അഭിനയിക്കണമെങ്കിൽ അമ്മയിൽ അംഗത്വം വേണമെന്ന് വാദിക്കുന്ന സിനിമ സംഘടനകളുടെ നിലപാടിനെ വെല്ലുവിളിച്ച് നടൻ ഹരീഷ് പേരാടി. അമ്മയിൽ അംഗത്വം ഇല്ലാതെ തന്നെ സിനിമയിൽ അഭിനയിക്കുമെന്നും അതുമായി ബന്ധപ്പെട്ട മറ്റു മേഖലകൾ പ്രവർത്തിക്കുന്നു എന്ന് വ്യക്തമാക്കി. ഫെയ്സ്ബുക്ക് കുറുപ്പിലൂടെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്. സിനിമയോട് മാത്രമാണ് സ്നേഹം എന്നും താരം കൂട്ടിച്ചേർത്തു. അതേസമയം സംഘടനയിൽ അംഗത്വം ഉണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല, സ്ത്രീപീഡനം വരെ ബാധകമല്ലെന്ന ധ്വനി ഭരണഘടന വിരുദ്ധമാണെന്ന് ഹരീഷ് പേരടി പറഞ്ഞു. അമ്മയുടെ രജിസ്ട്രേഷൻ നമ്പർ ഉള്ളവരുമായി മാത്രം കരാർ ഒപ്പിട്ടാൽ മതിയോ എന്ന് കഴിഞ്ഞ ദിവസം ചേർന്ന് ചലച്ചിത്ര സംഘടനകളുടെ യോഗത്തിൽ ഉണ്ടായ ധാരണ.
ഇതിന് പിന്നാലെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം. അദ്ദേഹത്തിൻറെ പോസ്റ്റ് ഇങ്ങനെ;
സിനിമാ സംഘടനകളൂടെ പത്ര സമ്മേളനം കണ്ടു. സമയവും കൃത്യതയും പാലിക്കാത്തവരോടും ജോലി സമയങ്ങളിൽ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാൻ പറ്റില്ലെന്ന പ്രസ്താവനയോട് 101% വും യോജിക്കുന്നു. പക്ഷെ വരികൾക്കിടയിൽ വായിക്കുമ്പോൾ സംഘടനയിലെ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല എന്ന ധ്വനി(പറയാതെ പറഞ്ഞ പറച്ചിൽ)ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമാണ്.
ചോദിക്കാനും പറയാനും പിന്നിൽ ആളുണ്ടെങ്കിൽ എന്ത് തെമ്മാടിത്തരവും ആവാം എന്നും, സംഘടനകളിൽ അംഗത്വം ഇല്ലാത്തവർ എത്ര വലിയ കലാകാരൻമാർ ആണെങ്കിലും ജനങ്ങൾ മനസ്സിലേറ്റിയവർ ആയാലും നിങ്ങൾ സംഘടനയുടെ ഭാഗമല്ലെങ്കിൽ ഒരു സംഘടനാ വാൾ നിങ്ങളുടെ തലക്ക് മുകളിൽ തൂങ്ങുന്നണ്ടെന്ന ഭീഷണിയാണ്. ഈ സംഘടനാ പ്രമാണിത്വം ഒരു ജനാധിപത്യ രാജ്യത്തിൽ പറ്റാത്തതാണ്. അമ്മ സംഘടനയിൽ നിന്ന് രാജിവെച്ച ഞാൻ ഇനിയും മലയാള സിനിമകളിൽ അഭിനയിക്കുകയും നിർമ്മിക്കുകയും തിരക്കഥ എഴുതുകയും സംവിധാനം നടത്തുകയും ചെയ്യുമെന്ന് എല്ലാ സംഘടനാ നേതാക്കളോടും വിനയത്തോടെ പറയുന്നു. കാരണം എനിക്ക് സിനിമയോട് മാത്രമാണ് സ്നേഹം എന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ താര സംഘടനയോട് ഇടഞ്ഞ് രാജിവച്ച വ്യക്തിയാണ് ഹരിഷ് പേരടി. തെന്നിന്ത്യൻ സിനിമകളിൽ അറിയപ്പെടുന്ന നടൻ കൂടിയാണ് അദ്ദേഹം. ലിജോ ജോസ് പല്ലിശ്ശേരിയുടെ മലൈക്കോട്ടെ വാലിബനിൽ ആണ് ഹരീഷ് ഇപ്പോൾ അഭിനയിക്കുന്നത്. താര സംഘടന ആയ അമ്മയിൽ നിന്ന് ഹരീഷ് നേരത്തെ തന്നെ രാജി വെച്ചിരുന്നു. അമ്മയുടെ രജിസ്ട്രേഷൻ നമ്പർ ഉള്ളവരുമായി മാത്രം സിനിമ കരാറിൽ ഒപ്പുവച്ചാൽ മതി എന്നാണ് കഴിഞ്ഞ ദിവസം ചേർന്ന ചലച്ചിത്ര സംഘടനകളുടെ യോഗത്തിലെ തീരുമാനം. സെറ്റിൽ മോശമായി പെരുമാറിയതിന്റെ പേരിൽ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു.