ഒരു പിടി മലയാള ചിത്രങ്ങളിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെ തന്റെ സാന്നിധ്യം അറിയിച്ച കലാകാരനാണ് സുബീഷ് സുധി.ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ മലയാള സിനിമ രംഗത്ത് ശ്രദ്ധിക്കപ്പെട്ട സുബീഷ് കലോത്സവ വേദികളിൽ നിന്നാണ് മലയാള സിനിമയിലേക്ക് എത്തുന്നത്.2006ൽ ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് സുബീഷിൻറെ സിനിമാ അരങ്ങേറ്റം.ഇപ്പോഴിതാ താരം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധ നേടുന്നത്.
18 വർഷങ്ങൾക്കു മുമ്പ് കണ്ണൂർ സർവ്വകലാശാല കലോത്സവത്തിൽ താൻ കലാപ്രതിഭ ആയപ്പോൾ തനിക്കൊപ്പം കലാതിലകം ആയ കെഎം അമ്പിളിക്ക് ഒപ്പമുള്ള പഴയ പത്രവാർത്തയും ഇപ്പോൾ അമ്പിളി കൈവരിച്ച ഒരു നേട്ടവുമാണ് പോസ്റ്റിന്റെ ആധാരം.കേരള സർക്കാരിൻറെ മികച്ച യുവ ശാസ്ത്രജ്ഞയ്ക്ക് ഉള്ള പുരസ്കാരമാണ് സുബീഷിന്റെ ഈ പഴയ കൂട്ടുകാരി ഇപ്പോൾ നേടിയത്.’ഇത് 18 വർഷങ്ങൾക്ക് മുമ്പേയുള്ള,എന്റെ കോളേജ് കാലഘട്ടത്തിൽ ഞാൻപോലും ഞെട്ടിപ്പോയ,ഞാൻ കലാപ്രതിഭയായ ഫോട്ടോയാണ്.കണ്ണൂർ സർവ്വകലാശാലാ കലാപ്രതിഭയായ ഫോട്ടോ.
ബുദ്ധിപരമായി വളരെ പിറകിൽ നിൽക്കുന്ന എന്റെ കൂടെ അന്ന് കലാതിലകമായത് ഇത്രയധികം ബുദ്ധിയുള്ള ഒരാളാണെന്ന് ഞാൻ അറിഞ്ഞില്ല.കെഎം അമ്പിളി.അന്ന് എന്റെ പഠനകാലത്ത് ഫിസിക്സ് പഠിച്ച പെൺകുട്ടി ഇന്ന് കേരളത്തിലെ യംഗ് സൈന്റിസ്റ്റിനുള്ള കേരള സർക്കാറിന്റെ അവാർഡ് നേടിയിരിക്കുന്നു.ഇന്ന് ഫേസ്ബുക്കിൽ ജസ്ന ദീപേഷ് എന്ന പെൺകുട്ടി എനിക്ക് അയച്ചുതന്ന ഈ ഫോട്ടോ ഞാനിവിടെ പങ്കുവയ്ക്കുന്നു’.ഇത്തരത്തിലായിരുന്നു സുബീഷ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്.തൻറെ കൂട്ടുകാരിയുടെ ഈ നേട്ടത്തിലുള്ള അഭിമാനവും സന്തോഷവും സുബീഷിന്റെ വാക്കുകളിൽ കാണാനാകുന്നു.
അടുത്തിടെ സംവിധായകൻ ലാൽ ജോസ് സുബീഷ് നായകനാകാൻ ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവിട്ട് രംഗത്തുവന്നിരുന്നു.നീണ്ട 16 വർഷങ്ങൾ ആയുള്ള സിനിമ ജീവിതത്തിൽ വലിയൊരു വഴിത്തിരിവിൽ സുബീഷ് എത്തിയിരിക്കുന്നു എന്നാണ് ലാൽ ജോസ് കുറിപ്പിൽ പറഞ്ഞത്. ക്ലാസ്മേറ്റ്സിലൂടെ മലയാള സിനിമയിലേക്ക് സുബീഷിനെ കൈപിടിച്ചു കൊണ്ടുവരുവാൻ സാധിച്ച വ്യക്തി എന്ന നിലയിൽ ഈ വേളയിലും ഞാൻ വളരെയധികം സന്തോഷിക്കുന്നു. ലാൽ ജോസ് പറയുന്നു.രഞ്ജിത്ത് പൊതുവാള്,രഞ്ജിത്ത് ടി വി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുബീഷ് സുധി നായകനായി എത്തുന്നത്.