സിനിമയാണ്. സിഐഎ സിനിമയിലെ സാറാ കുര്യൻ എന്ന നായിക വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നെ കാർത്തികയെ കണ്ടത് മമ്മൂട്ടി ചിത്രം അങ്കിളിലാണ്. ആദ്യ രണ്ടു സിനിമകളിലും ശ്രദ്ധ നേടാൻ കാർത്തികയ്ക്ക് സാധിച്ചു. എന്നാൽ പിന്നെ കാർത്തികയെ മലയാളത്തിൽ കണ്ടില്ല. സിനിമയിൽ നിന്നും അപ്രത്യക്ഷമായ കാർത്തിക നാല് വർഷത്തിനുശേഷം വീണ്ടും സജീവം ആവുകയാണ്. തിരിച്ചുവരവിൽ രൂപത്തിനും ഭാവത്തിലും എല്ലാം ആകെ മാറി കാർത്തിക. തടിയൊക്കെ കുറച്ചാണ് കാർത്തികയുടെ വരവ്.
ഇപ്പോഴിതാ താൻ നേരിട്ട ബോഡി ഷേമിങ്ങിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് കാർത്തിക. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് കാർത്തിക മനസ്സ് തുറന്നത്. കുട്ടിക്കാലം മുതൽക്ക് തന്നെ താൻ ബോഡി ഷേമിങ് നേരിട്ടു എന്നാണ് കാർത്തിക പറയുന്നത്. ഭാരം കുറയ്ക്കണമെന്ന് തോന്നാനുണ്ടായ കാരണം കാർത്തിക തുറന്നുപറയുന്നുണ്ട്. വാക്കുകൾ ഇങ്ങനെ; ചെറുപ്പം മുതലേ ബോഡി ഷേമിങ് നേരിട്ട ആളാണ് ഞാൻ. എവിടെ പോകുമ്പോഴും നമ്മുടെ രൂപമാണ് ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. കുറച്ച് വണ്ണം വെച്ചിട്ടുണ്ടല്ലോ, അല്ലെങ്കിൽ എന്താ മെലിഞ്ഞത് എന്നൊക്കെയാവും ആളുകൾ ചോദിക്കുന്നത്. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ പോലും ശരീരത്തെക്കുറിച്ച് കമൻറ് ചെയ്യും. എട്ടാം ക്ലാസുകാരിക്ക് കരീന കപൂറിൻറെ ശരീരം കിട്ടില്ലെന്ന് പലരും മനസ്സിലാക്കിയില്ലെന്നാണ് കാർത്തിക പറയുന്നത്.
എനിക്ക് ഓടാനും ചാടാനും നൃത്തം ചെയ്യാനുമൊക്കെ പറ്റുന്നുണ്ട് എന്നിട്ടും എല്ലാവരും എന്തിനാണ് ഇത്ര ക്രൂരമായി എൻറെ ശരീരത്തെക്കുറിച്ച് പറയുന്നത് എന്നാണ് കാർത്തിക ചോദിക്കുന്നത്. അതോടെ സ്വയം ദേഷ്യവും വെറുപ്പും തോന്നി. കൂടുതൽ ഭക്ഷണം കഴിക്കാനും അങ്ങനെ വണ്ണം കൂടാനും തുടങ്ങിയെന്നാണ് കാർത്തിക പറയുന്നത്. സിനിമാലോകത്ത് നിൽക്കുന്ന ചിന്താഗതിയെ കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. തമിഴ്, തെലുങ്ക് സിനിമ ഇൻഡസ്ട്രിയിൽ പലരും പറയും കുട്ടിയെ കാണാൻ നല്ലതാണ് വണ്ണം കുറച്ചാൽ മതിയെന്ന്. അതൊക്കെ വല്ലാതെ വേദനിപ്പിച്ചിരുന്നു എന്നാണ് കാർത്തിക തുറന്നു പറയുന്നത്. മൂക്കിന് കുറച്ച് കുഴപ്പമുണ്ട്, കഴുത്ത് അങ്ങനെയാണ്, തലമുടി കൊള്ളില്ല സിനിമ മേഖലയിൽ ആളുകൾ നമ്മളെ കാണുന്നത് ഇങ്ങനെയാവാം. ഒരു സ്യൂട്ട് കേസ് തിരഞ്ഞെടുക്കുന്നത് പോലെയാണ് നടിയെ വിലയിരുത്തുന്നത് എന്നാണ് കാർത്തിക അഭിപ്രായപ്പെടുന്നത്.
അതാണ് താൻ ഭാരം കുറയ്ക്കാൻ തീരുമാനിക്കാനുള്ള കാരണമായി കാർത്തിക ചൂണ്ടിക്കാണിക്കുന്നത്. ഐഡന്റിറ്റി ചോദ്യം ചെയ്യുമ്പോൾ അതിജീവിക്കാൻ പറ്റില്ല അതുകൊണ്ട് ആരോഗ്യപരമായി ഭാരം കുറയ്ക്കണം എന്ന് തോന്നിയതാണ് കാർത്തിക പറയുന്നത്. ആയുർവേദത്തിലൂടെയാണ് കാർത്തിക വണ്ണം കുറച്ചത് വണ്ണം കുറയ്ക്കുമ്പോഴും ആവശ്യമുള്ള ഭക്ഷണം കഴിച്ചിരുന്നു എന്നും കാർത്തിക പറയുന്നുണ്ട്. സമ്മർദ്ദം കൊടുക്കാതെ സ്നേഹത്തോടെ ശരീരത്തെ നോക്കണം എന്നാണ് കാർത്തികയുടെ നിലപാട്.