മലയാളം ചിത്രം ദൃശ്യം 2 വിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്തു ഏഴു ദിവസത്തിനകം നൂറുകോടി ക്ലബ്ബിലേക്കെത്തി റെക്കോർഡ് ഇട്ടിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളിലൂടെ ബോളിവുഡിലെ വൻ ഹിറ്റിലേക്ക് കുതിക്കുന്ന ചിത്രം റിലീസ് ദിനം തന്നെ 15 കോടി കളക്ഷൻ നേടിയിരുന്നു.
50 കോടി ബഡ്ജറ്റിൽ ടി സീരീസും,വയാകോം 18 സ്റ്റുഡിയോസും നിർമ്മിച്ച ചിത്രം ഇപ്പോൾ തന്നെ മുടക്കുമുതലിന്റെ ഇരട്ടിയാണ് തിരിച്ചു പിടിച്ചിരിക്കുന്നത്.ആൻറണി പെരുമ്പാവൂരും ആശിർവാദ് സിനിമാസും ചിത്രത്തിൻറെ സഹനിർമ്മാതാക്കളാണ്.
ദൃശ്യം 2 വിൻറെ റീമേക്കുകളിൽ ഹിന്ദി പതിപ്പ് മാത്രമാണ് തീയറ്ററിൽ റിലീസ് ചെയ്തിട്ടുള്ളത്. മലയാളം, തെലുങ്ക്,കന്നട പതിപ്പുകൾ എല്ലാം തന്നെ ഓ.ടി.ടി യിലാണ് റിലീസ് ചെയ്തിരുന്നത്.റിലീസിനു ശേഷമുള്ള ദിവസങ്ങളിൽ എല്ലാം തന്നെ ചിത്രത്തിന് വൻ തിരക്കാണ് തിയേറ്ററുകളിൽ അനുഭവപ്പെടുന്നത്.
മലയാളത്തിൽ മോഹൻലാൽ തകർത്തഭിനയിച്ച ജോർജുകുട്ടി എന്ന കഥാപാത്രമായി ഹിന്ദിയിൽ എത്തുന്നത് സൂപ്പർതാരം അജയ് ദേവ്ഗൺ ആണ്. ഹിന്ദിയിൽ ഈ കഥാപാത്രത്തിന്റെ പേര് വിജയ് സൽകനോകർ എന്നാണ്.ദൃശ്യം 2 വിലെ മറ്റൊരു പ്രധാന കഥാപാത്രമായ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്.
മലയാളത്തിൽ മീന അവതരിപ്പിച്ച റാണിയെ അവതരിപ്പിക്കുന്നത് ശ്രീയ ശരണാണ്.നന്ദിനി എന്നാണ് ഹിന്ദിയിൽ ഈ കഥാപാത്രത്തിന്റെ പേര്.ആശാ ശരത് അവതരിപ്പിച്ച ഐജി ഗീത പ്രഭാകറായി എത്തുന്നത് തബുവുമാണ്. വെറും ഏഴുദിവസം കൊണ്ടുതന്നെ 100 കോടി ക്ലബ്ബിലെത്തിയ ചിത്രം വൻ കളക്ഷനോടെ ബോളിവുഡിൽ റെക്കോർഡിഡും എന്നതിൽ സംശയമില്ല.