ശരീരഭാരം കുറയ്ക്കാൻ പല മാർഗങ്ങളും പരീക്ഷിച്ച ഫലം ഒന്നും കിട്ടാത്തവരാണ് നമുക്ക് ചുറ്റുമുള്ള പലരും. എന്നാൽ ഇനി അധികമൊന്നും പരീക്ഷിച്ച് വിഷമിക്കേണ്ട. ശരീരഭാരം കുറക്കുന്നതിനായി സഹായിക്കുന്ന മികച്ച പ്രതിവിധി നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന വസ്തു എന്ന അർത്ഥത്തിലൊക്കെ ഉപയോഗിക്കാൻ പലരും കറിവേപ്പില എന്ന വാക്ക് തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ കറിവേപ്പിലയുടെ ഭൂരിഭാഗം ഗുണങ്ങളും പലർക്കും അറിയില്ല. ശരീരത്തിൽ അമിതമായുള്ള കൊളസ്ട്രോൾ കുറയ്ക്കാൻ കറിവേപ്പില മികച്ചതാണ്. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തി ശരീരഭാരം കുറയ്ക്കുവാനും കറിവേപ്പില സഹായിക്കും.
ഇവ നേരിട്ട് കഴിക്കുന്നത് നമുക്ക് സാധ്യമാകാത്ത കാര്യമായതിനാൽ ആഹാരത്തിൽ ചേർത്ത് കഴിക്കുകയാണ് മികച്ച വഴി. ശരീരത്തിൽ അടങ്ങിയിട്ടുള്ള വിഷ വസ്തുക്കളെ നീക്കം ചെയ്യാനും, അമിത കലോറി എരിച്ചുകളയുന്നതിനും, ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് തടയുന്നതിനും എല്ലാം ദിവസം ഏതാനും കറിവേപ്പില ചവച്ചരച്ച് കഴിക്കുന്നതിലൂടെ ഫലപ്രദമാകും. ശരീരത്തിൽ പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനും കറിവേപ്പില സഹായിക്കും. നിരവധി ആൻറി ഓക്സിഡന്റുകളാൽ സമ്പന്നമായ കറിവേപ്പില നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തി രോഗങ്ങൾ വരുന്നത് തടയാനുള്ള ശേഷി ശരീരത്തിന് നൽകും. വെറും വയറ്റിൽ ഇത് ചവച്ചു കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും.
ശരീരത്തിലെ വിളർച്ച തടയാനും കറിവേപ്പില ഫലപ്രദമാണ്. അയൺ കൊണ്ട് സമ്പന്നമാണ് കറിവേപ്പില. അതുകൊണ്ടുതന്നെ കറിവേപ്പില പതിവായി കഴിക്കുന്നത് ശരീരത്തിലെ ഹീമോഗ്ലോബിൻ വർദ്ധിപ്പിച്ച് വിളർച്ച പരിഹരിക്കാൻ ഫലപ്രദമാണ്. ശരീരത്തിലെ ദഹനപ്രക്രിയയെ മെച്ചപ്പെടുത്താനും കറിവേപ്പില ഗുണകരമാണ്. അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാനും, മലബന്ധപ്രശ്നം അകറ്റാനുമെല്ലാം കറിവേപ്പില ആഹാരത്തിൽ പതിവായി ചേർക്കുന്നത് സഹായിക്കും. ശരീരത്തിന് അകത്തു മാത്രമല്ല ശരീരത്തിന് പുറത്തും കറിവേപ്പില നല്ലതാണ്.
ചർമ്മത്തിന്റെ ആരോഗ്യത്തിനും കറിവേപ്പില വളരെയധികം ഫലപ്രദമാണ്. ചർമ്മത്തിന് പുറത്ത് അനുഭവപ്പെടുന്ന ചൊറിച്ചിൽ, ചുവന്ന തടിപ്പ് തുടങ്ങിയ പ്രശ്നങ്ങളൊക്കെ മാറാൻ കറിവേപ്പില അരച്ച് പുരട്ടിയാൽ മതി. കേശ സൗന്ദര്യത്തിനും കറിവേപ്പില നല്ലതാണ്. മുടിക്ക് നിറം നൽകുവാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുവാനും കറിവേപ്പില ഫലപ്രദമാണ്. കറിവേപ്പില ഉപയോഗിച്ച് കാച്ചി എടുക്കുന്ന മുടിയിൽ പുരട്ടുന്നത് മുടിക്ക് നല്ല കറുപ്പുനിറം നൽകുന്നതിനും മുടിയുടെ ബലം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.